ന്യൂദെൽഹി:ദെൽഹി നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ ദെൽഹി പോലീസ് 5 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ നാലെണ്ണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും മറ്റുചില ബിജെപി നേതാക്കളുടെയും പേരിലുള്ള വ്യാജ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തതിന് എതിരെയാണ്. മറ്റൊന്ന് പൂർവാഞ്ചൽ നിവാസികൾക്കെതിരെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയതിനാണ് അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെയുള്ള നേതാക്കളുടെ പേരിൽ അഞ്ചാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ കെജരിവാളിന് പുറമേ ദെൽഹി മുഖ്യമന്ത്രി അതിഥി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരുടെ പേരുകളും പരാമർശിച്ചിട്ടുണ്ട്. ബിജെപി തിരഞ്ഞെടുപ്പ് സെല്ലിലെ ഒരു അംഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. എഎപി നേതാക്കൾ ബീഹാറിലെയും ഉത്തർപ്രദേശിലെയും ജനങ്ങൾക്കെതിരെ വ്യാജവും പ്രകോപനപരവും വിവേചനാപരവുമായ പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ചാണ് കേസ്. വെറും ഒരു ലക്ഷം പേരുള്ള നിയോജക മണ്ഡലത്തിൽ പതിമൂന്നായിരം വ്യാജ വോട്ടർ അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ടെന്ന് കെജ്‌രിവാൾ ഒരു മാധ്യമ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. യുപിയിൽ നിന്നും ബിഹാറിൽ നിന്നും ആളുകളെ കൊണ്ടുവന്ന് ചേർക്കുന്നുവെന്നായിരുന്നു പരാതി. പൂർവാഞ്ചൽ പ്രദേശത്തുള്ളവരെ വ്യാജ വോട്ടർമാർ എന്ന് മുദ്രകുത്തി എന്നാണ് എഫ്ഐആറിൽ ആരോപിച്ചിട്ടുള്ളത്. ഭാരതീയ ന്യായ സംഹിത സെക്ഷൻ 196 പ്രകാരമാണ് നേതാക്കൾക്കെതിരെ എഫ്ഐആറിൽ കുറ്റം ചുമത്തിയത്. മറ്റു 4 എഫ്ഐആറുകളിൽ എഎപിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ പങ്കിട്ട് കൃത്രിമ വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ചതിനാണ് കേസെടുത്തിട്ടുള്ളത്. വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും മുതിർന്ന ബിജെപി നേതാക്കളെ അപകീർത്തിപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ച് ബിജെപി തിരഞ്ഞെടുപ്പ് സെൽ അംഗം നൽകിയ പരാതിയെ തുടർന്നാണ് കേസ്. ഭാരതീയ ന്യായ സംഹിത പ്രകാരം 318 336 340 61 എന്നീ വകുപ്പുകൾ പ്രകാരമാണ് ഈ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: