വാഷിങ്ണ്‍: അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ കാട്ടുതീ പടര്‍ന്നത് 160 ചതുരശ്ര കിലോമീറ്ററില്‍. സാന്‍ ഫ്രാന്‍സിസ്‌കോ നഗരത്തെക്കാള്‍ വലിപ്പമാണ് അഗ്നി വിഴുങ്ങിയ മേഖലകള്‍ക്കെന്നാണ് പറയപ്പെടുന്നത്. ഒരാഴ്ചയായി തുടരുന്ന കാട്ടുതീ കെടുത്താനുള്ള ശ്രമങ്ങള്‍ പൂര്‍ണ വിജയത്തിലെത്തിയിട്ടില്ല. ഹോളിവുഡിലുള്‍പ്പെടെ കാട്ടുതീ പടര്‍ന്ന പശ്ചാത്തലത്തില്‍ ഓസ്‌കര്‍ നാമനിര്‍ദേശങ്ങള്‍ പ്രഖ്യാപിക്കുന്നത് പത്തൊമ്പതില്‍ നിന്നും 23ലേക്ക് മാറ്റിവച്ചു. ഇത് രണ്ടാം തവണയാണ് മാറ്റിവയ്‌ക്കുന്നത്.
കാട്ടുതീ പൂര്‍ണമായി അണച്ചാലും മാസങ്ങളോളം പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പുകനിറഞ്ഞതും മലിനമായതുമായ വായു ശ്വസിക്കുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നതാണ് അധികൃതരെ കുഴയ്‌ക്കുന്നത്. 1400 ഫയര്‍ എന്‍ജിനുകളുടെയും 84 വിമാനങ്ങളുടെയും സഹായത്തോടെ 14000 പേരാണു തീയണയ്‌ക്കാന്‍ അഹോരാത്രം പരിശ്രമിക്കുന്നത്.
കാനഡയില്‍ നിന്ന് എത്തിച്ച സൂപ്പര്‍ സ്‌കൂപ്പര്‍ വിമാനമാണ് തീയണയ്‌ക്കുന്നതിന് ഏറ്റവും പ്രയോജനപ്രദമായിട്ടുള്ളത്. സൂപ്പര്‍ സ്‌കൂപ്പര്‍ മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് 16,000 ഗാലണ്‍ വെള്ളമാണ് തീപടരുന്ന പ്രദേശങ്ങള്‍ക്ക് മുകളില്‍ തളിക്കുന്നത്. ഒരേസമയം കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുപൊങ്ങാനും കഴിയുന്ന ആംഫിബിയസ് വിമാനമാണ് സൂപ്പര്‍ സ്‌കൂപ്പറുകള്‍. കാട്ടുതീ അണയ്‌ക്കുന്നതിനായി പ്രത്യേകം രൂപകല്‍പന ചെയ്തിട്ടുള്ളതാണ് സിഎല്‍ 415 എന്ന ഈ വിമാനം. ഹെലികോപ്ടറുകളെക്കാളും എയര്‍ ടാങ്കറുകളെക്കാളും പ്രവര്‍ത്തന ക്ഷമതയും എളുപ്പവുമാണ് സൂപ്പര്‍ സ്‌കൂപ്പറിന്റെ പ്രവര്‍ത്തനം.
കാനഡയിലെ ക്യൂബെക്കില്‍ നിന്നും 30 വര്‍ഷത്തേക്ക് ലീസിനെടുത്ത് രണ്ട് സൂപ്പര്‍ സ്‌കൂപ്പര്‍ വിമാനങ്ങളാണ് ലോസ് ഏഞ്ചല്‍സില്‍ അഗ്‌നിരക്ഷാ സേനയുടെ പക്കലുള്ളത്. ഇതില്‍ ഒരെണ്ണം മാത്രമാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മറ്റൊരെണ്ണം രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു സ്വകാര്യ വ്യക്തിയുടെ ഡ്രോണ്‍ ഇടിച്ച് തകരാറിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: