Kerala

അച്ഛനെ സമാധിയിരുത്തിയ സംഭവം: കല്ലറ തുറക്കുന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും

Published by

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മക്കള്‍ അച്ഛനെ സമാധിയിരുത്തിയ സംഭവത്തില്‍ കല്ലറ തുറന്ന് പരിശോധിക്കാന്‍ കളക്ടറുടെ അനുമതി തേടി പോലീസ്. റവന്യൂ വകുപ്പിന്റെയും പോലീസിന്റെയും വിശദ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമേ അന്തിമതീരുമാനം ഉണ്ടാവുകയുള്ളൂ. ഇക്കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ കല്ലറ തുറന്നു പരിശോധിക്കണമെന്നും മൃതദേഹമുണ്ടെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നുമാണു പോലീസിന്റെ ആവശ്യം. പോസ്റ്റുമോര്‍ട്ടത്തിലൂടെ മാത്രമേ മരണകാരണം കണ്ടെത്താനാവൂവെന്ന് പോലീസ് അറിയിച്ചു.

ഗോപന്‍ സ്വാമിയെന്ന് അറിയപ്പെടുന്ന നെയ്യാറ്റിന്‍കര ആറാലുംമൂട് സിദ്ധന്‍ ഭവനില്‍ മണിയനെന്ന ഗോപനെയാണ് രണ്ട് ആണ്‍മക്കളും ഭാര്യയും ചേര്‍ന്ന് വീടിനു ചേര്‍ന്നുള്ള ക്ഷേത്രഭൂമിയില്‍ കോണ്‍ക്രീറ്റ് അറയുണ്ടാക്കി സമാധിയിരുത്തിയത്. മരണസമയം മുന്‍കൂട്ടി കണ്ട അച്ഛന്‍ അവിടെയിരുന്ന് സമാധിയായെന്നാണ് ഇളയ മകന്‍ പറയുന്നത്. വീട്ടില്‍ കിടന്ന് മരിച്ച അച്ഛനെ കോണ്‍ക്രീറ്റ് തറയുടെ സ്ഥലത്ത് കൊണ്ട് സമാധിയിരുത്തിയെന്നാണ് മൂത്തമകന്റെ മൊഴി. രണ്ട് ദിവസമായി കിടപ്പിലായിരുന്ന ഗോപന്‍ എഴുന്നേറ്റ് നടന്ന് പോയി സമാധിസ്ഥലത്ത് ഇരിക്കാനുള്ള സാധ്യതയില്ലെന്നാണ് മറ്റൊരു ബന്ധുവിന്റെ മൊഴി. മൊഴികളിലെ പൊരുത്തക്കേടും മരണത്തിലെ ദുരൂഹതയിലേക്ക് വിരല്‍ചൂണ്ടുകയാണ്.

ഗോപന്‍ വീട്ടുവളപ്പില്‍ ശിവക്ഷേത്രം നിര്‍മിച്ചു പൂജകള്‍ നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. ഇതിനു സമീപമാണു സമാധി അറ. ഇതും ഗോപന്‍ നിര്‍മിച്ചതാണെന്നു ഭാര്യയും മക്കളും പറഞ്ഞു. മരണശേഷം ദൈവത്തിന്റെ അടുക്കല്‍ പോകണമെങ്കില്‍ മൃതദേഹം വീട്ടുകാരല്ലാതെ മറ്റാരെയും കാണിക്കരുതെന്നും സമാധി ഇരുത്തണമെന്നും ഗോപന്‍ നിര്‍ദേശം നല്‍കിയിരുന്നതായി മക്കള്‍ മൊഴി നല്‍കി. രാവിലെ പത്തോടെ അറയിലേക്കു നടന്ന് പോയി പത്മാസനത്തില്‍ ഇരുന്ന പിതാവിനു വേണ്ടി പുലര്‍ച്ചെ മൂന്നുവരെ പൂജകള്‍ ചെയ്തതായി മകന്‍ രാജസേനന്റെ മൊഴിയുണ്ട്. രാജസേനന്‍ കുടുംബക്ഷേത്രത്തിലെ പൂജാരിയാണ്. ”ഗോപന്‍ സ്വാമി സമാധിയായി” എന്ന പോസ്റ്റര്‍ മക്കള്‍ വീടിനു സമീപത്തെ മതിലുകളില്‍ പതിപ്പിച്ചപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. മരണം നടന്ന സമയം ഭാര്യ സുലോചനയും മകന്‍ രാജസേനനും മാത്രമായിരുന്നു വീട്ടില്‍. സമാധിയാകാന്‍ സമയമായെന്ന് അച്ഛന്‍ അറിയിച്ചതിനാല്‍ രണ്ടാമത്തെ മകന്‍ സനന്ദനെ വിളിച്ചുവരുത്തുകയായിരുന്നുവെന്നാണു കുടുംബത്തിന്റെ മൊഴി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക