ന്യൂദല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമായ ദിനമാണ് ഭാരതത്തിന്റെ സ്വാതന്ത്ര്യം സാര്‍ത്ഥകമായതെന്ന ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്‌ക്കെതിരെ നുണപ്രചാരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. മോഹന്‍ ഭാഗവത് നടത്തിയത് രാജ്യദ്രോഹ പരാമര്‍ശമാണെന്നും മറ്റേതെങ്കിലും രാജ്യത്താണെങ്കില്‍ അറസ്റ്റ് ചെയ്തേനെയെന്നുമായിരുന്നു രാഹുലിന്റെ പ്രസംഗം.
രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തെ ആര്‍എസ്എസ് അംഗീകരിക്കുന്നില്ലെന്നും ഭരണഘടനയ്‌ക്കെതിരാണ് മോഹന്‍ ഭാഗവതെന്നും രാഹുല്‍ ആരോപിച്ചു. തന്റെ പോരാട്ടം ആര്‍എസ്എസിനും ബിജെപിക്കും ഇന്ത്യന്‍ സ്റ്റേറ്റിനും എതിരാണെന്നും രാഹുല്‍ പറഞ്ഞത് വിവാദമായിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടന ചടങ്ങിലെ രാഹുലിന്റെ വാക്കുകളാണ് വിവാദമായത്. അര്‍ബന്‍ നക്സലുകള്‍ക്കൊപ്പം ചേര്‍ന്ന് രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന നേതാവാണ് രാഹുലെന്ന് ബിജെപി നേതാക്കളും മറുപടി നല്‍കി.
അര്‍ബന്‍ നക്സലുകള്‍ക്കും ഡീപ് സ്റ്റേറ്റിനുമൊപ്പം ചേര്‍ന്ന് ഭാരതത്ത അപകീര്‍ത്തിപ്പെടുത്താന്‍ നിരന്തരം ശ്രമിക്കുന്നയാളാണ് രാഹുല്‍ഗാന്ധിയെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ കുറ്റപ്പെടുത്തി. ദുര്‍ബ്ബലമായ ഭാരതം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇന്ത്യന്‍ സ്റ്റേറ്റിനെതിരായ പോരാട്ടമാണ് നടത്തുന്നതെന്ന് രാഹുല്‍ പരസ്യമായി പറഞ്ഞുകഴിഞ്ഞെന്നും നദ്ദ ചൂണ്ടിക്കാട്ടി.
ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് പ്രതിപക്ഷ നേതാവായി ചുമതലയേറ്റ രാഹുല്‍ ഇപ്പോള്‍ പറയുന്നത് ആര്‍എസ്എസിനും ബിജെപിക്കും ഭരണകൂടത്തിനുമെതിരാണ് തന്റെ പോരാട്ടമെന്നാണെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കുറ്റപ്പെടുത്തി. ഭരണഘടന കൈയിലെടുത്ത് നടക്കുന്നവര്‍ ഭാരതത്തിനെതിരെ പോരാട്ടം നടത്തുന്നത് ചോദ്യം ചെയ്യപ്പെടുമെന്നും നിര്‍മ്മല പറഞ്ഞു.
രാഹുല്‍ഗാന്ധിയുടെ മാനസിക നില പരിശോധിക്കേണ്ടതുണ്ടെന്ന് കേന്ദ്രമന്ത്രി ഹര്‍ദ്ദീപ് സിങ് പുരി പറഞ്ഞു. ഇന്ത്യന്‍ സ്റ്റേറ്റിനെതിരാണ് പോരാട്ടം എന്ന് പരസ്യമായി പറഞ്ഞ രാഹുല്‍ഗാന്ധി ജോര്‍ജ്ജ് സോറസിന്റെ പിണിയാളാണെന്ന് കൂടുതല്‍ വ്യക്തമായെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക