India

ദല്‍ഹി സ്‌കൂളുകളിലെ വ്യാജ ബോംബ് ഭീഷണി; വിവാദ എന്‍ജിഒയിലേക്കും ആപ്പിലേക്കും അന്വേഷണം

Published by

ന്യൂദല്‍ഹി: ദല്‍ഹിയിലെ നൂറുകണക്കിന് സ്‌കൂളുകളിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച കേസില്‍ അന്വേഷണം വിവാദ എന്‍ജിഒയിലേക്കും ആംആദ്മി പാര്‍ട്ടിയിലേക്കും നീളുന്നു. ഒരുവര്‍ഷമായി നിരന്തരം വ്യാജ ബോംബ് സന്ദേശമയച്ച വിദ്യാര്‍ത്ഥിയെ കഴിഞ്ഞ ദിവസം ദല്‍ഹി പോലീസ് പിടികൂടിയിരുന്നു. വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെപ്പറ്റിയുള്ള സൂചനകള്‍ ലഭിച്ചത്. രാജ്യതലസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണമായും തകരാറിലാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ബോംബ് ഭീഷണികള്‍ ഉപയോഗിച്ചതെന്ന വിലയിരുത്തലിലാണ് പോലീസ്.

വിദ്യാര്‍ത്ഥിയായ പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് വിപിഎന്നിന്റെ സഹായത്തോടെയാണ് ഭീഷണി സന്ദേശങ്ങള്‍ അയച്ചതെന്ന് കണ്ടെത്തിയതായി ദല്‍ഹി പോലീസ് സ്പെഷല്‍ കമ്മിഷണര്‍ മധുപ് തിവാരി അറിയിച്ചു. പരീക്ഷ മാറ്റിവയ്‌ക്കാനാണ് സ്‌കൂളുകളിലേക്ക് സന്ദേശങ്ങള്‍ അയച്ചതെന്നാണ് വിദ്യാര്‍ത്ഥിയുടെ മൊഴി. വിശദ അന്വേഷണത്തിലാണ് ഗൂഢാലോചനയുണ്ടോ എന്ന സംശയം ശക്തമായത്. വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളില്‍ ഒരാള്‍ അഫ്സല്‍ ഗുരുവിനെ അനുകൂലിച്ച് പ്രചാരണം നടത്തിയ വിവാദ എന്‍ജിഒയുടെ നേതാവാണ്. ഈ എന്‍ജിഒയ്‌ക്ക് ആംആദ്മി പാര്‍ട്ടിയുമായും ബന്ധമുണ്ട്.

ഇതില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായും കമ്മിഷണര്‍ അറിയിച്ചു. കുട്ടികള്‍ ചെയ്ത കുറ്റത്തില്‍ പോലീസ് വ്യാജ ഗൂഢാലോചന ചുമത്തി രാഷ്‌ട്രീയ നേട്ടത്തിനുപയോഗിക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ച് ആപ്പ് നേതാക്കള്‍ രംഗത്തെത്തി. അഫ്സല്‍ ഗുരുവിനെ തൂക്കിക്കൊന്നതിനെതിരെ വ്യാജ പ്രചാരണങ്ങളുമായി രംഗത്തെത്തിയ എന്‍ജിഒയ്‌ക്ക് എന്താണ് ആപ്പുമായി ബന്ധമെന്ന് ബിജെപി നേതാവ് സുധാംശു ത്രിവേദി ചോദിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by