പ്രയാഗ് രാജ് : കാവി വസ്ത്രം ധരിച്ച് കർശനമായ ആചാരങ്ങളും കഠിന തപസ്സും അനുഷ്ഠിക്കുന്ന സ്ത്രീ സന്യാസിനികളാണ് സ്ത്രീ നാഗസാധുക്കൾ എന്നറിയപ്പെടുന്നത്. സ്ത്രീകള്‍ ആയതിനാല്‍ ഇവരെ നാഗസാധ്വികള്‍ എന്നും വിളിക്കും. പുരുഷ നാഗസാധുക്കളെ നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷെ സ്ത്രീ നാഗസാധ്വികള്‍ കൂടുതല്‍ മാധ്യമ ശ്രദ്ധയാകര്‍ഷിക്കപ്പെടുന്നത് ഈ മഹാകുംഭമേളയ്‌ക്കാണ്. ഇവര്‍ക്കും കുംഭമേളയില്‍ പുരുഷ സാധുക്കളെപ്പോലെ തന്നെ പ്രാധാന്യമുണ്ട്.
പക്ഷെ നഗ്നരായ സ്ത്രീനാഗസാധ്വികള്‍ ഇല്ല. പുരുഷന്മാരില്‍ മാത്രമാണ് ദിഗംബരരായ (ദിക്കിനെ വസ്ത്രമാക്കി, നൂല്‍ബന്ധമില്ലാതെ നടക്കുന്ന സന്യാസിമാര്‍) സന്യാസിമാര്‍ ഉള്ളൂ. സ്ത്രീകളില്‍ ഇല്ല. പക്ഷെ ചര്യകളുടെ കാര്യത്തില്‍ പുരുഷ നാഗസാധുക്കളെപ്പോലെ കര്‍ശന പരീക്ഷണങ്ങളിലൂടെയും ധ്യാനത്തിലൂടെയും സ്ത്രീ നാഗസാധുക്കളും കടന്നുപോകണം. ഭൗതികമായ എല്ലാ സുഖ സൗകര്യങ്ങളും ഉപേക്ഷിച്ച് പൂർവ്വാശ്രമ ബന്ധങ്ങള്‍ പോലും അറുത്തെറിഞ്ഞ് വേണം ഒരു സ്ത്രീക്ക് നാഗസാധു എന്ന ഘട്ടത്തിലേക്ക് എത്താൻ. ശിവഭക്തിയാണ് ഇവരുടെ പ്രാണന്‍. ശിവഭക്തിയില്‍ സദാലയിച്ചുകഴിയുന്നവര്‍. ഒരുതരം ശിവഭക്തിലഹരി എന്ന് തന്നെ പറയാം.
ത്രിശൂലമേന്തിയ, ജഢാധാരിണികളുമായ സാധ്വികള്‍ ലൈംഗിക സുഖങ്ങള്‍ പൂര്‍ണ്ണമായും വെടിഞ്ഞ് ബ്രഹ്മചര്യം പാലിക്കണം എന്നതാണ് പ്രധാനവ്യവസ്ഥ. ഭക്ഷണം ഉള്‍പ്പെടെ ജീവിതത്തിലെ ഭൗതിക സുഖങ്ങള്‍ ഒന്നിനോടും താല്പര്യമുണ്ടാകില്ല. പൊതുസമൂഹത്തില്‍ നിന്നും ഏറെ അകന്ന് പ്രത്യേകമായ ആശ്രമാന്തരീക്ഷത്തില്‍ കൂട്ടമായി വസിക്കുന്നവരാണ്. മുടി ജഢകെട്ടിയവരായിരിക്കും. ത്രിശൂലമേന്തിയവരും ഉണ്ട്. നല്ല പോരാളികളും ആയിരിക്കും. നിര്‍ഭയകള്‍.
തയ്യലുകൾ ഇല്ലാത്ത കാവി വസ്ത്രം ആണ് ഇവരുടെ വേഷം. ഈ വേഷത്തെ ‘ഗന്തി’ എന്നും വിളിക്കും. ഒരു നാഗ സാധുവാകാൻ അവർക്ക് കഠിനമായ ഒരു പരീക്ഷണം വിജയിക്കേണ്ടതുണ്ട്. ഒരു നാഗ സാധുവോ സന്യാസിനിയോ ആകാൻ, 10 മുതൽ 15 വർഷം വരെ കർശനമായ ബ്രഹ്മചര്യവും ധ്യാനങ്ങളും മന്ത്രങ്ങളും പോലെയുള്ളവയും നിഷ്ഠകളും പാലിച്ച ശേഷമാണ് നാഗസന്യാസിനി പദവിയിലേക്ക് എത്താന്‍ സാധിക്കൂ.
നാഗ സാധുവാകാൻ യോഗ്യതയുള്ളയാൾ ആണെന്നും ദൈവത്തിന് സമർപ്പിക്കപ്പെട്ടെന്നും ഗുരുവിനെ ബോധ്യപ്പെടുത്താനും സാധിക്കണം. ഇതിനുശേഷം നാഗ സാധുവാകാൻ ഗുരു അനുവാദം നൽകുന്നതാണ്. കർശന ചിട്ടകൾ പാലിച്ച് ജീവിക്കുന്ന സ്ത്രീ നാഗസാധുക്കളെ അമ്മമാർ എന്നാണ് ഋഷിമാരും സന്യാസിമാരും പോലും വിളിക്കാറുള്ളത്.
പിണ്ഡദാനം നടത്തി അതുവരെ നയിച്ചുവന്ന ഭൗതിക ജീവിതത്തിൽ നിന്നും പൂർണ്ണമായും മുക്തി നേടിയ ശേഷമാണ് ഒരു സ്ത്രീ നാഗസാധു ആകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങേണ്ടത്. തുടർന്ന് പുണ്യനദിയിൽ സ്നാനം നടത്തിയ ശേഷം ദീക്ഷ ആരംഭിക്കുന്നു. ഗുഹകളിലോ ആശ്രമങ്ങളിലോ ആയിരിക്കും ഇവരുടെ താമസം.
ഓരോ സ്ത്രീ നാഗസാധുക്കളും ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന് ശിവ സ്തോത്രങ്ങൾ ജപിച്ചു കൊണ്ടാണ് ദിവസം ആരംഭിക്കുന്നത്. വൈകുന്നേരം ദത്താത്രേയ ആരാധനയും നാഗസാധുക്കളുടെ പതിവാണ്. അഖാരയിലെ സ്ത്രീ നാഗ സാധുക്കളെ മായ്, അവധൂതനി, നാഗിൻ എന്നിങ്ങനെയുള്ള പേരുകളിലാണ് വിശേഷിപ്പിക്കാറുള്ളത്. മഹാ കുംഭമേളയിൽ ത്രിവേണി സംഗമ സ്നാനത്തിൽ സ്ത്രീ നാഗസാധുക്കളും പങ്കെടുക്കും.
എന്തിനാണ് നാഗസാധ്വികള്‍ കുംഭമേകള്‍ക്ക് എത്തുന്നത് ?
തണുപ്പും മഞ്ഞും വകവെയ്‌ക്കാതെയാണ് ദൂരെയുള്ള കുന്നിന്‍മുകളിലെ ആശ്രമാന്തരീക്ഷത്തില്‍ നിന്നും വനിതാ നാഗസാധ്വികള്‍ കുംഭമേളയ്‌ക്ക് എത്തുന്നത്. പ്രയാഗ് രാജ്, നാസിക്, ഉജ്ജയിന്‍, ഹരിദ്വാര്‍ എന്നീ നാല് കുംഭമേളകളിലും ഇവര്‍ എത്തും. പണ്ട് പാലാഴി കടഞ്ഞ് അമൃത് എടുത്തപ്പോള്‍ അസുരന്മാരും ഈ അമൃത് മോഷ്ടിക്കാന്‍ എത്തി. അസുരന്മാരും ദേവന്മാരും അമൃത് സ്വന്തമാക്കാന്‍ ഏറ്റുമുട്ടി. ഇതിനിടെയാണ് വിഷ്ണുഭഗവാന്‍ ഗരുഡനെ അയച്ച് അമൃത് എടുക്കുന്നത്. അതിനിടെ അമൃതിന്റെ തുള്ളികള്‍ പതിച്ച നാല് സ്ഥലങ്ങളാണ് ഇപ്പോള്‍ കുംഭമേള നടക്കുന്ന പ്രയാഗ് രാജ്, നാസിക്, ഉജ്ജയിന്‍, ഹരിദ്വാര്‍ എന്നീ സ്ഥലങ്ങള്‍.
ഇവരുടെ ലക്ഷ്യം ഗംഗാ, യമുന, സരസ്വതീ എന്നീ മൂന്ന് പുണ്യനദികള്‍ കൂടിച്ചേരുന്ന ത്രിവേണി സംഗമത്തില്‍ എത്തി മുങ്ങിക്കുളിക്കുക എന്നതാണ്. ഇങ്ങിനെ മുങ്ങിക്കുളിച്ചാല്‍ സകല പാപങ്ങളില്‍ നിന്നും മുക്തിനേടാനാകുമെന്ന് അവര്‍ കരുതുന്നു. അതുപോലെ ജനന, മരണ ചക്രങ്ങളില്‍ നിന്നും മോചനം നേടാനാകുമെന്നുമാണ് ഇവരുടെ വിശ്വാസം. അമൃത് വീണ സ്ഥലമായതിനാല്‍ ഇവിടെ മുങ്ങിക്കുളിച്ചാല്‍ അമരത്വം നേടാന്‍ സാധിക്കുമെന്നും വിശ്വാസമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക