മലയാളത്തിൽ നിന്നെത്തി തെന്നിന്ത്യൻ സിനിമാലോകം ഒന്നടങ്കം കീഴടക്കിയ താരമാണ് നയൻതാര. നടൻ ധനുഷുമായി ബന്ധപ്പെട്ട വിവാദങ്ങൾ താരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ വിമർശനങ്ങൾക്ക് ഇരയാവുകയാണ് നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും. ഒരു പരിപാടിയിൽ വൈകി എത്തിയതാണ് രൂക്ഷ വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്.
നടിയുടെ ബ്രാൻഡായ ഫെമി 9ന്റെ പ്രമോഷന്റെ ഭാഗമായാണ് മീറ്റപ്പ് സംഘടിപ്പിച്ചത്. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർ ഉൾപ്പടെ പരിപാടിയിൽ എത്തിയിരുന്നു. എന്നാൽ പരിപാടിയിലേക്ക് നയൻതാര എത്തിയത് 6 മണിക്കൂർ വൈകിയാണ് എന്നാണ് ആരോപണം. 9 മണിക്ക് വരുമെന്ന് പറഞ്ഞ താരം എത്തിയത് ഉച്ചയ്‌ക്ക് 3 മണിയ്‌ക്കാണ്. അതിനാൽ വൈകിട്ട് 6 മണിക്കാണ് പരിപാടി അവസാനിച്ചത്. ഇൻഫ്ളുവൻസർമാർ തന്നെയാണ് താരം വൈകിയെത്തിയതിനെക്കുറിച്ച് വെളിപ്പെടുത്തിയത്
പരിപാടിയുടെ ചിത്രങ്ങൾ നയൻതാരയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ‘ഈ സ്‌നേഹം മതി. ഞങ്ങളുടെ ഫെമി 9 കുടുംബം വലുതാകുകയാണ്, ഞങ്ങള്‍ക്ക് ഇതിലും സന്തുഷ്ടരാകാന്‍ കഴിയില്ല. ഇങ്ങനൊരു ജീവിതത്തിന് കൂടുതല്‍ നന്ദി..’ – എന്ന കുറിപ്പിൽ ആരാധകർക്കൊപ്പമുള്ള ചിത്രമാണ് നയൻതാര പങ്കുവച്ചത്. എന്നാൽ പോസ്റ്റിനു താഴെ നടിയെ വിമർശിച്ചുകൊണ്ടുള്ള കമന്റുകൾ നിറയുകയാണ്.
ആറു മണിക്കൂർ വൈകിയെത്തിട്ടും താരം ക്ഷമാപണം നടത്താത്തതിലും വിമർശനം ഉയരുന്നുണ്ട്. തങ്ങളുടെ സമയത്തിന് വില ഇല്ലേ എന്നും സമയത്തിന് എത്തിയ തങ്ങൾ പൊട്ടന്മാരാണോ എന്നുമാണ് പലരും ചോദിക്കുന്നത്. പരിപാടിക്ക് ശേഷം ഇൻഫ്ളുവൻസർമാരെ കാണുമെന്ന് പറഞ്ഞിരുന്നു. എന്നാൽ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരുന്നത് എന്നാണ് പറയപ്പെടുന്നത്. ഫോട്ടോ എടുക്കാൻ വന്ന കൊച്ചുകുട്ടികളെ പോലും അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. സംഭവത്തിൽ പ്രതികരിക്കാൻ നയൻതാര ഇതുവരെ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക