ന്യൂദെൽഹി:ഝാർഖണ്ഡ് സംസ്ഥാനത്തെ മുനിസിപ്പൽ തെരഞ്ഞെടുപ്പ് തീയതി ഇനിയും പ്രഖ്യാപിക്കാത്തതിന് സംസ്ഥാന സർക്കാരിനെ ഝാർഖണ്ഡ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഒബിസി സംവരണത്തിനായുള്ള ട്രിപ്പിൾ ടെസ്റ്റ് പ്രക്രിയ നടക്കുന്നതിന്റെ പേരിൽ തിരഞ്ഞെടുപ്പ് അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കാൻ ആവില്ലെന്ന് കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയക്കാനും ഹർജികളിൽ ജനുവരി 16ന് വാദം കേൾക്കാനും കോടതി തീരുമാനിച്ചു. സ്ഥാനമൊഴിഞ്ഞ റാഞ്ചി മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലർ റോഷ്നി ഖൽക്കോ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജികളിലാണ് ഝാർഖണ്ഡ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. മുനിസിപ്പൽ തിരഞ്ഞെടുപ്പ് തീയതികൾ മൂന്നാഴ്ചക്കകം പ്രഖ്യാപിക്കണമെന്ന് കഴിഞ്ഞ ജനുവരി നാലിന് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവ് പാലിക്കാൻ വേണ്ടിയുള്ള നടപടിക്രമങ്ങൾ സംസ്ഥാന സർക്കാർ സ്വീകരിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ഖോൽക്കോ ഉൾപ്പെടെയുള്ളവർ കോടതിയിലെ ലക്ഷ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ മുനിസിപ്പൽ സ്ഥാപനങ്ങളിലെ ഒബിസി സംവരണ ശതമാനം നിർണയിക്കുന്നതിനുള്ള ട്രിപ്പിൾ ടെസ്റ്റ് പ്രക്രിയ ഇപ്പോഴും നടക്കുന്നുണ്ടെന്നും അത് പൂർത്തിയാകുമ്പോൾ തിരഞ്ഞെടുപ്പ് നടത്തുമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് ആനന്ദ് സെൻ മുമ്പാകെ നടന്ന വാദത്തിനിടെ സംസ്ഥാന സർക്കാർ കോടതിയിൽ വ്യക്തമാക്കി. എന്നാൽ ഈ ട്രിപ്പിൾ ടെസ്റ്റിന്റെ മറവിൽ തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കുന്നത് അനുചിതവും ഭരണഘടനയുടെ ലംഘനവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പലതവണ ആവശ്യപ്പെട്ടിട്ടും പുതുക്കിയ വോട്ടർ പട്ടിക ഇതുവരെ നൽകിയിട്ടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകൻ കോടതി അറിയിച്ചു സംസ്ഥാന സർക്കാരിന്റെ സഹകരണം ഇല്ലായ്‌മയും വാദത്തിനിടെ കമ്മീഷൻ ചൂണ്ടിക്കാട്ടി. സ്ഥിതിഗതികൾ ഗൗരവമായി പരിഗണിച്ചതിനെ തുടർന്നാണ് കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയക്കാൻ നിർദ്ദേശം നൽകിയത്. ജാർഖണ്ഡിലെ എല്ലാ മുനിസിപ്പൽ സ്ഥാപനങ്ങളുടെയും കാലാവധി 2023 ഏപ്രിലിൽ അവസാനിച്ചിരുന്നു. പുതിയ തദ്ദേശഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് 2023 ഏപ്രിൽ 27നകം നടക്കേണ്ടതായിരുന്നു. തിരഞ്ഞെടുപ്പ് നടത്തുന്നതിന് മുമ്പ് ഒബിസി സംവരണ ശതമാനം സംബന്ധിച്ച് തീരുമാനം അന്തിമമാക്കുന്നതിനുള്ള ട്രിപ്പിൾ ടെസ്റ്റ് നടപടികൾ പൂർത്തിയാക്കാനുള്ള സർക്കാരിന്റെ തീരുമാനമാണ് ഈ കാലതാമസത്തിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: