India

മിൽക്കിപൂരിൽ എസ്പിക്ക് കടുത്ത വെല്ലുവിളിയുമായി ബിജെപി

ഫൈസാബാദിന് പകരം വീട്ടുമെന്ന്

Published by

ന്യൂദെൽഹി:ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അയോധ്യ ജില്ലയിലെ മിൽക്കിപൂർ നിയമസഭ സീറ്റ് പിടിച്ചെടുക്കാൻ ബിജെപി സർവ തന്ത്രങ്ങളുമായി രംഗത്ത്. കഴിഞ്ഞവർഷം നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് ലോക്സഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച എസ്പി സ്ഥാനാർഥി അവധേഷ് പ്രസാദിന്റെ സ്വന്തം മണ്ഡലമാണ് അയോധ്യാ ജില്ലയിലെ മിൽക്കിപൂർ നിയമസഭാ മണ്ഡലം. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പതിമൂന്നായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് അവധേഷ് പ്രസാദ് ജയിച്ച മണ്ഡലമാണിത്. എല്ലാകാലത്തും ഈ മണ്ഡലം എസ്പിയോടെപ്പം നിൽക്കുന്നതാണ് പതിവ്. ഇത്തവണ എന്ത് വിലകൊടുത്തും പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇതിനായി യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ആറ് മന്ത്രിമാർക്ക് ഈ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചുമതല നൽകിയിരിക്കുകയാണ്. ഈ മണ്ഡലത്തിൽ എസ്പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് അവധേഷ് പ്രസാദിന്റെ മകൻ അജിത് പ്രസാദ് തന്നെയാണ് എന്നതാണ് ഒരു പ്രത്യേകത. കോൺഗ്രസ്സും അജിത് പ്രസാദിനെ നിരുപാധികം പിന്തുണയ്‌ക്കുന്നു.മായാവതിയുടെ ബിഎസ്പി ഇത്തവണ മത്സര രംഗത്ത് ഇല്ല. ഫെബ്രുവരി അഞ്ചിനാണ് മില്‍ക്കിപൂർ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അജിത് പ്രസാദിനെ നേരിടാൻ ചന്ദ്രഭാൻ പാസ്വാനെയാണ് ബിജെപി രംഗത്തിറക്കിയിട്ടുള്ളത്. എന്ത് വിലകൊടുത്തും മിൽക്കിപൂർ നിയമസഭാ മണ്ഡലം പിടിച്ചെടുക്കാനുള്ള ബിജെപിയുടെ തന്ത്രത്തിന്റെ ഭാഗമായി കഴിഞ്ഞ 15 ദിവസത്തിനിടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മിൽക്കിപൂരിലും അയോധ്യയിലുമായി മൂന്നുതവണയാണ് സന്ദർശനം നടത്തിയത്. അയോധ്യ ജില്ലയുടെ ചുമതലയുള്ള ക്യാബിനറ്റ് മന്ത്രി സൂര്യപ്രതാപ് ഷാഹിക്ക് പുറമേ യോഗി മന്ത്രിസഭയിലെ അഞ്ച് മന്ത്രിമാർക്ക് കൂടി മിൽക്കി പൂരിന്റെ ചുമതല വീതിച്ചു നൽകിയിട്ടുണ്ട്. മന്ത്രിമാരായ സ്വതന്ത്ര ദേവ് സിംഗ്, ജെപിഎസ് റാത്തോഡ്, ഡോ.ദയാശങ്കർ മിശ്ര ദയാലു , മായങ്കേശ്വർ ശരൺ സിംഗ്, സതീഷ് ശർമ്മ എന്നീ മന്ത്രിമാർ ഈ മണ്ഡലം കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകുകയാണ്.

ഫൈസാബാദിലെ പരാജയത്തിന് മറുപടി നൽകാനുള്ള ഒരുക്കത്തിലാണ് ബിജെപി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by