ഓം നമഃശിവായ എന്ന മന്ത്രത്താല്‍ സര്‍വ്വ കര്‍മ്മ ബന്ധങ്ങളെയും മഹാദേവന്‍ വിമോചനനാക്കുന്നു. ശൈവരും വൈഷ്ണവരും ഒരു പോലെ ആരാധിക്കുന്ന കലയും വ്രതാനുഷ്ഠാനവുമാണ് ധനുമാസത്തിലെ തിരുവാതിര.
പാര്‍വ്വതീദേവിയുടെയും മഹാദേവന്റെയും അനുഗ്രഹം നേടാന്‍ തിരുവാതിര വ്രതം ഭക്തന്മാര്‍ അനുഷ്ഠിക്കുന്നു. കേരളത്തിലെ അംഗനമാരുടെ നൃത്തോത്സവമാണ് തിരുവാതിര. പാര്‍വ്വതിദേവിയുടെ സാന്നിധ്യത്തോടെ പൂജാദികാര്യങ്ങള്‍ നടത്തുന്ന ശിവ ക്ഷേത്രങ്ങളിലാണ് തിരുവാതിര മഹോത്സവമായി ആഘോഷിക്കുന്നത്. വൈക്കം മഹാദേവക്ഷേത്രം, ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം, ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രം, പാറശ്ശാല മഹാദേവക്ഷേത്രം തുടങ്ങി പല പ്രമുഖ ക്ഷേത്രങ്ങളിലും തിരുവാതിര ആഘോഷിക്കുന്നു.
നമഃശിവായ എന്ന പഞ്ചാക്ഷരീ മന്ത്രജപം ജന്മജന്മാന്തരങ്ങളായിട്ടുള്ള പാപകര്‍മ്മങ്ങളെ ഇല്ലാതാക്കുമെന്ന് പറയുന്നു. പാപപുണ്യങ്ങള്‍ മഹാ പര്‍വ്വതം പോലെ ഒരോ ജീവനും
തരണം ചെയ്യേണ്ടതാണ്. ഇതിനെ തരണം ചെയ്യുന്നതാണ് സഞ്ചിത കര്‍മ്മം എന്ന് പറയുന്നത്. സഞ്ചിത കര്‍മ്മത്തെ തന്നെയാണ് ആഗമകര്‍മ്മമെന്നും പറയുന്നത്. ജ്ഞാനമാകുന്ന അഗ്നിയില്‍ വലിയ തടിക്കഷ്ണങ്ങള്‍ ഭസ്മമാകുന്നതുപോലെ ശിവാഗ്നിയില്‍ പാപം ഭസ്മമാകും. ശിവജ്ഞാനാഗ്നിയില്‍ എല്ലാ പാപകര്‍മ്മവും ഇല്ലാതാകും. തിരുവാതിര വ്രതവും ശിവഭജനയും ആത്മാവിനെ ശുദ്ധമാക്കി പൂര്‍ണ്ണ പരിശുദ്ധരാക്കുന്നു.
തിരുവാതിരക്കളിയും ചടങ്ങും
കേരളത്തിലെ ഒരു നൃത്തോത്സവമായി തിരുവാതിരക്കളി അറിയപ്പെടുന്നു. ഭഗവാന്‍ പരമേശ്വരന്റെ ജന്മ നക്ഷത്രമാണ് ധനുമാസത്തിലെ തിരുവാതിര. ശൈവര്‍ പാര്‍വ്വതി ദേവി ശിവനെ ഭര്‍ത്താവായി ലഭിക്കുവാന്‍ എടുത്ത വ്രതമായി തിരുവാതിരയെ കാണുമ്പോള്‍ വൈഷ്ണവര്‍ ഗോപസ്ത്രീകള്‍ ശ്രീകൃഷ്ണനെ ഭര്‍ത്താവായി ലഭിക്കുവാന്‍ എടുത്ത വ്രതമായി സങ്കല്പിക്കുന്നു. ലാസ്യഭംഗി നിറഞ്ഞു നില്‍ക്കുന്നതും ശുദ്ധമായ നേര്യത് വസ്ത്രത്തില്‍ ശോഭിതമായി തലമുടിയില്‍ മുല്ല പൂക്കള്‍ ചൂടി പാട്ടിനനുസരിച്ച് താളമിട്ട് ചുവടു വച്ച് ഏഴ് തിരിയിട്ട നിലവിളക്കിന് മുന്നില്‍ വട്ടമിട്ട് നടത്തുന്ന കേരള തനിമ നിറഞ്ഞു നില്‍ക്കുന്ന തിരുവാതിരക്കളി കേരളീയരുടെ ഒരു പൈതൃക സ്വത്താണ്.
തിരുവാതിര നാളില്‍ ഉപവാസം ചെയ്ത് എള്ളിന്‍ രസം ദാനം ചെയ്താല്‍ മനുഷ്യന് എല്ലാ തടസ്സങ്ങളും മറികടക്കാന്‍ കഴിയുമെന്ന് നക്ഷത്രയോഗം പറയുന്നു. ഈ നാളില്‍ പാര്‍വ്വതീദേവിയെ അംബിക, ആര്യ, ഉമ, ഭീമ, ശൈലപുത്രി, ശൈലരാജസുത, ശാകംഭരി, ശര്‍വ്വാണി, ദേവേശി, ദേവി, ദുര്‍ഗ്ഗ, ഗൗരി, ഗിരിസുത, ഗിരിരാജാത്മജ, മാഹേശ്വരി, പാര്‍വ്വതരാജകന്യ, രുദ്രാണി, രുദ്രപതി, ത്രിഭുവനേശ്വരിതുടങ്ങിയ പേരുകളില്‍ സങ്കല്പിച്ച് ദേവിയെ സ്തുതിക്കുന്നു.
ശിവശ്ശക്ത്യാ യുക്തോ യദി ഭവതി ശക്തഃ പ്രഭവിതും
നചേ ദേവം ദേവോ ന ഖലു കുശലഃ സ്പന്ദിതുമപി
അതസ്ത്വാമാരാദ്ധ്യാം ഹരിഹരവിരിഞ്ചാദിഭിരപി
പ്രണന്തും സ്‌തോതും വാ കഥമകൃതപുണ്യഃ പ്രഭവതി.
നിഷ്‌കള ബ്രഹ്മസ്വരൂപിയായ പരമശിവന്‍ ശക്തിസ്വരൂപിണിയായ പാര്‍വ്വതിയോട് ചേര്‍ന്ന് പ്രപഞ്ച സൃഷ്ട്യാദി കര്‍മ്മങ്ങള്‍ക്ക് ശക്തനായി ഭവിക്കുന്നു. വിഷ്ണു, രുദ്രന്‍, ബ്രഹ്മാവ് മുതലായ ദേവശ്രേഷ്ഠന്മാരാല്‍ ഉപാസിക്കപ്പെടുവാന്‍ യോഗ്യയായ ദേവിയെ സ്തുതിക്കാത്തവര്‍ക്ക് ഒന്നും ചെയ്യാന്‍ ത്രാണിയുണ്ടായിരിക്കില്ല. ശിവന്‍ ശക്തിരൂപമായ ഭാര്യയോടു ചേര്‍ന്നാല്‍ മാത്രമേ ശക്തനായി തീരുന്നുള്ളൂ എന്നാണ് ശ്ലോകത്തിന്റെ വാച്യാര്‍ത്ഥം.
പാര്‍വ്വതി ദേവിയാണ് ഈ വ്രതം ആദ്യമായി ആഘോഷിച്ചത് എന്നാണ് വിശ്വാസം. ഭഗവാനെ ഭര്‍ത്താവായി ലഭിക്കുവാനായി നടത്തിയ വ്രതത്തിന് സാഫല്യം വന്ന ദിവസമാണ് തിരുവാതിര. ശിവപാര്‍വ്വതിമാരുടെ വിവാഹ ദിവസമായും കാമദേവനെ അനംഗനാക്കിയ ദിവസമായും ദേവീദേവന്മാര്‍ പരമേശ്വരനെ സ്തുതികളാല്‍ പ്രീതിപ്പെടുത്തിയ ദിവസമായും ഇത് അറിയപ്പെടുന്നു. ദാരുക വനത്തിലെ മഹര്‍ഷിമാരെ ശിവനും വിഷ്ണുവും ശിക്ഷിച്ച ദിവസമായും ഇത് അറിയപ്പെടുന്നു. ശിവനെ യാഗത്തിന് ക്ഷണിക്കാതെയും ഹവിര്‍ഭാഗം നല്കാതെയും മുനിമാര്‍ നടത്തിയ യാഗത്തില്‍ മുനിമാരുടെ അഹങ്കാരം ശമിപ്പിക്കാന്‍ വിഷ്ണുവും ശിവനും യാഗസ്ഥലത്തെത്തി. വിഷ്ണു മോഹിനി രൂപമായും ശിവന്‍ ഭിക്ഷാടകന്റെ രൂപവും കൈക്കൊണ്ടു. മോഹിനിയുടെ ഈ സൗന്ദര്യത്തില്‍ മുനിമാരും ഭിക്ഷാടകന്റെ സൗന്ദര്യത്തില്‍ മുനിപത്‌നിമാരും ആകൃഷ്ടരായി. മുനിമാരുടെ യാഗം മുടങ്ങി ദേവന്മാര്‍ അപ്രത്യക്ഷരായി. കോപം പൂണ്ട അഹങ്കാരികളായ മുനിമാര്‍ സര്‍പ്പത്തേയും, പുലിയേയും യാഗത്താല്‍ സൃഷ്ടിച്ച് അവരുടെ നേര്‍ക്കയച്ചു. ഭഗവാന്‍ ശിവന്‍ പുലിയെ വലിച്ചു കീറി തോല്‍ വസ്ത്രമാക്കിയും പാമ്പിനെ ആഭരണമായും ധരിച്ചു. ഉപദ്രവിക്കാന്‍ വിട്ടവര്‍ മടങ്ങി വരാത്തതിനാല്‍ ഒരു ഭൂതത്തെക്കൂടി സൃഷ്ടിച്ച് പറഞ്ഞു വിട്ടു. മൂവരും മടങ്ങി വരാത്തതിനാല്‍ മുനിമാര്‍ അന്വേഷിക്കാന്‍ മുന്നിട്ടിറങ്ങി. അവര്‍ക്ക് കാണാന്‍ കഴിഞ്ഞത് പുലിത്തോല്‍ ധരിച്ച് പാമ്പിനെ കണ്ഠാഭരണമാക്കി ഭൂതത്തിന്റെ പുറത്ത് ആനന്ദനൃത്തം ചെയ്യുന്ന ശിവരൂപത്തെയാണ്. അന്ന് തിരുവാതിര ദിവസമായിരുന്നത്രേ.
രേവതി നാളുമുതലാണ് തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്. പുലര്‍കാലത്തെ കുളിച്ച് ശുദ്ധവസ്ത്രം ധരിച്ച് വ്രതം അനുഷ്ഠിക്കുന്നു. അന്നം ഒരിക്കല്‍ ഭക്ഷിച്ച് വ്രതം ആരംഭിക്കും. അതിന് കഴിയാത്തവര്‍ അന്നാഹാരം കഴിച്ച് മൂന്ന് ദിവസം വ്രതം നോക്കുന്നു. മകയിരം നാളില്‍ മക്കള്‍ക്കും, തിരുവാതിര നാളില്‍ ഭര്‍ത്താവിനും പുണര്‍തം നാളില്‍ സഹോദരങ്ങള്‍ക്കും ദീര്‍ഘായുസ്സിനും സുഖവും ഐശ്വര്യത്തിനും വേണ്ടിയാണ് ഈ വ്രതം അനുഷ്ഠിക്കുന്നത്.
മകയിരം നാളില്‍ എട്ടങ്ങാടി നിവേദ്യം ഗണപതിക്കും ശിവനും പാര്‍വ്വതിദേവിക്കും സമര്‍പ്പിക്കും എട്ടുകൂട്ടം കിഴങ്ങുകള്‍ നിവേദ്യക്കും. കാച്ചില്‍, ചേന, കൂര്‍ക്ക, ചെറുകിഴങ്ങ്, നനകിഴങ്ങ്, ചേമ്പ്, കൊച്ചുചേമ്പ്, മധുരക്കിഴങ്ങ് എന്നിവ ഉമിത്തീയില്‍ ചുട്ടെടുത്ത് ശര്‍ക്കര പാവ് കാച്ചി, നാളികേരം, പഴം, കരിമ്പ്, വേവിച്ച വന്‍പയര്‍ എന്നിവ ചേര്‍ത്താണ് എട്ടങ്ങാടി തയാറാക്കുന്നത്.
തിരുവാതിരനാളില്‍ അമ്മിക്കുഴവി അരിമാവില്‍ പൊതിഞ്ഞ് ശിവരൂപമായി സങ്കല്‍പ്പിച്ച് ദശപുഷ്പങ്ങള്‍ ചൂടി അഷ്ടമംഗല്യമെടുത്ത് ശിവപൂജ നടത്താറുണ്ട്. മകയിരം നാളില്‍ ത്രിസന്ധ്യാ സമയത്താണ് എട്ടങ്ങാടി സമര്‍പ്പിക്കേണ്ടത്. ഗോതമ്പ്, ചാമയരി എന്നിവ കഞ്ഞിവച്ച് മുതിര ചമ്മന്തിയും കൂവകുറിക്കിയും കഴിക്കും. പഴവും കരിക്കിന്‍ വെള്ളവും തിരുവാതിര ദിവസം കഴിക്കാവുന്നതാണ്. നേന്ത്രക്കായും പയറും നാളികേരവും ചേര്‍ത്ത തിരുവാതിര പുഴുക്കും പ്രസിദ്ധമാണ്.
ദശപുഷ്പം ചൂടിയാണ് പൂജ നടത്തുന്നത്. കറുക ആധിവ്യാധി നാശത്തിനും, പൂവാം കുരുന്ന് ദാരിദ്രദുഃഖശമനത്തിനും, നിലപ്പന പാപശമനത്തിനും, കയ്യോന്നി പഞ്ചപാപശമനത്തിനും, മുക്കൂറ്റി ദാമ്പത്യസുഖത്തിനും, തിരുതാളി സൗന്ദര്യവര്‍ദ്ധനവിനും ഉഴിഞ്ഞ അഭീഷ്ടസിദ്ധിക്കും ചെറൂള ദീര്‍ഘായുസ്സിനും മുയല്‍ച്ചെവിയന്‍ – മംഗല്യ സിദ്ധിക്കും വിഷ്ണുക്രാന്തി വിഷ്ണു പ്രീതിക്കുമായാണ് ചൂടുന്നത്.
പുണര്‍തം നാളില്‍ ആദ്യ പാദത്തില്‍ വ്രതം അവസാനിപ്പിക്കാം ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തീര്‍ത്ഥം കഴിച്ചോ, ക്ഷേത്രത്തില്‍ പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ തുളസീതീര്‍ത്ഥം വീട്ടില്‍ വച്ച് കഴിച്ചോ വ്രതം അവസാനിപ്പിക്കും. തിരുവാതിര ദിവസത്തെ നിലാവ് പീനിയല്‍ ഗ്രന്ഥിയെ ഉത്തേജിപ്പിക്കാന്‍ കഴിയുന്നതാണെന്നും അതുമൂലം അമാനുഷ ശക്തി മൂന്നാം കണ്ണ്) കൈവരുമെന്നും ദശപുഷ്പങ്ങള്‍ നാഡീ ഞരമ്പുകളെ ഉത്തേജിപ്പിക്കുന്നതാണെന്നും വെറ്റിലമുറുക്ക് ദഹന ഗ്രന്ഥിയെ ശക്തമാക്കുമെന്നും പൂര്‍വ്വികര്‍ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക