ന്യൂദെൽഹി:രാജ്യത്തെ 10 സംസ്ഥാനങ്ങളിലായി 56 പുതിയ നീർത്തട വികസന പദ്ധതികൾ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ. ഇതിനായി 700 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം അംഗീകാരം നൽകി. രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക, ഒഡീഷ, തമിഴ്നാട്, അസം, നാഗാലാൻഡ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളുടെ പദ്ധതികളാണ് കേന്ദ്രസർക്കാർ ഏറ്റെടുക്കുന്നത്. ഓരോ സംസ്ഥാനത്തെയും പദ്ധതിക്ക് 5000 ഹെക്ടർ വിസ്തീർണ്ണം ഉണ്ടാകും. എന്നാൽ ചില മലയോര സംസ്ഥാനങ്ങളിൽ വിസ്തീർണ്ണത്തിന്റെ കാര്യത്തിൽ കുറവുണ്ടാകും. ഭൂമിയുടെ സംയോജിതമായ വീണ്ടെടുക്കലും കാര്യക്ഷമമായ ഉപയോഗവുമാണ് ഈ പദ്ധതികളിലൂടെ ഉറപ്പാക്കുന്നത്. ഈ പദ്ധതികൾ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും ഭൂമിക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനും കാലാവസ്ഥ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സഹായകമാകും. പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയിലെ നീർത്തട വികസന ഘടകം പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. ഇത് പ്രകാരം മുൻകാലങ്ങളിൽ നടപ്പിലാക്കിയ പദ്ധതികൾ വിലയിരുത്തിയപ്പോൾ ഭൂഗർഭ ജലവിതാനത്തിൽ ഗണ്യമായ പുരോഗതി, ഉപരിതല ജലത്തിന്റെ ലഭ്യത, വിള ഉൽപാദനക്ഷമത, കർഷകരുടെ വരുമാനം എന്നിവയിൽ വൻ പുരോഗതി ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു ഇത്തരം ഇടപെടലുകളിലൂടെ സുസ്ഥിരവികസനം ഉറപ്പാക്കാനുള്ള ശ്രമവും നടക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: