Kerala

കലോത്സവ റിപ്പോര്‍ട്ടിങ്ങിനിടെ പെൺകുട്ടിയോട് ദ്വയാർഥ പ്രയോഗം; റിപ്പോർട്ടർ ചാനലിനെതിരെ പോക്സോ കേസ്, അരുൺകുമാർ ഒന്നാം പ്രതി

Published by

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങ്ങിനിടെ പെൺകുട്ടിയോട് ദ്വയാർഥ പ്രയോഗം നടത്തിയ കേസിൽ റിപ്പോര്‍ട്ടര്‍ ചാനലിനെതിരേ പോക്സോ വകുപ്പ് ചുമത്തി. റിപ്പോർട്ടർ ചാനൽ കൺസൾട്ടിംഗ് എഡിറ്റർ അരുൺകുമാറിനെ ഒന്നാം പ്രതി ചേർത്താണ് കേസ്. റിപ്പോർട്ടർ ഷഹബാസ് ആണ് രണ്ടാം പ്രതി. കണ്ടാൽ അറിയാവുന്ന ഒരാളെ മൂന്നാം പ്രതിയായും ചേര്‍ത്തിട്ടുണ്ട്.

തിരുവനന്തപുരം കന്‍റോൺമെന്‍റ് പോലീസ് ആണ് കേസ് എടുത്തത്. തിരുവനന്തപുരം ജില്ലാ ശിശു ക്ഷേമ സമിതി ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സംസ്ഥാന സ്കൂൾ കലോത്സവുമായി ബന്ധപ്പെട്ട വാർത്താവതരണത്തിൽ ഡോ. അരുൺകുമാർ സഭ്യമല്ലാത്ത ഭാഷയിൽ ദ്വയാർഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.

കലോത്സവത്തിൽ പങ്കെടുത്ത ഒപ്പന ടീമിലെ മണവാട്ടിയായി വേഷമിട്ട പെണ്‍കുട്ടിയോട് റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ ഷഹബാസ് നടത്തുന്ന സംഭാഷണത്തിന്മേലാണ് ദ്വയാർഥ പ്രയോഗം. ഇതു സംബന്ധിച്ച് ചാനൽ മേധാവിയിൽ നിന്നും തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയിൽ നിന്നും ബാലാവകാശ കമ്മിഷൻ അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. കേസ് എടുക്കാൻ ആസ്പദമായ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക