ന്യൂദെൽഹി:യുപിയിലെ അയോധ്യ ജില്ലയിലെ മില്‍ക്കിപ്പൂരിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എസ്പി സ്ഥാനാർത്ഥിക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസിന് ദെൽഹി സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മത്സരത്തിൽ എസ്പിയുടെ പിന്തുണ ഇല്ല. മില്‍ക്കിപ്പൂരിൽ നിരുപാധികം പിന്തുണ നൽകിയ കോൺഗ്രസിനെ അവഗണിച്ച് ദെൽഹി സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപിയെ പിന്തുണയ്‌ക്കാനാണ് എസ്പി തീരുമാനിച്ചത്. ഇത് ഇന്ത്യ സഖ്യത്തിൽ പുതിയ ഭിന്നതയ്‌ക്ക് കാരണമായി. ദെൽഹിയിൽ പിന്തുണ നൽകാൻ കാരണമായി എസ്പി ചൂണ്ടിക്കാട്ടിയത് ബിജെപിയെ തോൽപ്പിക്കാനുള്ള ശക്തി ദെൽഹിയിൽ കോൺഗ്രസിന് ഇല്ലെന്നതാണ്. ബുധനാഴ്ച ദെൽഹിയിൽ എഎപി കൺവീനർ അരവിന്ദ് കെജ്‌രിവാളിനെയും ഒപ്പം ചേർത്ത് സംയുക്ത പത്രസമ്മേളനം നടത്തിയാണ് എസ്പി നേതാവ് അഖിലേഷ് യാദവ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബിജെപിയെ നേരിടാൻ പ്രാദേശിക പാർട്ടികളുടെ ഐക്യനിര ശക്തമാക്കുകയെന്നതാണ് ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തിന് പിന്നിലെ അടിസ്ഥാന തത്വമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഏത് പാർട്ടിക്കാണ് ശക്തമായി ബിജെപിയോട് പോരാടാൻ കഴിയുന്നത് ആ പാർട്ടിയെയാണ് ഞങ്ങൾ പിന്തുണയ്‌ക്കുന്നത്. ദെൽഹിയിൽ കോൺഗ്രസ്സും ആം ആദ്മിയും മുഖാമുഖം പോരാടുമ്പോൾ ആം ആദ്മി പാർട്ടിയാണ് ശക്തമെന്ന് നാം കരുതുന്നു. അതുകൊണ്ട് നാമെല്ലാവരും അതിനെ പിന്തുണയ്‌ക്കണം. കോൺഗ്രസ് ആയാലും സമാജ് വാദി പാർട്ടിയായാലും ബിജെപിയുടെ പരാജയമാണ് ഞങ്ങളുടെ പൊതുലക്ഷ്യം. അഖിലേഷ് യാദവ് പറഞ്ഞു.
അഖിലേഷ് യാദവിന്റെ പുതിയ തീരുമാനത്തോടെ ഇന്ത്യ സഖ്യത്തിലെ ഭിന്നത കൂടുതൽ രൂക്ഷമാവുകയാണ്. ഉത്തർപ്രദേശിലെ ഉപതെരഞ്ഞെടുപ്പിനെയും അഖിലേഷ് യാദവിന്റെ തീരുമാനം ബാധിച്ചേക്കുമെന്ന് കോൺഗ്രസ് നേതാക്കൾ സൂചിപ്പിക്കുന്നു. ദെൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിലെ കക്ഷികളായ തൃണമൂൽ കോൺഗ്രസ്സും സമാജിവാദി പാർട്ടിയും എഎപിയെ പിന്തുണച്ചതോടെ ഇന്ത്യാ സഖ്യത്തിനുള്ളിലെ ഐക്യത്തെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നുവരികയാണ്. ഇതോടെ സഖ്യത്തിനുള്ളിൽ കോൺഗ്രസ് കൂടുതൽ ഒറ്റപ്പെടുന്ന സാഹചര്യമാണുള്ളത്. മഹാരാഷ്‌ട്രയിലെ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പുകളിൽ ഇന്ത്യ സഖ്യത്തിലെ കക്ഷിയായ ശിവസേന ഉദ്ധവ് വിഭാഗം ഒറ്റയ്‌ക്ക് മത്സരിക്കാൻ തീരുമാനിച്ചതും കൂടിയായപ്പോൾ ഇന്ത്യ സഖ്യത്തിന്റെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: