ന്യൂഡല്‍ഹി: മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, അഹമദാബാദ് വിമാനത്താവളങ്ങളില്‍ ‘ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം’ (FTI- TTP) കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ അഹമദാബാദ് വിമാനത്താവളത്തില്‍ ജനുവരി 16ന്, ഉദ്ഘാടനം ചെയ്യും. ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ (IGI) ടെര്‍മിനല്‍-3 ല്‍ നിന്നും ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം’ നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന്‍ ‘വികസിത് ഭാരത്’@ 2047 കാഴ്ചപ്പാടിനു കീഴിലുള്ള സുപ്രധാന സംരംഭമാണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം. യാത്രക്കാര്‍ക്ക് ലോകോത്തര ഇമിഗ്രേഷന്‍ സൗകര്യങ്ങള്‍ ഒരുക്കുക, അന്തര്‍ദേശീയ യാത്രകള്‍ തടസരഹിതവും സുരക്ഷിതവുമാക്കുക എന്നതാണു ലക്ഷ്യം. തുടക്കത്തില്‍, ഇന്ത്യന്‍ പൗരന്മാര്‍ക്കും ഒസിഐ (Overseas Citizen Of India) കാര്‍ഡ് ഉള്ളവര്‍ക്കും സൗജന്യമായാണ് ഈ സൗകര്യം ആരംഭിച്ചത്.
https://ftittp.mha.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് FTI-TTP നടപ്പിലാക്കുന്നത്. അപേക്ഷകര്‍ക്ക് അവരുടെ വിശദാംശങ്ങള്‍ പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്ത ശേഷം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ഈ പ്രോഗ്രാമില്‍ ചേരാം. രജിസ്റ്റര്‍ ചെയ്ത അപേക്ഷകരുടെ ബയോമെട്രിക് വിവരങ്ങള്‍ ഫോറിനേഴ്‌സ് റീജീയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് (FRRO) അല്ലെങ്കില്‍ വിമാനത്താവളങ്ങളിലൂടെ കടന്നുപോകുമ്പോള്‍ രേഖപ്പെടുത്തപ്പെടും.
രജിസ്റ്റര്‍ ചെയ്ത യാത്രക്കാരന്‍ ഇ-ഗേറ്റില്‍ (e-gate) വിമാനക്കമ്പനി നല്‍കുന്ന ബോര്‍ഡിംഗ് പാസ് സ്‌കാന്‍ ചെയ്യണം, തുടര്‍ന്ന് അവരുടെ പാസ്‌പോര്‍ട്ട് സ്‌കാന്‍ ചെയ്യണം. ആഗമന സ്ഥലത്തും പുറപ്പെടുന്ന സ്ഥലത്തും ഇ-ഗേറ്റുകളില്‍ യാത്രക്കാരുടെ ബയോമെട്രിക് വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കും. ഈ നടപടി വിജയകരമായി പൂര്‍ത്തിയാക്കിയാല്‍, ഇ-ഗേറ്റ് സ്വയം തുറക്കുകയും ഇമിഗ്രേഷന്‍ ക്ലിയറന്‍സ് അനുവദിച്ചതായി കണക്കാക്കുകയും ചെയ്യും.
രാജ്യത്തെ 21 പ്രധാന വിമാനത്താവളങ്ങളില്‍ FTI-TTP നടപ്പാക്കും. ആദ്യ ഘട്ടത്തില്‍ ഡല്‍ഹിക്കു പുറമേ, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, അഹമദാബാദ് എന്നീ എഴു പ്രധാന വിമാനത്താവളങ്ങളിലാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക