Vicharam

സ്വാതന്ത്ര്യത്തിന്റെ യാഥാര്‍ത്ഥ്യം

ഭീകരത നടമാടിയ കശ്മീര്‍ ജനാധിപത്യത്തിന്റെയും വികസനത്തിന്റെയും വസന്തകാലത്തിലേക്ക് നടന്നു. ശാരദാപീഠം പുനര്‍ജനിച്ചു. കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴി തുറന്നു. ജമ്മുവില്‍ രഘുനാഥ് ക്ഷേത്രത്തില്‍ മഹാ ആരതി നടന്നു. ആര്‍ട്ടിക്കിള്‍ 370ല്‍ നിന്ന് ആ നാടിനെ മോചിപ്പിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ അഷ്ടലക്ഷ്മി മഹോത്സവം കൊണ്ടാടി. ശ്രീമത് ശങ്കരേേദവന്റെയും ലചിത്ബര്‍ഫുക്കന്റെയും റാണി ഗൈഡിന്‍ല്യൂവിന്റെയും കഥകള്‍ നാടേറ്റുപാടി. സ്വതന്ത്ര ഭാരതം സ്വന്തം തനിമയില്‍ ഉയിര്‍ക്കുകയായിരുന്നു.

”പൗഷ ശുക്ല ദ്വാദശിക്ക് പ്രതിഷ്ഠാ ദ്വാദശി എന്ന് പുതിയ പേര് വന്നിരിക്കുന്നു. വൈകുണ്ഠ ഏകാദശി, വൈകുണ്ഠ ദ്വാദശി എന്ന് നമ്മള്‍ മുമ്പ് പറഞ്ഞിരുന്നു. ഇനി പ്രതിഷ്ഠാ ദ്വാദശി എന്ന് ഈ ദിവസം അറിയപ്പെടും. അനേക നൂറ്റാണ്ടുകളുടെ പരതന്ത്രതയെ നേരിട്ട ഭാരതത്തിന്റെ ശരിയായ സ്വാതന്ത്ര്യം പ്രതിഷ്ഠിതമായത് ഈ ദിവസമാണ്. സ്വാതന്ത്ര്യം ലഭിച്ചിരുന്നു, എന്നാല്‍ അത് സ്ഥാപിക്കപ്പെട്ടിരുന്നില്ല. ആഗസ്ത് 15 ന് ഭാരതത്തിന് രാഷ്‌ട്രീയ സ്വാതന്ത്ര്യം ലഭിച്ചു. നമ്മുടെ ഭാഗധേയം നമ്മുടെ കരങ്ങളിലായി. നമ്മുടെ തനിമയില്‍ നിന്ന് ഉയിര്‍ക്കൊണ്ട സവിശേഷ കാഴ്ചപ്പാടോടെ ഒരു ഭരണഘടനയും രൂപം കൊണ്ടു. അത് രാജ്യത്തിന് വഴികാട്ടി. എന്നാല്‍ അതിന്റെ ഭാവം ഉള്‍ക്കൊണ്ട് നമുക്ക് മുന്നോട്ടുപോകാനായില്ല.

‘പിന്നെങ്ങനെ നമ്മുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിച്ചു എന്ന് പറയാനാകും? നമ്മുടെ എല്ലാ വ്യഥകളും നീങ്ങിയെന്ന് എങ്ങനെ അംഗീകരിക്കും?’

ഇതാണ് സമാജത്തിന്റെ അവസ്ഥ. സ്വ ആധാരിതമായ സ്വാതന്ത്ര്യം ഭരണ ഘടനയില്‍ ലിഖിത രൂപത്തിലുണ്ട്. എന്നാല്‍ മനസില്‍ നാം അത് ഉറപ്പിച്ചില്ല. എന്താണ് നമ്മുടെ തനിമ? രാമകൃഷ്ണശിവന്മാര്‍ കേവലം ദേവീ ദേവന്മാരാണോ? വിശേഷ പൂജയ്‌ക്ക് പാത്രമാകേണ്ടവര്‍ മാത്രമാണോ ? അങ്ങനെയല്ല. രാമന്‍ വടക്ക് മുതല്‍ തെക്ക് വരെ ഭാരതത്തെ സംയോജിപ്പിച്ചു. കൃഷ്ണന്‍ പടിഞ്ഞാറിനെയും കിഴക്കിനെയും ഒരുമിപ്പിച്ചു. ശിവനാകട്ടെ ഈ രാഷ്‌ട്രത്തിന്റെ ഓരോ അണുവിലും നിറഞ്ഞു നില്‍ക്കുന്നു.”

ഇന്‍ഡോറില്‍ ലോകമാതാ അഹല്യാബായ് ഹോള്‍ക്കര്‍ പുരസ്‌കാരം ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിക്ക് നല്‍കി ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത് നടത്തിയ പ്രസംഗത്തിലെ ഈ വാചകങ്ങളാണ് ഒരു വിഭാഗം മാധ്യമങ്ങളും ജോര്‍ജ് സോറോസ് ഫാന്‍സും രാജ്യവിരുദ്ധമെന്ന് ആരോപിച്ച് ഓരിയിടുന്നത്. ആര്‍എസ്എസിനും ബിജെപിക്കും ഇന്ത്യന്‍ സ്റ്റേറ്റിനുമെതിരെ പോരാടാന്‍ പ്രതിജ്ഞ ചെയ്തിരിക്കുന്ന പ്രതിപക്ഷനേതാവാണ് ഓരിയിടല്‍ സംഘത്തിന് നേതൃത്വം നല്കുന്നത്.

സ്വാതന്ത്ര്യത്തെക്കുറിച്ചും രാഷ്‌ട്രത്തെക്കുറിച്ചും ഈ നാടിന്റെ തനത് ജീവിതരീതിയെക്കുറിച്ചും ഇനിയും ധാരണയില്ലാത്തവരാണ് സര്‍സംഘചാലകന്റെ വാക്കുകള്‍ക്ക് മേല്‍ പുതിയ വ്യാഖ്യാനം ചമയ്‌ക്കുന്നത്. നൂറ് വര്‍ഷം മുമ്പ് ആര്‍എസ്എസ് രൂപം കൊള്ളുന്നത് തന്നെ രാഷ്‌ട്രത്തിന്റെ ചിരന്തനമായ സ്വാതന്ത്ര്യത്തെ മുന്‍നിര്‍ത്തിയാണ്. ഒന്നിന് പിറകെ ഒന്നായി കടന്നുവന്ന അക്രമികള്‍ക്കുമുന്നില്‍ അടിയറവ് പറഞ്ഞ് അടിമത്തം പേറേണ്ടി വന്ന ഒരു ജനതയെയാണ് പോയ ഒരു നൂറ്റാണ്ട് കാലം കൊണ്ട് സംഘം അതിന്റെ നിശബ്ദമായ പ്രവര്‍ത്തനത്തിലൂടെ തട്ടി ഉണര്‍ത്തിയത്.

സംഘടിക്കുക അല്ലാതെ സ്വാതന്ത്ര്യം നിലനിര്‍ത്തുക സാധ്യമല്ലെന്ന ഉറച്ച ബോധ്യത്തിലാണ് സംഘം മുന്നോട്ടു നീങ്ങിയത്. തുടര്‍ച്ചയായി അടിമത്തത്തിന് വഴങ്ങി, പാരതന്ത്ര്യം വിധികല്പിതമാണ് തായേ എന്ന് വിലപിച്ചു കഴിഞ്ഞ ഒരു ജനതയ്‌ക്ക് സ്വന്തം തനിമയെക്കുറിച്ചുള്ള അഭിമാനം പകരുകയായിരുന്നു ആദ്യ ദൗത്യം. ഭാരതം അമ്മയും നമ്മള്‍ ആ അമ്മയുടെ മക്കളുമെന്ന ഉജ്ജ്വലഭാവനയില്‍ അമ്മയ്‌ക്കുമേലേല്ക്കുന്ന ഓരോ പ്രഹരത്തെയും ഉണര്‍ന്ന സമൂഹം ചോദ്യം ചെയ്തു. ഒരു കാലത്തും സംഘടിക്കില്ലെന്ന് പലരും പരിഹസിച്ച ഹിന്ദുസമൂഹം ഭാരതമാസകലം ഒരുമിച്ചു. അനേകായിരം സാധനാസ്ഥാനങ്ങളിലൂടെ കളിച്ചും ചിരിച്ചും വിയര്‍ത്തും ഹൃദയങ്ങള്‍ കോര്‍ത്ത് ഒരു മഹാസംഘടന പിറന്നു. എണ്ണമറ്റ വീരന്മാര്‍, സമരപോരാളികള്‍ ജീവന്‍ കൊടുത്തുനേടിയെടുത്ത സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാന്‍ കെല്പുള്ള ഒരു തലമുറയെ ആര്‍എസ്എസ് വളര്‍ത്തിയെടുത്തു. ഹിന്ദുത്വം തന്നെയാണ് ദേശീയത എന്ന് അവര്‍ ഉറക്കെ വിളിച്ചുപറഞ്ഞു. സമസ്തജീവരാശികളുടെയും സുഖത്തിനായി പ്രാര്‍ത്ഥിച്ച ഉദാത്തമായ ഹിന്ദു ജീവിതരീതിയിലേക്ക് ലോകത്തെയാകെ ആകര്‍ഷിക്കും വിധം മുന്നേറ്റങ്ങളുടെ തുടര്‍ച്ച സൃഷ്ടിച്ചു. ഭാരതത്തെ കൊള്ളയടിക്കുകയും അടിമത്തത്തിലാക്കുകയും ചെയ്ത അധിനിവേശ ശക്തികള്‍ അവശേഷിപ്പിച്ച അപമാനത്തിന്റെ അടയാളങ്ങള്‍ ഒന്നൊന്നായി അവര്‍ തുടച്ചുനീക്കി. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കപ്പുറം നിന്ന് അഭിമാനത്തിന്റെയും അടങ്ങാത്ത ധൈര്യത്തിന്റെയും പ്രതീകങ്ങള്‍ ഉയിര്‍ത്തെണീറ്റു.

രാമക്ഷേത്രത്തിലൂടെ രാഷ്‌ട്ര ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ സംഭവിച്ചു. യോഗയും ധ്യാനവും ലോകത്തിനാകെ പ്രിയപ്പെട്ടതായി. വസുധൈവ കുടുംബകം എന്ന മന്ത്രം ലോകരാജ്യങ്ങള്‍ സ്വീകരിച്ചു. എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന സനാതന ഹിന്ദു ജീവിത ധര്‍മ്മം എല്ലാ വെല്ലുവിളികളെയും മറികടന്ന് വിശ്വജനതയുടെ പ്രതീക്ഷയായി മാറി.

ആത്മവിസ്മൃതിയുടെയും പരാനുകരണത്തിന്റെയും ചാരം മൂടിക്കിടന്ന സംസ്‌കൃതിയുടെ കനലുകള്‍ തനിമ തിരിച്ചറിഞ്ഞ ജനതയുടെ നിത്യതപസിനാല്‍ ജ്വലിച്ചുണരുകയാണ്. രാജ്യം സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ പ്രഥമ രാഷ്‌ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് ലോകാര്‍പ്പണം ചെയ്ത പവിത്രമായ സോമനാഥക്ഷേത്രത്തിന്റെ ഉന്നത മകുടങ്ങള്‍ എന്താണ് സ്വാതന്ത്ര്യത്തിന്റെ പ്രതിഷ്ഠാപനം എന്ന് സംശയാലുക്കള്‍ക്ക് പറഞ്ഞുതരും.

അമൃതോത്സവ വര്‍ഷത്തിലെ വിജയദശമി ദിനത്തില്‍ നാഗ്പൂരിലെ രേശിംഭാഗില്‍ നടത്തിയ പ്രഭാഷണത്തില്‍ സര്‍സംഘചാലക് ഇതേ ആശയം കൂടുതല്‍ വ്യക്തമായി പറഞ്ഞതാണ്. ‘സ്വാധീനതാ സേ സ്വാതന്ത്ര്യ കി ഓര്‍’ എന്ന ആ പ്രഖ്യാപനത്തിന്റെ അന്തസത്ത സ്വാതന്ത്ര്യം എന്ന പദത്തിന്റെ അനുഭൂതിയെ കുറിക്കുന്നതായിരുന്നു. രാജ്യം അക്കാലത്താണ് തമസ്‌കരിക്കപ്പെട്ടുപോയ സ്വാതന്ത്ര്യവീരനായകരെക്കുറിച്ച് കേട്ടറിഞ്ഞത്. അപ്പോഴേക്ക് സ്വതന്ത്രഭാരതം എഴുപത്തഞ്ചാണ്ട് പിന്നിട്ടിരുന്നു. സ്വാതന്ത്ര്യസമരമെന്നത് ഒരു കുടുംബക്കാരുടെ ദാനമാണെന്ന സ്വാര്‍ത്ഥരാഷ്‌ട്രീയക്കാരുടെ കുഴലൂത്ത് അവസാനിക്കുകയും മണ്‍മറഞ്ഞ വീരസ്മൃതികളത്രയും സടകുടഞ്ഞുണരുകയും ചെയ്തു. മലനിരകളിലും വനമേഖലകളും തീരദേശങ്ങളുമടക്കം ഈ ഭാരതഭൂമിയുടെ എല്ലാ കോണിലും ഉയര്‍ന്ന സമരകാഹളങ്ങള്‍ ചരിത്രരേഖകളായിത്തന്നെ പുനര്‍ജനിച്ചു. ജനജാതി ഗൗരവദിവസവും വീര്‍ ബാലദിനവും രാജ്യം ഏറ്റെടുത്തു. രാജ്യം ഒറ്റക്കെട്ടായി നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ വീരസ്മൃതികളില്‍ ഓരോ വീടും ത്രിവര്‍ണമണിഞ്ഞു. ഭാരതം സ്വാതന്ത്ര്യത്തിന്റെ അനുഭൂതി നുകരാന്‍ തുടങ്ങുകയായിരുന്നു.

ഭീകരത നടമാടിയ കശ്മീര്‍ ജനാധിപത്യത്തിന്റെയും വികസനത്തിന്റെയും വസന്തകാലത്തിലേക്ക് നടന്നു. ശാരദാപീഠം പുനര്‍ജനിച്ചു. കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴി തുറന്നു. ജമ്മുവില്‍ രഘുനാഥ് ക്ഷേത്രത്തില്‍ മഹാ ആരതി നടന്നു. ആര്‍ട്ടിക്കിള്‍ 370ല്‍ നിന്ന് ആ നാടിനെ മോചിപ്പിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ അഷ്ടലക്ഷ്മി മഹോത്സവം കൊണ്ടാടി. ശ്രീമത് ശങ്കരേേദവന്റെയും ലചിത്ബര്‍ഫുക്കന്റെയും റാണി ഗൈഡിന്‍ല്യൂവിന്റെയും കഥകള്‍ നാടേറ്റുപാടി. സ്വതന്ത്ര ഭാരതം സ്വന്തം തനിമയില്‍ ഉയിര്‍ക്കുകയായിരുന്നു.

എന്റെ നാടെന്ന് അഭിമാനമായ്‌ച്ചൊല്ലുവാന്‍ സ്വന്തമായൊന്നുമില്ലാത്ത തലമുറയെ വാര്‍ക്കുന്ന പള്ളിക്കൂടപ്പഠിപ്പാണ് പോയ എഴുപത്തഞ്ചാണ്ട് നാം കൊണ്ടു നടന്നത്. ആ കാലം പോയ് മറയുകയാണ്. നാം നമ്മുടെ തനിമയിലുണരുന്നു. ഭാരതം വീണ്ടും രത്‌നഗര്‍ഭയാകുന്നു. കാര്‍ഷികഗ്രാമങ്ങള്‍ സമൃദ്ധിയിലേക്ക് കുതിക്കുന്നു. പ്രശ്‌നപരിഹാരങ്ങള്‍ക്കായി ലോകം ഭാരതത്തിലേക്ക് കണ്‍പാര്‍ക്കുന്നു. അധിനിവേശത്തിന്റെ അടയാളങ്ങളെല്ലാം കുടഞ്ഞെറിഞ്ഞ് ഒരു നാട് സ്വാഭിമാനത്തിലേക്ക്, സ്വത്വാഭിമാനത്തിലേക്ക് നടന്നുകയറുന്നതിന്റെ മഹാപ്രഖ്യാപനമാണ് 2024 ജനുവരി 22 പൗഷമാസത്തിലെ ശുക്ലപക്ഷ ദ്വാദശിയില്‍ അയോദ്ധ്യയില്‍ നടന്നത്. അഞ്ച് നൂറ്റാണ്ടിലേറെക്കാലം തുടര്‍ന്ന സ്വാതന്ത്ര്യപോരാട്ടം സാര്‍ത്ഥകമായ ദിനമായിരുന്നു അത്.

രാമക്ഷേത്രം രാഷ്‌ട്ര ക്ഷേത്രമാണെന്ന ആചാര്യന്മാരുടെ പ്രഖ്യാപനത്തില്‍ ആ സുദീര്‍ഘമുന്നേറ്റത്തിന്റെ ആദര്‍ശം വ്യക്തമാണ്. രാമക്ഷേത്രത്തിനായി രാജ്യമൊട്ടാകെ നടന്നത് സമരമല്ല, യജ്ഞമാണെന്ന സര്‍സംഘചാലകന്റെ പ്രസ്താവത്തില്‍ അതിന് പിന്നിലെ സമര്‍പ്പണമുണ്ട്. രാമജന്മഭൂമി മുക്തിയജ്ഞസമിതി എന്നായിരുന്നല്ലോ ആ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ച പ്രസ്ഥാനത്തിന് പേര്.

എന്നാല്‍ സ്വാര്‍ത്ഥ രാഷ്‌ട്രീയ തിമിരം ബാധിച്ചവര്‍ക്ക് ഇതൊന്നും കാണാനാവില്ല. അവര്‍ ഇപ്പോഴും ഇരുട്ടിലാണ്. വിവാദങ്ങള്‍ തിന്ന് ഉപജീവനം കഴിക്കുകയാണ്. അധികാരാര്‍ത്തിപൂണ്ട് കണ്ണുകാണാതായിപ്പോയ കുടുംബാധിപത്യരാഷ്‌ട്രീയക്കാരന്റെ അടുക്കളത്തിണ്ണയില്‍ ഉദയാസ്തമയങ്ങള്‍ കഴിക്കുന്ന അത്തരക്കാരെ അവരുടെ വഴിക്ക് വിടുക. പൊട്ടിപ്പോയ തുടല്‍ വീണ്ടും കഴുത്തിലണിഞ്ഞ് അവര്‍ അടിമത്തത്തിന്റെ സുഖം നുകര്‍ന്ന് കൂര്‍ക്കം വലിക്കട്ടെ. അവര്‍ക്ക് നേരം വെളുക്കാന്‍ കാലം വൈകും. രാജ്യത്തിന് മുന്നോട്ടുപോയേ പറ്റൂ. അമൃതകാലത്തിലേക്കാണ് ഓരോ ചുവടും. രാഷ്‌ട്രത്തിന്റെ പരമവൈഭവം സ്വപ്‌നംകണ്ട ഒരു ജനതതി ശരിയായ സ്വാതന്ത്ര്യാനുഭൂതി നുകര്‍ന്ന് ലോകത്തിന് ശാന്തിയുടെയും സമൃദ്ധിയുടെയും വഴി കാട്ടാനുള്ള യാത്രയിലാണ്. ശ്രേഷ്ഠമായ പാരമ്പര്യത്തിന്റെ, അഭിമാനകരമായ ഭൂതകാലത്തിന്റെ ചിറകില്‍ സമൃദ്ധഭാവിയിലേക്കാണ് ഈ യാത്ര.

9495544672

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക