ധാക്ക: ബംഗ്ലാദേശിന്റെ മുഖ്യവരുമാന മാര്‍ഗ്ഗങ്ങളില്‍ ഒന്നായ വസ്ത്ര-തുണി നിര്‍മ്മാണരംഗം പൂര്‍ണ്ണ സ്തംഭനത്തിലേക്ക്. ബംഗ്ലാദേശ് മതഭ്രാന്തിന്റെ കലിമൂത്ത് തുലച്ചുകളയുന്ന അവസരം നേട്ടമാക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ഇതോടെ വിദേശക്കമ്പനികള്‍ തുണിയ്ക്കും വസ്ത്രങ്ങള്‍ക്കും ഇന്ത്യയെ ആശ്രയിച്ചുതുടങ്ങിയിരിക്കുന്നു.കലാപത്തിന് മുന്‍പ് വരെ മാസം തോറും 350 കോടി ഡോളര്‍ വരെ കയറ്റുമതി നേടിയിരുന്നവരാണ് ബംഗ്ലാദേശ്. പക്ഷെ ഇപ്പോഴത് സ്തംഭിച്ച സ്ഥിതിയിലാണ്. ബംഗ്ലാദേശില്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ നിര്‍മ്മിച്ച ടാറ്റയുടെ ട്രെന്റ് ഉള്‍പ്പെടെയുള്ള വന്‍ കമ്പനികള്‍ ഹോങ്കോങ്ങിലേക്കും തായ്ലാന്റിലേക്കും നീങ്ങുകയാണ്. ഇമാ അത്തെ ഇസ്ലാമി വിദ്യാര്‍ത്ഥി വിഭാഗം നടത്തിയ കലാപത്തെതുടര്‍ന്ന് തുണി-റെഡിമെയ്ഡ് മേഖലയ്ക്ക് മാത്രമായി ഏകദേശം 81 കോടി ഡോളറിന്റെ നഷ്ടം ബംഗ്ലാദേശിനുണ്ടായി എന്നാണ് കണക്കുകള്‍.
പുതിയ സാധ്യത കണക്കിലെടുത്ത് തുണി-വസ്ത്ര നിര്‍മ്മാണരംഗത്തെ കമ്പനികള്‍ക്ക് സഹായവാഗ്ദാനവുമായി കേന്ദ്ര സര്‍ക്കാരും രംഗത്തെത്തുകയാണ്. പുതിയ ബജറ്റില്‍ തുണിക്കും വസ്ത്രനിര്‍മ്മാണത്തിനും ആവശ്യമായ അസംസ്കൃത സാധാനങ്ങള്‍ക്ക് സബ്സിഡി നല്കാന് തീരുമാനിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ബജറ്റില്‍ ടെക്സ്റ്റൈല്‍ മേഖലയ്ക്കായി 4417 കോടി രൂപ കഴിഞ്ഞ വര്‍ഷം നീക്കിവെച്ച കേന്ദ്രസര്‍ക്കാര്‍ ഇക്കുറി 10 മുതല്‍ 15 ശതമാനം വരെ അധിക തുക അനുവദിക്കും. കൂടുതല്‍ തുണിയും വസ്ത്രങ്ങളും നിര്‍മ്മിക്കുന്നവര്‍ക്ക് ഉല്പാദനം കൂട്ടുന്നതിനനുസരിച്ച് സാമ്പത്തികസൗജന്യങ്ങളും കേന്ദ്രം വാഗ്ദാനം ചെയ്യും. ഇപ്പോള്‍ പിഎല്‍ഐ സ്കീമില്‍ 45 കോടി രൂപ നീക്കിവെയ്ക്കുന്നുവെങ്കില് അത് 60 കോടി രൂപയാക്കി ഉയര്‍ത്തും. പോളിസ്റ്റര്‍, വിസ്കോസ് ഫൈബര്‍, ടെക്സൈറ്റല്‍ മേഖലയില്‍ ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ എന്നിവയ്ക്ക് തീരുവ കുറയ്ക്കുക വഴി വില കുറക്കാനും കേന്ദ്രം ഉദ്ദേശിക്കുന്നു.
നിരവധി യുഎസ് കമ്പനികള്‍ അവരുടെ ഓര്‍ഡറുകള്‍ ഇന്ത്യയ്ക്ക് നല്‍കുകയാണ്. ഇന്ത്യയിലെ തുണി-വസ്ത്രനിര്മ്മാണക്കമ്പനികള്ക്ക് നിന്നു തിരിയാന്‍ നേരമില്ലാത്ത സ്ഥിതിയാണെന്ന് അപ്പാരല്‍ എക്സ്പോര്‍ട്ട് പ്രൊമോഷന് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ മിഥിലേശ്വര്‍ താക്കുര്‍ പറയുന്നു.
ബംഗ്ലാദേശിലെ തുണി-വസ്ത്ര നിര്‍മ്മാണഫാക്ടറികള്‍ എല്ലാം അടച്ചുപൂട്ടലിന്റെ വക്കിലാണ്. മതഭ്രാന്തും ന്യൂനപക്ഷസമുദായങ്ങളോടുള്ള പകയും ഷേഖ് ഹസീനയുടെ പാര്‍ട്ടിക്കാരോടുള്ള വിദ്വേഷവും മാത്രം ജീവിതവ്രതമാക്കിയിരിക്കുകയാണ് സമൂഹത്തില്‍ കലാപം അഴിച്ചുവിട്ട ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍.
ഈ സാഹചര്യത്തില്‍ ബംഗ്ലാദേശിന്റെ തുണിക്കയറ്റുമതി ഇല്ലാതായ വിടവ് നികത്താന്‍ ശ്രമിക്കുകയാണ് ഇന്ത്യ. ഇന്ത്യയിലെ ടെക്സ്റ്റൈല്‍-റെഡിമെയ്ഡ് ഫാക്ടറികള്‍ കൂടുതല്‍ ഉല്പാദനം നടത്തി യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുകയാണ്. ഭാവിയില്‍ ബംഗ്ലാദേശ് സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോള്‍ ടെക്സ്റ്റൈല്‍ കയറ്റുമതിയില്‍ ഇന്ത്യ കരുത്തരാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: