ന്യൂദെൽഹി:ബംഗ്ലാദേശിൽ ഭരണമാറ്റത്തെ തുടർന്ന് ഉണ്ടായ രാഷ്ട്രീയ അരാജകത്വവും സാമ്പത്തിക പ്രതിസന്ധിയും ഇന്ത്യയിലെ കോട്ടൺ വ്യവസായത്തിന് കൂടുതൽ ഗുണകരമാകുന്നു. പ്രത്യേകിച്ച് കർണ്ണാടകയിൽ ബെല്ലാരിയിലെ കോട്ടൺ വ്യവസായത്തിന് ഈ സാഹചര്യം വലിയ വളർച്ചയുണ്ടാക്കിയതായി കണക്കുകൾ വ്യക്തമാക്കുന്നു. കർണാടക ജില്ലയിലെ ബെല്ലാരിയിലെ ജീൻസ് തുണി വ്യവസായത്തിനാണ് ബംഗ്ലാദേശിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ മൂലം വലിയ ഉത്തേജനം ലഭിച്ചത്. ബെല്ലാരിയുടെ ജീൻസ് ഉത്പാദനം 30 ശതമാനത്തിലധികം വർദ്ധിച്ചതായാണ് കണക്ക്. ബംഗളുരുവിലെയും ആന്ധ്രപ്രദേശിലെയും തുണി മൊത്ത വ്യാപാരികൾ കയറ്റുമതിക്കായി ബെല്ലാരിയിലെ ജീൻസ് തുണിത്തരങ്ങൾക്ക് വലിയ ഓർഡറുകൾ നൽകുന്നുണ്ടെന്നും ഇത് ഉൽപാദനത്തിലും വില്പനയിലും വലിയ കുതിച്ചുചാട്ടം ഉണ്ടാക്കിയതായും ബെല്ലാരിയിലെ പോളക്സ് ജീൻസ് ഉടമ മല്ലികാർജുൻ പറയുന്നു. ഇവർ നേരത്തെ ബംഗ്ലാദേശിനെ ആയിരുന്നു ആശ്രയിച്ചിരുന്നത്. ഞങ്ങളുടെ തുണിത്തരങ്ങളുടെ ഗുണനിലവാരം ബംഗ്ലാദേശിനെ പോലെ ലോകോത്തരമാണെന്ന് ബെല്ലാരിയിലെ തുണി വ്യാപാരികൾ പറയുന്നു. നേരത്തെ ജീൻസ് തുണിത്തരങ്ങളുടെ ലോകത്തിലെ രണ്ടാമത്തെ വലിയ കയറ്റുമതിക്കാരായി അറിയപ്പെടുന്ന ബംഗ്ലാദേശ് അതിന്റെ മികച്ച ഗുണനിലവാരത്തിന് ലോകപ്രശസ്തി നേടിയിരുന്നു. എന്നാൽ കഴിഞ്ഞവർഷം ഓഗസ്റ്റിൽ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ബംഗ്ലാദേശിൽ ഉണ്ടായ വലിയ രാഷ്ട്രീയ സംഘർഷവും തുടർന്നുണ്ടായ ഭരണമാറ്റവും ഈ മേഖലയെ സാരമായി ബാധിച്ചിരിക്കുകയാണ്. രാജ്യത്തെ അരക്ഷിതാവസ്ഥ ഉൽപാദന കയറ്റുമതി മേഖലകളെ തടസ്സപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യം മൂലം ബംഗ്ലാദേശിൽ ലഭിച്ച ഓർഡറുകളുടെ ഡെലിവറി വൈകുന്നതാണ് ഈ വ്യവസായത്തിന്റെ വളർച്ചയെ സാരമായി ബാധിച്ചിരിക്കുന്ന ഒരു കാര്യം. ഇതിനെ തുടർന്നാണ് ലോകത്തിലെ ജീൻസ് വ്യവസായ മേഖലയിലുള്ളവരുടെ ശ്രദ്ധ ഇന്ത്യൻ വിപണിയിലേക്ക് തിരിയാൻ കാരണം. എന്നാൽ ഇന്ത്യയിലെ പ്രത്യേകിച്ച് കർണാടക സംസ്ഥാനത്തെ ബെല്ലാരി ജില്ലയിലെ ജീൻസ് തുണിത്തരങ്ങൾക്ക് ഓർഡർ വർദ്ധിച്ചിട്ടും വില വർധിപ്പിക്കാൻ ബെല്ലാരിയിലെ വ്യവസായികൾ തയ്യാറായില്ലെന്ന് മല്ലികാർജുൻ എന്ന വ്യവസായി പറയുന്നു. ബംഗ്ലാദേശിലെ തുണി വ്യവസായവുമായി ബന്ധപ്പെട്ട് ധാരാളം ഇന്ത്യക്കാർ പ്രവർത്തിച്ചിരുന്നുവെന്നും എന്നാൽ ബംഗ്ലാദേശിൽ ഉണ്ടായ ഭരണ മാറ്റത്തെ തുടർന്ന് അവിടുത്തെ ന്യൂനപക്ഷങ്ങളായ ഹിന്ദുമതവിഭാഗങ്ങൾക്ക് എതിരെ ശക്തമായ ആക്രമണങ്ങളുണ്ടായപ്പോൾ കോട്ടൺ തുണി വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന ധാരാളം ഇന്ത്യക്കാർ അതിൽനിന്നും വിട്ടുനിൽക്കുകയാണ് ചെയ്തതെന്നുമാണ് റിപ്പോർട്ട്. തുടർന്ന് ബംഗ്ലാദേശിൽ വ്യാപാരം ചെയ്തിരുന്ന ഇന്ത്യൻ വ്യാപാരികൾ കർണാടകയിലെ ബല്ലാരി ജില്ലയിലുള്ള ജീൻസ് തുണി വ്യാപാരത്തെ ആശ്രയിക്കാൻ തുടങ്ങി. ഇത് ബല്ലാരിയിലെ തുണി വ്യവസായത്തിൽ 30 ശതമാനത്തിലേറെ വളർച്ചയുണ്ടാക്കിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ നിരവധി അന്താരാഷ്ട്ര ബ്രാൻഡുകൾ ബെല്ലാരിയിൽ നിന്നും ജീൻസ് തുണിത്തരങ്ങൾ വാങ്ങുകയാണെന്ന് ബെല്ലാരിയിലെ ജീൻസ് തുണി വ്യാപാരം നടത്തുന്ന വേണുഗോപാൽ എന്ന വ്യാപാരി പറയുന്നു. കോട്ടൺ തുണി വ്യാപാരമേഖലയിലെ ഈ സാഹചര്യം ഒട്ടേറെ അനുബന്ധ വ്യാപാര മേഖലയിലും വളർച്ചയുണ്ടാക്കിയതായാണ് സൂചന. പ്രത്യേകിച്ചും ഗുഡ്സ് പാക്കിംഗ് മേഖലയിൽ നിരവധി തൊഴിൽ അവസരങ്ങൾ ഉണ്ടായതായി വ്യാപാരികൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: