Samskriti

ശിവഗിരി മഠത്തിന്റെ പോഷക സംഘടന ദേവസ്വം ബോര്‍ഡിലേക്ക് ആചാര പരിഷ്കരണ യാത്രയും പ്രാര്‍ത്ഥനാ യജ്ഞവും നടത്തും

Published by

ശിവഗിരി : സമൂഹത്തില്‍ ക്ഷേത്രസംബന്ധിയായി നിലനില്‍ക്കുന്ന ചില ആചാരങ്ങള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധര്‍മ്മ പ്രചരണസഭ നാളെ (17-01-2025) തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക് ആചാര പരിഷ്കരണ യാത്രയും പ്രാര്‍ത്ഥനാ യജ്ഞവും നടത്തി ദേവസ്വം ബോര്‍ഡിന് നിവേദനം നല്‍കും. സഭാപ്രവര്‍ത്ത കരും ശിവഗിരി മഠത്തിലെ സന്യാസിമാരും ഗുരുദേവഭക്തരും പങ്കെടുക്കും.

ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിച്ചു കൊണ്ട് പ്രവേശിക്കുന്നതിനും ആരാധനയില്‍ പങ്കെടുക്കുന്നതിനും അവസരം സൃഷ്ടിക്കുക. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ജനസംഖ്യാനുപാതികമായി നിയമനങ്ങളില്‍ സംവരണം നടപ്പാക്കുക. ശബരിമല ഉള്‍പ്പെടെ ക്ഷേത്രങ്ങളില്‍ മേല്‍ശാന്തിമാരെയും മറ്റും നിയമിക്കുന്നതിന് താന്ത്രിക വിദ്യപരിശീലിച്ചിട്ടുള്ളവര്‍ക്ക് ജാതി പരിഗണന കൂടാതെ നിയമനം നല്‍കുക. ശാന്തിക്കാരെ നിയമിക്കുക. ശ്രീനാരായണ ഗുരുദേവന്റെ കൃതികള്‍ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്ന തിനും ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പഠന സംവിധാനങ്ങള്‍ ഒരുക്കുക തുടങ്ങി ആവശ്യങ്ങള്‍ നിവേദനത്തില്‍ ഉള്‍പ്പെടുത്തും. കൂടാതെ ചില ക്ഷേത്രങ്ങളില്‍ ഭക്തര്‍ ധരിച്ചിരിക്കുന്ന പാന്‍റ്, ചുരിദാര്‍ തുടങ്ങിയ വസ്തുക്കള്‍ക്ക് മുകളില്‍ പലയാളുകള്‍ ഉടുത്ത ഒരു മുണ്ടുകൂടി ധരിക്കുക തുടങ്ങിയ ആചാരങ്ങളും ദൂരീകരിക്കേണ്ടതാണ്.

തിരുവനന്തപുരത്തെ ശ്രീനാരായണഗുരു പാര്‍ക്കിലെ ഗുരുദേവ പ്രതിമയ്‌ക്ക് മുന്നില്‍ പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടത്തി അവിടെനിന്ന് ശിവഗിരി മഠത്തിലെ സന്യാസിമാര്‍ക്കൊപ്പം ഗുരുധര്‍മ്മ പ്രചരണസഭാ പ്രവര്‍ത്തകര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെത്തി പ്രാര്‍ത്ഥനായജ്ഞം നടത്തി അധികൃതര്‍ക്ക് നിവേദനം സമര്‍പ്പിക്കുമെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, സ്വാമി, ട്രഷറര്‍ ശാരദാനന്ദ സ്വാമി ഗുരുധര്‍മ്മപ്രചരണസഭാ സെക്രട്ടറി അസംഗാനന്ദഗിരി സ്വാമി എന്നിവര്‍ ശിവഗിരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by