India

ഭാരതത്തിലെ പൊതു തെരഞ്ഞെടുപ്പ്; സക്കര്‍ബര്‍ഗിന്റെ തെറ്റായ പ്രചാരണം, പാര്‍ലമെന്ററി സമിതി മെറ്റയ്‌ക്ക് സമന്‍സ് അയക്കും

Published by

ന്യൂദല്‍ഹി: രാജ്യത്ത് നടന്ന പൊതുതെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെടുത്തി ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗ് നടത്തിയ തെറ്റായ പ്രചാരണത്തില്‍ മെറ്റയ്‌ക്ക് സമന്‍സ് അയക്കാന്‍ പാര്‍ലമെന്ററി സമിതി തീരുമാനിച്ചു. വ്യാജ വിവരം പ്രചരിപ്പിച്ചതിനാണ് സമന്‍സെന്ന് പാര്‍ലമെന്റിന്റെ കമ്യൂണിക്കേഷന്‍, ഐടി സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ നിഷികാന്ത് ദുബെ എംപി വ്യക്തമാക്കി.

കൊവിഡ് വ്യാപനം ലോകത്തിലെ എല്ലാ രാജ്യങ്ങളിലേയും സര്‍ക്കാരുകളുടെ വിശ്വാസ്യത ഇല്ലാതാക്കിയെന്നും ഭാരതം ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഭരണകക്ഷികള്‍ തെരഞ്ഞെടുപ്പില്‍ തോറ്റുവെന്നുമായിരുന്നു സക്കര്‍ബര്‍ഗിന്റെ പരാമര്‍ശം. ജനുവരി പത്തിന് ജോ റോഗനുമായി നടത്തിയ പോഡ്കാസ്റ്റിലായിരുന്നു സക്കര്‍ബര്‍ഗിന്റെ വിവാദമായ തെറ്റായ പ്രചാരണം.

സക്കര്‍ബര്‍ഗിന്റെ പ്രസ്താവനയ്‌ക്കെതിരെ കേന്ദ്ര ഐടി, കമ്യൂണിക്കേഷന്‍ മന്ത്രി അശ്വനി വൈഷ്ണവ് രംഗത്തെത്തി. 2024ലെ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ വിശ്വാസം തെളിയിച്ചതാണെന്നും ഭാരതത്തിലെ ജനങ്ങള്‍ വീണ്ടും മോദി സര്‍ക്കാരിനെയാണ് വോട്ട് ചെയ്തു വിജയിപ്പിച്ചതെന്നും അശ്വനി വൈഷ്ണവ് സക്കര്‍ബര്‍ഗിനെ ഓര്‍മിപ്പിച്ചു.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് വേദനാജനകരമാണെന്നും സത്യവും വിശ്വാസവും ഉയര്‍ത്തിപ്പിടിക്കണമെന്നും മെറ്റയെ ടാഗ് ചെയ്തുകൊണ്ട് കേന്ദ്രമന്ത്രി കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നല്ല ഭരണത്തിനും പൊതുജനങ്ങളുടെ വിശ്വാസത്തിനുമുള്ള തെളിവാണ് അദ്ദേഹത്തിന്റെ മൂന്നാമൂഴമെന്നും അദ്ദേഹം കുറിച്ചു. ജനാധിപത്യ രാജ്യത്തെപ്പറ്റി തെറ്റായ പ്രചാരണം നടത്തുന്നത് ആ രാജ്യത്തിന് അപമാനകരമാണെന്നും പാര്‍ലമെന്റിനോട് മെറ്റ മാപ്പ് പറയണമെന്നും നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by