കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ സഹകരണ ബാങ്കില്‍ നിയമനത്തിനായി 15 ലക്ഷം രൂപ നല്‍കിയതായി വെളിപ്പെടുത്തല്‍. ബത്തേരി വടക്കനാട് സ്വദേശി അനീഷ് ജോസഫ് ആണ് പണം നല്‍കിയത്.
ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ പി എ ആയിരുന്ന ബെന്നിക്ക് പണം നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. 2013 ലാണ് സംഭവം. ഭാര്യയുടെ നിയമനത്തിനായാണ് പണം നല്‍കിയതെന്ന് അനീഷ് പറയുന്നു. എംഎല്‍എയുടെ അറിവോടെയാണ് പണം വാങ്ങിയതെന്നും അനീഷ് വ്യക്തമാക്കി. പണം കൊടുത്തതിന്റെ രേഖകള്‍ സഹിതം അനീഷ് ഡിവൈഎസ്പിക്ക് പരാതി നല്‍കി.
രണ്ടരലക്ഷം രൂപ തിരിച്ചുകിട്ടി. ലോണ്‍ എടുത്താണ് പണം നല്‍കിയത്. ലോണ്‍ തിരിച്ചടക്കാന്‍ സ്ഥലം വില്‍ക്കേണ്ടി വന്നുവെന്നും അനീഷ് പറയുന്നു. എംഎല്‍എയുടെ അറിവോടെയാവാം പണം വാങ്ങിയതെന്നും അനീഷ് പറഞ്ഞു. എന്‍ എം വിജയന്‍ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസില്‍ ഐ സി ബാലകൃഷ്ണന്‍ പ്രതിസ്ഥാനത്ത് നില്‍ക്കെയാണ് അദ്ദേഹത്തിന്റെ പിഎക്കെതിരെയും ആരോപണം ഉയര്‍ന്നിരിക്കുന്നത്.
അതേ സമയം വയനാട് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ പ്രതി ചേര്‍ത്തിരുന്നു. കേസില്‍ ഒന്നാം പ്രതിയാണ് എംഎല്‍എ. ഐസി ബാലകൃഷ്ണനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും പോലീസ് ചുമത്തിയിരുന്നു.
ഐ സി ബാലകൃഷ്ണന് പുറമേ എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവരെയും പോലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: