കൊച്ചി: പുരുഷ മേധാവിത്വത്തെ പരോക്ഷമായി അംഗീകരിച്ചുകൊണ്ട് ഒരുവിഭാഗം സ്ത്രീകള്‍ തന്നെ സ്ത്രീവിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുന്ന പ്രവണതയെ വിമര്‍ശിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. ഇരയാക്കപ്പെടുന്നതു തങ്ങളുടെ ഒരു സഹജീവിയാണെന്നുള്ള പരിഗണന പോലും കല്‍പ്പിക്കാതെയാണ് അടുത്തിടെ ഒരു സിനിമാതാരത്തിന്റെ പരാതിയുടെ പശ്ചാത്തലത്തില്‍ ചില സ്ത്രീകള്‍ നടത്തിയ അഭിപ്രായങ്ങള്‍. സാമൂഹിക മാധ്യമങ്ങളിലൂടെ എന്തും മോശമായി പറയാവുന്ന സ്്ഥിതിയാണുള്ളത്. സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളില്‍ അതീജീവതയുടെ പേരുപോലും പുറത്തു പറയരുതെന്ന വ്യവസ്ഥയ്‌ക്കു പകരം താനാണു പരാതിക്കാരി എന്നു പറഞ്ഞുകൊണ്ട് ഒരാള്‍ രംഗത്തുവരുക എന്നത് സ്ത്രീകള്‍ ശക്തമായ നിലപാടു സ്വീകരിച്ചുവരുന്നു എന്നതിന്റെ തെളിവുകൂടിയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നേരിടാന്‍ രാജ്യത്തു സുശക്തമായ നിയമങ്ങളുണ്ട്. അവ യഥാവിധി ഇതുവരെ വേണ്ടത്ര പ്രയോജനപ്പെടുത്തിയിരുന്നില്ല. എന്നാല്‍ കേരളത്തില്‍ അടുത്തിടെ ഉണ്ടായ സംഭവങ്ങളെ നേരിട്ട രീതി പ്രതീക്ഷയ്‌ക്കു വകനല്‍കുന്നു. കേരളം ഇക്കാര്യത്തില്‍ വളരെ ശക്തമായ നിലപാടു സ്വീകരിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലുണ്ടായ മാറ്റങ്ങളുടെ പ്രതിഫലനം ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്നുവെന്ന് അഡ്വ സതീദേവി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക