സൂററ്റ് : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സ്കൂൾ വൈസ് പ്രിൻസിപ്പൽ പിടിയിൽ. ബറൂച്ച് ജില്ലയിലെ സെന്റ് സേവ്യേഴ്സ് സ്കൂൾ വൈസ് പ്രിൻസിപ്പൽ പാസ്റ്റർ കമലേഷിനെയാണ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭറൂച്ച് ബി ഡിവിഷൻ പോലീസ് പ്രതിയായ പുരോഹിതനെതിരെ പോക്സോ സെക്ഷൻ 6, 10, 12, ഐപിസി സെക്ഷൻ 376, 376(2)(എൻ), 376(3) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കോളേജിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് സെന്റ് സേവ്യേഴ്സ് സ്കൂളിലെ വൈസ് പ്രിൻസിപ്പൽ പാസ്റ്റർ കമലേഷ് റാവൽ അറസ്റ്റിലായിരിക്കുന്നത്.
സെന്റ് സേവ്യേഴ്സ് സ്കൂളിൽ പഠിക്കുമ്പോഴാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗിക പീഡനം നടന്നതെന്ന് ആരോപിക്കപ്പെടുന്നു. 2022 നും 2024 നും ഇടയിൽ രണ്ട് വ്യത്യസ്ത സന്ദർഭങ്ങളിൽ തങ്ങളുടെ മകൾ പീഡനത്തിന് ഇരയായതായി ഇരയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. പരാതി പ്രകാരം രണ്ട് അവസരങ്ങളിലും അന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന മകളെ പാസ്റ്റർ കമലേഷ് തന്റെ ഓഫീസിലേക്ക് വിളിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.
പ്രതി തന്നെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്ന് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനി ആരോപിച്ചു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ സ്കൂളിൽ നിന്ന് പുറത്താക്കുമെന്ന് അയാൾ ഭീഷണിപ്പെടുത്തി. ഇക്കാരണത്താൽ സ്കൂളിൽ നിന്ന് പുറത്താക്കുമെന്നും മാനം നഷ്ടപ്പെടുമെന്നും ഭയന്ന് പെൺകുട്ടി മൗനം പാലിക്കാൻ തുടങ്ങി.
പിന്നീട് രണ്ടാമത്തെ സംഭവം നടന്നത് 2024 ഡിസംബറിലാണ്. ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളെ ഒരു സ്കൂൾ പ്രോഗ്രാമിലേക്ക് ക്ഷണിച്ചപ്പോഴായിരുന്നു പീഡനം നടന്നത്. പരിപാടിക്ക് ശേഷമാണ് പ്രതി വീണ്ടും പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പാസ്റ്റർ കമലേഷ് തന്നോട് വീണ്ടും ശാരീരിക ബന്ധത്തിന് ആവശ്യപ്പെട്ട് വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ അയച്ചതായും ഇര ആരോപിച്ചു. തുടർന്ന് പെൺകുട്ടി കുടുംബത്തെ അറിയിക്കുകയും പോലീസ് സ്റ്റേഷനിൽ പോയി പരാതി നൽകുകയുമായിരുന്നു.
അതേസമയം സമാനമായ പീഡനത്തിന് മറ്റേതെങ്കിലും വിദ്യാർത്ഥി ഇരയായിട്ടുണ്ടോ എന്ന് കണ്ടെത്താൻ പോലീസ് കുറ്റാരോപിതനായ പാസ്റ്ററുടെ ഫോൺ പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക