ന്യൂദെൽഹി:വരാനിരിക്കുന്ന മഹാരാഷ്‌ട്രയിലെ മുനിസിപ്പൽ തിരഞ്ഞെടുപ്പുകളിൽ ശിവസേന ഉദ്ധവ് വിഭാഗം ഒറ്റക്ക് മത്സരിക്കുമെന്ന് സഞ്ജയ് റാവത്ത് എംപി പ്രസ്താവിച്ചു. ഇന്ത്യാസഖ്യത്തിലെ കോൺഗ്രസ്സും അതിന്റെ സഖ്യകക്ഷികളും തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സഞ്ജയ് റാവത്തിന്റെ പ്രസ്താവന. മഹാരാഷ്‌ട്രയിലെ മുംബൈ, നാഗപൂർ മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പുകളിൽ തന്റെ പാർട്ടി ഒറ്റയ്‌ക്ക് മത്സരിക്കുമെന്നാണ് സഞ്ജയ് റാവത്ത് എം.പി പ്രഖ്യാപിച്ചത് ഞങ്ങൾ സ്വന്തമായി പോരാടും എന്തു സംഭവിച്ചാലും അത് തന്നെയാണ് നിലപാട്. ഉദ്ധവ് താക്കറെയിൽ നിന്നും ഞങ്ങൾക്ക് അതിനുള്ള പച്ചക്കൊടി കിട്ടിയിട്ടുണ്ട്. സഞ്ജയ് റാവത്ത് മുംബൈയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മഹാ അഘാഡി.സഖ്യം മൂലം പ്രവർത്തകർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കാത്തതാണ് പാർട്ടിയുടെ വളർച്ചയെ ബാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല ആർജെഡി നേതാവും ബീഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പറഞ്ഞതുപോലെ 2024ലെ ലോകസഭാ തിരഞ്ഞെടുപ്പിന് മാത്രമായിരുന്നു ഇന്ത്യ സഖ്യമെന്ന് സഞ്ജയ് റാവത്ത് ചൂണ്ടിക്കാട്ടി. ലോകസഭാ തിരഞ്ഞെടുപ്പിനു ശേഷം ഇന്ത്യാ സഖ്യത്തിന്റെ ഒരു യോഗവും നടന്നിട്ടില്ല. ഈ യോഗം വിളിക്കേണ്ട ഉത്തരവാദിത്വം കോൺഗ്രസിനാണ്, അദ്ദേഹം പറഞ്ഞു.
എന്നാൽ ഈ പ്രസ്താവനക്ക് ശേഷം തിരുത്തുമായി സഞ്ജയ് റാവത്ത് രംഗത്ത് എത്തി. ഇന്ത്യ ബ്ലോക്ക് പിരിച്ചുവിടാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും അത് തെറ്റായ പ്രചരണമാണെന്നും റാവത്ത് പറഞ്ഞു. സംസ്ഥാനത്ത് പ്രതിപക്ഷമായ ഇന്ത്യ സഖ്യവും മഹാ വികാസ് അഘാഡിയും പിരിച്ചുവിടാൻ തന്റെ പാർട്ടിയായ ശിവസേന ഉദ്ധവ് വിഭാഗമോ താനോ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് സഞ്ജയ് റാവത്ത് വ്യക്തമാക്കി. ലോകസഭാ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളുടെ പ്രാധാന്യം അവതരിപ്പിക്കാനാണ് ഞാൻ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മഹാ വികാസ് അഘാഡി നിയമസഭാ തിരഞ്ഞെടുപ്പിനും ഇന്ത്യാസഖ്യം ലോകസഭാ തിരഞ്ഞെടുപ്പിനുമായാണ് രൂപീകരിച്ചത്. എന്നാൽ പാർട്ടി പ്രവർത്തകരെ ശാക്തീകരിക്കുന്നതിനും താഴെത്തട്ടിൽ സംഘടനയെ ശക്തിപ്പെടുത്തുന്നതിനും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകൾ ആവശ്യമാണ്. തന്റെ നിലപാടിനെ വിമർശിക്കുന്നതിനു മുമ്പ് മുഴുവൻ കാര്യങ്ങളും കേൾക്കണമെന്ന് ശിവസേന നേതാവ് കോൺഗ്രസ് പാർട്ടിയോട് അഭ്യർത്ഥിച്ചു. കോൺഗ്രസ് നേതാക്കൾ മറ്റുള്ളവരെ കേൾക്കുന്ന ശീലം കാണിക്കണം. റാവത്ത് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: