കോട്ടയം: ഇപ്പോള്‍ നിലവിലുള്ള യുജിസി നിബന്ധനകളിലും കരടുനിബന്ധനകളിലും നിഷ്‌കര്‍ഷിച്ചിട്ടുള്ളതുപോലെ പ്രിന്‍സിപ്പല്‍നിയമനം നടത്തുക അശാസ്ത്രീയവും അപ്രായോഗികവും നിലവില്‍ കേരളത്തിലെ യൂണിവേഴ്‌സിറ്റികളുടെ മാതൃനിയമത്തിന് കടകവിരുദ്ധവുമാണെന്ന് എന്‍എസ്എസ്.
നിലവില്‍ കേരളത്തിലെ എല്ലാ യൂണിവേഴ്‌സിറ്റി മാതൃനിയമങ്ങളിലും എയിഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ പ്രിന്‍സിപ്പല്‍ തസ്തിക പ്രമോഷന്‍വഴി, സീനിയോറിറ്റിയും യോഗ്യതയും മാനദണ്ഡമാക്കി നിലവിലെ അദ്ധ്യാപകരില്‍നിന്നും നികത്തണം എന്നാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. 2018ലെ യുജിസി നിബന്ധനകളിലും കരടുനിബന്ധനകളിലും പറഞ്ഞിട്ടുള്ളതുപോലെ പ്രിന്‍സിപ്പല്‍ തസ്തിക നേരിട്ടുള്ള നിയമനംവഴി, രാജ്യമൊട്ടാകെ അറിയിച്ച് നികത്തുക എന്നത് നിലവിലെ കുറ്റമറ്റ നിയമനരീതിയെ സംബന്ധിച്ചിടത്തോളം അശാസ്ത്രീയവും അപ്രായോഗികവുമാണ്.
കേരളാ ഹൈക്കോടതി ഇക്കാര്യം സംബന്ധിച്ച് വ്യത്യസ്തമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. നിലവിലെ യൂണിവേഴ്‌സിറ്റി നിയമവും യുജിസിനിയമവും തമ്മില്‍ ഭിന്നത ഇല്ലെന്നും അതുകൊണ്ടുതന്നെ യൂണിവേഴ്‌സിറ്റി നിയമപ്രകാരം, യുജിസി നിയമപ്രകാരമുള്ള തിരഞ്ഞെടുപ്പുസമിതിയും യോഗ്യതയും അനുസരിച്ച്, പരസ്പരപൂരകമായി പ്രിന്‍സിപ്പല്‍തസ്തിക നികത്താവുന്നതാണ് എന്നു കോടതി പറഞ്ഞിട്ടുണ്ട്.
എന്നാല്‍, രണ്ടു നിയമവും തമ്മില്‍ ഭിന്നത ഉണ്ടെന്നും അതിനാല്‍ യുജിസി നിയമത്തിന് പ്രാമുഖ്യം ഉണ്ടെന്ന മറ്റൊരു നിയമന നിലപാടും കോടതി സ്വീകരിച്ചിട്ടുണ്ട്. കേരളത്തിലെ എയ്ഡഡ് കോളജുകളുടെ സ്ഥിതിവിശേഷം ഉള്‍ക്കൊള്ളാതെയാണ് യുജിസി നിബന്ധനകള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. കേരളത്തിലെ സ്വകാര്യ മാനേജ്‌മെന്റുകളും സര്‍ക്കാരും തമ്മിലുള്ള ഉടമ്പടി അനുസരിച്ച് ശമ്പളം നല്‍കുന്ന കാര്യങ്ങളൊന്നുതന്നെ കണക്കിലെടുക്കാതെയാണ് യു.ജി.സി. നിയമങ്ങള്‍ പടച്ചുവിട്ടിരിക്കുന്നത്. കേരളത്തിലെ എയ്ഡഡ് കോളേജുകളിലെ പ്രിന്‍സിപ്പല്‍നിയമനം യൂണിവേഴ്‌സിറ്റിനിയമപ്രകാരം യുജിസി നിബന്ധനകള്‍പ്രകാരമുള്ള തിരഞ്ഞെടുപ്പുകമ്മറ്റിയും യോഗ്യതയും അനുസരിച്ച് നിലവിലുള്ള രീതി തുടരാനുള്ള അനുവാദം പ്രത്യേകമായി യുജിസി നിബന്ധനകളില്‍ ഉള്‍ക്കൊള്ളിക്കണം. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ പ്രിന്‍സിപ്പല്‍മാരെ നിയമിക്കുന്ന രീതി കരടുനിബന്ധനകളില്‍ പറയുന്നത്, കേരളത്തിലെ സ്വകാര്യകോളേജുകളെ സംബന്ധിച്ചിടത്തോളം നടക്കാത്ത കാര്യമാണ്. സര്‍ക്കാര്‍ നോമിനികളെ കിട്ടാന്‍ കോടതികളെ സമീപിക്കേണ്ട ഗതികേടാണ് മാനേജ്‌മെന്റുകള്‍ക്ക് ഉള്ളത്. അതിനാല്‍ ആ നിബന്ധനയും മാറ്റണം, എന്‍എസ്എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക