ന്യൂദെൽഹി:റഷ്യൻ സൈന്യത്തിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാരെ ഉടൻ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് റഷ്യയോടുള്ള ആവശ്യം ശക്തമാക്കി ഇന്ത്യ. ഉക്രൈന് എതിരായ യുദ്ധത്തിൽ റഷ്യൻ മിലിറ്ററി സപ്പോർട്ട് സർവീസിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവിന്റെ മരണത്തോടെയാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഈ ആവശ്യം കൂടുതൽ ശക്തമാക്കിയത്. ഈ വിഷയം മോസ്കോയിലെ റഷ്യൻ അധികാരികളോടും ന്യൂദെൽഹിയിലെ റഷ്യൻ എംബസിയോടും ശക്തമായി ഉന്നയിച്ചതായി വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. റഷ്യൻ ആർമിയിൽ അവശേഷിക്കുന്ന ഇന്ത്യൻ പൗരന്മാരെ എത്രയും വേഗം ഡിസ്ചാർജ് ചെയ്ത് നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഞങ്ങൾ റഷ്യയോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. തൃശ്ശൂർ സ്വദേശിയായ ബിനില്‍ ടിവി റഷ്യൻ നിയന്ത്രണത്തിലുള്ള ഉക്രൈൻ പ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തിയതായുള്ള വാർത്ത വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഒപ്പം റഷ്യയിലെത്തിയ ജെയിൻ ടികെക്ക് പരിക്കേറ്റ കാര്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ഐടിഐ മെക്കാനിക്കൽ ഡിപ്ലോമക്കാരായ ബിനിൽ, ജയൻ എന്നിവരെ ഇലക്ട്രീഷ്യന്മാരായും പ്ലംബർമാരായും ജോലി നൽകാമെന്ന് വാഗ്ദാനവും നൽകിയാണ് റഷ്യയിലേക്ക് റിക്രൂട്ട് ചെയ്തത്. എന്നാൽ അവിടെ എത്തിയപ്പോൾ അവരുടെ ഇന്ത്യൻ പാസ്പോർട്ടുകൾ പിടിച്ചു വെക്കുകയും അവരെ റഷ്യൻ മിലിട്ടറി സപ്പോർട്ട് സർവീസിന്റെ ഭാഗമായി യുദ്ധം മേഖലയിലേക്ക് വിന്യസിക്കുകയും ചെയ്തതായി വാർത്ത ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. മരിച്ചയാളുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നതായും സാധ്യമായ എല്ലാ സഹായങ്ങളും മോസ്കോയിലെ ഇന്ത്യൻ എംബസി ചെയ്യുന്നതായും ജയ്സ്വാൾ വ്യക്തമാക്കി. മൃതദേഹങ്ങൾ എത്രയും വേഗം ഇന്ത്യയിലേക്ക് എത്തിക്കാനായി ഞങ്ങൾ റഷ്യൻ അധികാരികളുമായി സംസാരിച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ 8 ഇന്ത്യൻ പൗരന്മാർ റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നതിനിടെ മരിച്ചതായാണ് റിപ്പോർട്ട്. റഷ്യൻ സായുധസേനയിൽ ചേർന്നിട്ടുള്ള ഇന്ത്യൻ പൗരന്മാരുടെ എണ്ണം 63 ആണെന്നാണ് നേരത്തെയുള്ള കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക