India

നടിയും, അവതാരകയും, ഫിറ്റ്നസ് പരിശീലകയുമായി ജീവിതം ആഘോഷിച്ച ഹർഷ റിച്ചാരിയ ; രണ്ട് വർഷമായി സന്യാസജീവിതം ; സമാധാനം ലഭിച്ചത് ഇപ്പോഴാണെന്നും ഹർഷ

Published by

ലക്നൗ : പൗഷ് പൂർണിമയുടെ ശുഭദിനത്തിൽ ഇന്ന് പ്രയാഗ് രാജിൽ മഹാകുംഭമേളയ്‌ക്ക് തുടക്കമായി. ദശലക്ഷക്കണക്കിന് ഭക്തർ ഗംഗാ നദിയിൽ പുണ്യസ്‌നാനം നടത്തി. ലോകമെമ്പാടുമുള്ള പ്രമുഖ വ്യക്തികൾ, സന്യാസിമാർ, ആത്മീയ നേതാക്കൾ എന്നിവർ കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിൽ എത്തും.

മഹാകുംഭമേളയ്‌ക്കെത്തിയവരിൽ ഹർഷ റിച്ചാരിയ എന്നറിയപ്പെടുന്ന സാധ്വിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് . സുന്ദരിയായ സാധ്വി എന്നാണ് ഹർഷ റിച്ചാരിയ ഇപ്പോൾ അറിയപ്പെടുന്നത് .

ഇതിനിടെ ഇപ്പോഴിതാ തന്റെ പൂർവ്വാശ്രമ ജീവിതത്തെ പറ്റി ഹർഷ റിച്ചാരിയ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഇത്ര സുന്ദരിയായിട്ടും എന്തുകൊണ്ടാണ് സാധ്വിയാകാൻ തീരുമാനിച്ചതെന്നായിരുന്നു യൂട്യൂബറുടെ ചോദ്യം. അതിനു വളരെ മനോഹരമായാണ് സാധ്വി മറുപടി നൽകുന്നത് .

‘ ഞാൻ ഉത്തരാഖണ്ഡിൽ നിന്നുള്ളവളാണ്, ആചാര്യ മഹാമണ്ഡലേശ്വരന്റെ ശിഷ്യയാണ്. എനിക്ക് ആവശ്യമുള്ളത് ഉപേക്ഷിച്ച് ഈ പാത സ്വീകരിച്ചു. ആന്തരിക സമാധാനത്തിനായി ഞാൻ ഒരു സാധ്വിയുടെ ജീവിതം തിരഞ്ഞെടുത്തു. എനിക്ക് 30 വയസ്സുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി ഒരു സാധ്വിയായി ജീവിക്കുകയാണെന്നും‘ അവർ പറഞ്ഞു.

താൻ മുൻപ് നടിയായിരുന്നുവെന്നും അവർ വെളിപ്പെടുത്തി. ‘ അഭിനയം, ആങ്കറിംഗ്, ലോകം ചുറ്റി സഞ്ചരിക്കൽ തുടങ്ങി ജീവിതത്തിൽ നിങ്ങൾ വളരെയധികം നേട്ടങ്ങൾ കൈവരിക്കുമ്പോൾ, അതൊന്നും യഥാർത്ഥ സമാധാനം നൽകുന്നില്ലെന്ന് നിങ്ങൾ മനസ്സിലാക്കണം. നിങ്ങൾക്ക് പ്രശസ്തിയും അംഗീകാരവും ലഭിച്ചേക്കാം, പക്ഷേ സമാധാനമില്ല. ഭക്തി നിങ്ങളെ ആകർഷിക്കാൻ തുടങ്ങുമ്പോൾ, നിങ്ങൾ ലൗകിക ബന്ധങ്ങളിൽ നിന്ന് പിന്തിരിഞ്ഞ് പ്രാർത്ഥനയിലും സ്തുതിഗീതങ്ങളിലും ദൈവത്തോടുള്ള ഭക്തിയിലും മുഴുകുന്നു.” അവർ പറഞ്ഞു.

ഇൻസ്റ്റാഗ്രാമിൽ 690,000-ത്തിലധികം ഫോളോവേഴ്‌സ് ഉള്ള താരമായിരുന്നു ഹർഷ .അവതാരകയും ബ്ലോഗറും ഫിറ്റ്നസ് പരിശീലകയുമായി ജീവിതം ആഘോഷിച്ച വ്യക്തിയുമാണ് ഹർഷ .

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by