പ്രയാഗ്രാജ്(ഉത്തര്‍പ്രദേശ്): ത്രിവേണി സംഗമഭൂമിയിലേക്ക് മഹാശിവരാത്രി വരെ നീളുന്ന ഭക്തജനപ്രവാഹത്തിന് ഇന്ന് തുടക്കം. മഹാകുംഭ മേളയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പുണ്യഭൂമിയില്‍ പൂര്‍ത്തിയായി. 45 ദിവസത്തെ ചടങ്ങുകള്‍, 40 കോടി ഭക്തര്‍, ചരിത്രത്തില്‍ ഇന്നു വരെയില്ലാത്ത ക്രമീകരണങ്ങളാണ് പ്രയാഗ്രാജില് ഒരുക്കിയിരിക്കുന്നത്.
ഇന്ന് പൗഷ് പൂര്‍ണിമ മുതല്‍ ഫെബ്രുവരി 26ന് മഹാശിവരാത്രി വരെയാണ് മഹാകുംഭമേള ചടങ്ങുകള്‍. പ്രധാനചടങ്ങായ ത്രിവേണീ സംഗമത്തിലെ സ്നാനത്തിന് ഇന്ന് തുടക്കമാകും. നാളെ മകരസംക്രാന്തിദിനത്തിലും 29ന് മൗനി അമാവാസി ദിനത്തിലും ഫെബ്രുവരി മൂന്നിന് വസന്ത പഞ്ചമി ദിനത്തിലും 12ന് മാഘപൂര്‍ണിമ ദിനത്തിലും 26ന് മഹാശിവരാത്രി ദിനത്തിലുമാണ് പ്രധാന സ്നാനങ്ങള്‍.
അഘാഡകള്ക്കും സംന്യാസി പരമ്പരകള്‍ക്കുമാണ് മഹാകുംഭമേളയുടെ ചുമതല. ഏഴ് സംന്യാസി അഘാഡകളും മൂന്ന് വൈരാഗി അഘാഡകളും മൂന്ന് ഉദാസീ അഘാഡകളും അടങ്ങുന്ന പതിമൂന്ന് അഘാഡകളുടെ മേധാവിമാരായ മഹാമണ്ഠലേശ്വരന്മാരുടെ നേതൃത്വത്തില്‍ ഈ ചുമതല നിര്‍വഹിക്കുന്നു.
ഇന്ന് പൗഷ് പൂര്‍ണ്ണിമയിലെ സ്നാനം ഏറ്റവും പുരാതന അഘാഡയായ ജൂന അഘാഡയിലെ സംന്യാസിമാരാണ് നിര്‍വഹിക്കുക. തുടര്‍ന്ന് ഓരോ ദിവസവും ഓരോ അഘാഡകളുടെ നേതൃത്വത്തില്‍ പുണ്യസ്നാന ചടങ്ങുകള്‍. പ്രയാഗ്രാജില് പതിനഞ്ച് കിലോമീറ്റര്‍ നീളത്തില്‍ സ്നാന ഘാട്ടുകള്‍ തയാറാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: