ന്യൂദെൽഹി:ദെൽഹി സംസ്ഥാന നിയമസഭയിലേക്ക് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദെൽഹിയിലെ ഇടതുപക്ഷ പാർട്ടികളുടെ ദയനീയ സ്ഥിതി ചർച്ചാവിഷയമാവുകയാണ്. ഒരുകാലത്ത് ഇന്ത്യൻ ലോകസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം വരെ അലങ്കരിച്ചിരുന്ന സിപിഎം ഉൾപ്പെടെയുള്ള ഇടത് രാഷ്‌ട്രീയ പാർട്ടികൾ തങ്ങളുടെ സാന്നിധ്യം പോലും അറിയിക്കാൻ കഴിയാത്ത ദയനീയ സ്ഥിതിയിലാണെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. ആറു നിയമസഭാ മണ്ഡലങ്ങളിൽ ഇടതുപക്ഷ പാർട്ടികൾ മത്സരിക്കുമെന്നാണ് വൃന്ദാ കാരാട്ട് റാഞ്ചിയിൽ അവിടെ സിപിഎം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ സിപിഎം മത്സരിക്കുന്ന രണ്ട് സീറ്റുകൾ ഉൾപ്പെടെയുള്ള ഇടത് പാർട്ടികളുടെ ഈ ആറ് സീറ്റുകൾ ഏതൊക്കെയാണെന്ന് ഇതുവരെ പ്രഖ്യാപിക്കാനോ സ്ഥാനാർത്ഥനിർണയം നടത്താനോ ഇടതു പാർട്ടികൾ തയ്യാറായിട്ടില്ല. 6 സീറ്റുകളിൽ ഇടത് പാർട്ടികൾ മത്സരിക്കുമെന്ന് വൃന്ദ കാരാട്ട് പറയുമ്പോഴും അവർ ഊന്നൽ നൽകുന്നത് ബിജെപിയെ പരാജയപ്പെടുത്താൻ ശക്തിയുള്ള സ്ഥാനാർത്ഥികൾക്ക് ബാക്കി മണ്ഡലങ്ങളിൽ പിന്തുണ നൽകുമെന്നാണ്. ദെൽഹിയിലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഈ ഇടതു പാർട്ടികളുടെ പിന്തുണ സംബന്ധിച്ച് സിപിഎം അംഗമായ വൃന്ദ കാരാട്ട് നടത്തിയ പ്രസ്താവനയെ എഎപിയും കോൺഗ്രസും മുഖവിലക്ക് പോലും എടുക്കുന്നില്ല എന്നുള്ളതാണ് വസ്തുത. കാരണം ഒരു മണ്ഡലത്തിൽ നൂറു വോട്ട് പോലും തികക്കാൻ കഴിയാത്ത ദുർബലരായ സംഘടനകളാണ് സിപിഐയും സിപിഎമ്മും ഉൾപ്പെടെയുള്ള ഇടത് പാർട്ടികളെന്ന് കോൺഗ്രസിനും എഎപിക്കും വ്യക്തമായി അറിയാവുന്നതാണ്. ഇന്ത്യ സഖ്യത്തിലെ ഈ രണ്ട് പാർട്ടികളായ എഎപിയും കോൺഗ്രസും ചേരിതിരിഞ്ഞ് മത്സരിക്കുമ്പോൾ മുമ്പൊക്കെ ചെയ്തിരുന്നതുപോലെ ഇവരെ ആശയപരമായി വിലയിരുത്തി ആർക്കാണ് പിന്തുണ നൽകുകയെന്ന് പ്രഖ്യാപിക്കാൻ പോലും കഴിയാത്ത ദയനീയ സ്ഥിതിയിലാണ് സിപിഐഎം ഉൾപ്പെടെയുള്ള ഇടത് പാർട്ടികൾ.
മറ്റു ദേശീയ പാർട്ടികളെ വെല്ലുന്ന തരത്തിൽ വലിയ ആസ്ഥാനമന്ദിരങ്ങളിൽ അടയിരിക്കുന്ന ഒട്ടേറെ ദേശീയ നേതാക്കൾ ഈ ഇടത് പാർട്ടികൾക്കുണ്ട്. ആസ്ഥാന മന്ദിരങ്ങളിലിരുന്ന് പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റി യോഗവും ചേർന്ന് ഇന്ത്യയിലെ രാഷ്‌ട്രീയ സ്ഥിതിഗതികൾ ചർച്ച ചെയ്ത് മാധ്യങ്ങളോട് പ്രതികരിക്കുക മാത്രമാണ് ഈ പാർട്ടികളുടെ പ്രവർത്തന പദ്ധതി. ദെൽഹി നിയമസഭയിലേക്ക് രാജ്യ തലസ്ഥാനത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ പങ്ക് നിർവഹിക്കാനുള്ള ചർച്ച പോലും നടക്കാത്തത് ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ദുരവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്. സിപിഐയും സിപിഎമ്മും അടക്കമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഭാഗഭാക്കായ ഇന്ത്യ സഖ്യം ചേരിതിരിഞ്ഞ് മത്സരിക്കുമ്പോൾ ഇവരിൽ ആരോടൊപ്പം നിൽക്കണമെന്നുള്ള വ്യക്തമായ അഭിപ്രായം പ്രകടിപ്പിക്കാൻ കഴിയാത്ത തീർത്തും നിസഹായാവസ്ഥയിലാണ് ഇരുകമ്മ്യൂണിസ്റ്റ് പാർട്ടികൾ ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർട്ടികൾ.
രാജ്യ തലസ്ഥാനമായ ദെൽഹിയിലെ സാമൂഹ്യ രാഷ്‌ട്രീയ സാംസ്കാരിക മേഖലകളിൽ സജീവമായി ഇടപെടാനോ ജനങ്ങളെ ബാധിക്കുന്ന ജീവൽ പ്രശ്നങ്ങളിൽ എന്തെങ്കിലും സമര പരിപാടികളോ പ്രതിഷേധങ്ങളോ സംഘടിപ്പിക്കാനോ കഴിയാതെ വർഷങ്ങളായി പ്രവർത്തനം മന്ദീഭവിച്ച നിലയിലാണ് ഇടതുപക്ഷ പാർട്ടികൾ രാജ്യതലസ്ഥാനത്ത് നിലകൊള്ളുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: