ന്യൂ ഡൽഹി:ടെക്സ്റ്റൈൽസ് വ്യവസായത്തിൽ ഇന്ത്യയുടെ വളർന്നുവരുന്ന ശക്തി പ്രദർശിപ്പിച്ചുകൊണ്ട്, മെസ്സെ ഫ്രാങ്ക്ഫർട്ടിൽ നടന്ന ഹെയ്ംടെക്സ്റ്റിൽ 2025 ൽ ഇന്ത്യ പവലിയൻ കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി ഗിരിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു. ഏറ്റവും വലിയ രാജ്യതല പങ്കാളിത്തത്തോടെ, ഈ അഭിമാനകരമായ ആഗോള ഹോം ടെക്സ്റ്റൈൽസ് മേളയിൽ നവീകരണം, സുസ്ഥിരത, ആഗോള പങ്കാളിത്തം എന്നിവയോട് ഇന്ത്യ പ്രതിബദ്ധത പ്രകടിപ്പിച്ചു.
ആഗോള ഹോം ടെക്സ്റ്റൈൽ കയറ്റുമതിക്കാർ, ഇറക്കുമതിക്കാർ, നിർമ്മാതാക്കൾ എന്നിവരെ അഭിസംബോധന ചെയ്തുകൊണ്ട്, ഇന്ത്യയുടെ വളരുന്ന മത്സരശേഷിയും സുസ്ഥിര വളർച്ച കൈവരിക്കുന്നതിന് സഹകരണത്തിന്റെ ആവശ്യകതയും കേന്ദ്ര മന്ത്രി ഉയർത്തിക്കാട്ടി. ഭാരത് ടെക്സ്റ്റൈൽസ് 2025 ൽ പങ്കെടുക്കാനും ഇന്ത്യയുടെ വളർന്നുവരുന്ന ടെക്സ്റ്റൈൽ ആവാസവ്യവസ്ഥയിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ച് പഠിക്കുവാനും പ ങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളെയും മന്ത്രി ക്ഷണിച്ചു.
ടെക്സ്റ്റൈൽസ്, മെഷിനറി നിർമ്മാതാക്കളുമായുള്ള നിക്ഷേപക സംഗമത്തിൽ, കഴിഞ്ഞ 10 വർഷത്തിനിടയിലെ ഇന്ത്യയുടെ വളർച്ചയുടെ കഥയും വർദ്ധിച്ചുവരുന്ന നേരിട്ടുള്ള വിദേശ നിക്ഷേപവും (എഫ് ഡിഐ ) മന്ത്രി എടുത്തുപറഞ്ഞു. ‘മെയ്‌ക്ക് ഇൻ ഇന്ത്യ’ സംരംഭം ഇന്ത്യയുടെ മത്സരാധിഷ്ഠിത ഉൽപാദന കേന്ദ്രമായി ഉയർന്നുവരുന്നതിന് തെളിയിക്കപ്പെട്ട ഒരു തന്ത്രമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. വളരുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ അദ്ദേഹം നിക്ഷേപകരെ പ്രോത്സാഹിപ്പിച്ചു, ഇന്ത്യയുടെ വിപണിയിൽ നിന്ന് വിട്ടുനിൽക്കുന്നത് ഒരു നഷ്ടമായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആഗോള നിക്ഷേപകരെ ക്ഷണിച്ചുകൊണ്ട്, ‘ഇന്ത്യയിൽ നിക്ഷേപിക്കൂ – മെയ്‌ക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ്’ എന്ന് അദ്ദേഹം പറഞ്ഞു.
ഹെയ്ംടെക്സ്റ്റൈലിന്റെ ഭാഗമായി, മെഷിനറി ആൻഡ് എക്യുപ്‌മെന്റ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷനുമായും ജർമ്മനിയിലെ ഐവിജിടിയുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. ആഗോളതലത്തിൽ ഏറ്റവും അധികം ടെക്സ്റ്റൈൽ മെഷിനറി വാങ്ങുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, ഇന്ത്യയുടെ ടെക്സ്റ്റൈൽ മേഖലയുമായുള്ള ഇടപെടൽ ശക്തിപ്പെടുത്താൻ മന്ത്രി അവരോട് ആവശ്യപ്പെട്ടു. ജർമ്മൻ നിർമ്മാതാക്കൾ ഇന്ത്യയിൽ നിക്ഷേപിക്കുകയും യന്ത്രങ്ങൾ നിർമ്മിക്കുകയും ചെയ്താൽ ഇരു കൂട്ടർക്കും ഒരുപോലെ പ്രയോജനകരമാകുമെന്ന് കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ഇതിനകം തന്നെ വളർന്നുവരുന്ന ഒരു ജർമ്മൻ തയ്യൽ നൂൽ നിർമ്മാതാവിന്റെ വിജയം ഉദ്ധരിച്ച്, മറ്റ് യന്ത്ര നിർമ്മാതാക്കൾ ഇന്ത്യൻ വിപണിയിൽ അവരുടെ നിക്ഷേപ അവസരങ്ങളെക്കുറിച്ച് പഠിക്കുവാനും, നിക്ഷേപങ്ങൾ വികസിപ്പിക്കാനും അദ്ദേഹം പ്രോത്സാഹിപ്പിച്ചു.
ഹൈംടെക്സ്റ്റിൽ പോലുള്ള അന്താരാഷ്‌ട്ര പരിപാടികളിൽ ഇന്ത്യൻ കയറ്റുമതിക്കാർ പങ്കെടുക്കുന്നതിന് സർക്കാർ സജീവമായി പിന്തുണ നൽകുന്നു. ഇത് ആഗോളതലത്തിൽ അവരുടെ ദൃശ്യപരത വർദ്ധിപ്പിക്കുകയും മത്സര വിപണികളിൽ അവരുടെ വളർച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
സന്ദർശന വേളയിൽ, മന്ത്രി പ്രദർശനത്തിലെ വിവിധ സ്റ്റാളുകൾ സന്ദർശിച്ചു, പ്രദർശകരുമായി ഇടപഴകി, ഗാർഹിക തുണിത്തരങ്ങളിലെ അവരുടെ ഏറ്റവും പുതിയ ഓഫറുകളും നൂതനാശയങ്ങളും മനസ്സിലാക്കി. ഇന്ത്യൻ കയറ്റുമതിക്കാരുടെ കരകൗശല വൈദഗ്‌ദ്ധ്യം ഈ മേഖലയുടെ ആഗോള അഭിലാഷങ്ങളെ പിന്തുണയ്‌ക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയെ വീണ്ടും ഉറപ്പിച്ചു.
ടെക്സ്റ്റൈൽസ് വ്യവസായത്തിൽ ആഗോള നേതാവെന്ന സ്ഥാനം ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തെ പ്രതിഫലിപ്പിക്കുന്ന വ്യവസായ പ്രമുഖരുടെയും കയറ്റുമതിക്കാരുടെയും ആവേശകരമായ പങ്കാളിത്തം പരിപാടിയിൽ പ്രകടമായി.
മന്ത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തോടൊപ്പം ടെക്സ്റ്റൈൽസ് മന്ത്രാലയം അഡീഷണൽ സെക്രട്ടറി ശ്രീ. രോഹിത് കൻസാലും ജർമ്മനിയിലെ ഇന്ത്യൻ കൗൺസൽ ജനറലും മറ്റ് മന്ത്രാലയ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. അഞ്ച് കയറ്റുമതി പ്രമോഷൻ കൗൺസിലുകളുടെയും (ഇപിസി) ജൂട്ട് ബോർഡിന്റെയും പ്രതിനിധികൾ ഉദ്ഘാടന വേളയിൽ പങ്കെടുത്തു, വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക