ന്യൂദെൽഹി:ദെൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന് മുഖ്യമന്ത്രി അതിഷിക്കെതിരെ ഗോവിന്ദപുരി പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. കൽക്കാജി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. തിരഞ്ഞെടുപ്പ് ഓഫീസർക്ക് ഇത് സംബന്ധിച്ച് നേരത്തെ പരാതി ലഭിച്ചിരുന്നു. ബിജെപി ദക്ഷിണ ദെൽഹി ജില്ലാ വൈസ് പ്രസിഡന്റ് സർദാർ കെഎസ് ദുൽ വീഡിയോ സഹിതം ദെൽഹി ചീഫ് ഇലക്ടറേറ്റ് ഓഫീസർക്ക് പരാതി നൽകിയിരുന്നു. മുഖ്യമന്ത്രി അതിഷിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾ കൊണ്ടുപോകാനാണ് ദെൽഹി സർക്കാരിന് കീഴിലുള്ള പൊതുമരാമത്ത് വകുപ്പിന്റെ വാഹനം ഉപയോഗിച്ചത്. സർക്കാർ വാഹനങ്ങൾ ദുരുപയോഗിക്കുന്നതിനുള്ള വ്യക്തമായ തെളിവായ വീഡിയോ ക്ലിപ്പ് അടക്കമാണ് ബിജെപി തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്.
മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചതിനും സർക്കാർ വാഹനം രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിച്ചതിനുമാണ് മുഖ്യമന്ത്രി അതിഷിക്കെതിരെ പോലീസ് എഫ്ഐആർ ഫയൽ ചെയ്തത്.
എന്നാൽ ഇതിനെതിരെ ആം ആദ്മി പാർട്ടി പരസ്യമായി രംഗത്തെത്തി. ദെൽഹി പോലീസും ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയുടെ കീഴിലാണ് പ്രവർത്തിക്കുന്നതെന്ന് അവർ ആരോപിച്ചു. അവരുടെ നേതാക്കൾ പണം, സാരികൾ, പുതപ്പുകൾ, സ്വർണം മുതലായവ വോട്ടർമാർക്ക് പരസ്യമായി വിതരണം ചെയ്യുന്നു. വ്യാജ വോട്ടുകൾ ഉണ്ടാക്കുന്നു. എന്നിട്ടും ഒരു എഫ്ഐആർ പോലും അവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ മുഖ്യമന്ത്രി അതിഷിക്കെതിരെ പരാതി ലഭിച്ചയുടനെ തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ആം ആദ്മി പാർട്ടി ഇത്തരം വ്യവസ്ഥിതിക്കെതിരെ പോരാടുകയാണ്. ഈ ചീഞ്ഞളിഞ്ഞ സമ്പ്രദായം മാറ്റി ശുദ്ധീകരിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി ജനങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണ് എഎപി. ബിജെപിയും കോൺഗ്രസും ഒരേ ജീർണിച്ച സംവിധാനത്തിന്റെ ഭാഗമാണ്. അരവിന്ദ് കെജരിവാൾ എക്സിലെ കുറിപ്പിൽ വ്യക്തമാക്കി.
ദെൽഹി സർക്കാരിന്റെ കീഴിലുള്ള പൊതുമരാമത്ത് വകുപ്പിന്റെ വാഹനം രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിച്ചത് ചൂണ്ടിക്കാട്ടി ശനിയാഴ്ച്ചയാണ് കൽക്കാജി മണ്ഡലം തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി ലഭിച്ചത്. ഇതിനെ തുടർന്നാണ് ന്യായ വ്യവസ്ഥ സംഹിത സെക്ഷൻ 223 പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. ആറുമാസം വരെ തടവും 2500 രൂപ വരെ പിഴയുമാണ് ഇതിനുള്ള ശിക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: