India

രാമക്ഷേത്രം ഉയര്‍ന്നദിനം സ്വാതന്ത്ര്യം സാര്‍ത്ഥകമായി; ഈ ദിനം ”പ്രതിഷ്ഠാ ദ്വാദശി” ആയി ദേശീയതലത്തില്‍ ആഘോഷിക്കണം: മോഹന്‍ ഭാഗവത്

Published by

ഇന്‍ഡോര്‍: അയോദ്ധ്യയില്‍ രാമക്ഷേത്രം ഉയര്‍ന്ന ദിനമാണ് ഭാരതത്തിന്റെ സ്വാതന്ത്ര്യം സാര്‍ത്ഥകമായതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഇന്‍ഡോറില്‍ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിക്ക് ദേശീയ ദേവി അഹല്യ അവാര്‍ഡ് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരവധി നൂറ്റാണ്ടുകളായി ശത്രുക്കളുടെ ആക്രമണം നേരിട്ട ഭാരതത്തിന് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചത് രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിലായതിനാല്‍ ഈ തീയതി ”പ്രതിഷ്ഠാ ദ്വാദശി” ആയി ദേശീയതലത്തില്‍ ആഘോഷിക്കണം. രാമക്ഷേത്ര പ്രസ്ഥാനം ഏതെങ്കിലും ഗ്രൂപ്പിനെ എതിര്‍ക്കാനല്ല, മറിച്ച് രാഷ്‌ട്രത്തിന്റെ ആത്മാവിനെ ഉണര്‍ത്താനും, രാജ്യത്തിന് സ്വന്തം കാലില്‍ നില്‍ക്കാനും ലോകത്തിന് വഴികാണിക്കാനുമാണ്.

1947 ആഗസ്ത് 15ന് ഭാരതം ബ്രിട്ടീഷുകാരില്‍ നിന്ന് രാഷ്‌ട്രീയ സ്വാതന്ത്ര്യം നേടിയ ശേഷം, രാഷ്‌ട്രത്തിന്റെ ‘ആത്മാവ്’ കാണിച്ചു തന്ന ദര്‍ശനത്തിന് അനുസൃതമായി ഒരു രേഖാമൂലമുള്ള ഭരണഘടന നിര്‍മിക്കപ്പെട്ടു, പക്ഷേ ആ പ്രമാണം നടപ്പിലാക്കിയില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

2024 ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അയോദ്ധ്യയിലെ ക്ഷേത്രത്തില്‍ രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിച്ചു. എന്നാല്‍ ഹിന്ദു കലണ്ടര്‍ അനുസരിച്ച്, അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ കഴിഞ്ഞ വര്‍ഷം പൗഷ മാസത്തിലെ ‘ശുക്ല പക്ഷ’ ദ്വാദശിയിലാണ് നടന്നത്. ഹിന്ദു ചാന്ദ്ര കലണ്ടര്‍ അനുസരിച്ച് ഈ വര്‍ഷം, 2025 ജനുവരി 11ന് പൗഷ ശുക്ല പക്ഷ ദ്വാദശിയില്‍ പ്രതിഷ്ഠാ ചടങ്ങ് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.

അധിനിവേശക്കാര്‍ ഭാരതത്തിലെ ക്ഷേത്രങ്ങള്‍ വ്യാപകമായി തകര്‍ത്തതോടെ ഭാരതത്തിന്റെ ആത്മാവ് നശിച്ചു. രാമന്റെ ജന്മസ്ഥലത്ത് ക്ഷേത്രം പണിയാന്‍ ചില ശക്തികള്‍ ആഗ്രഹിക്കാത്തതിനാലാണ് രാമക്ഷേത്ര പ്രസ്ഥാനം ഇത്രയും കാലം നീണ്ടുനിന്നത്. കഴിഞ്ഞ വര്‍ഷം അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ വേളയിലോ അതിനു ശേഷമോ രാജ്യത്ത് ഭിന്നതയൊന്നും ഉണ്ടായിട്ടില്ലെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by