പന്തളം: ശരണ മന്ത്രങ്ങളാല്‍ മുഖരിതമായ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണ ഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെട്ടു.
ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിയോടെ പന്തളം കൊട്ടാരം നിര്‍വാഹക സംഘം ഭാരവാഹികളില്‍ നിന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ തിരുവാഭരണം ഏറ്റുവാങ്ങി. തുടര്‍ന്ന് വലിയകോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്ര ആനക്കൊട്ടിലില്‍ ദര്‍ശനത്തിന് വച്ചു.
ആയിരക്കണക്കിന് ഭക്തരാണ് തിരുവാഭരണം ദര്‍ശിക്കാന്‍ എത്തിയത്. ഉച്ചക്ക് പന്ത്രണ്ടോടെ ക്ഷേത്രത്തില്‍ നിന്ന് പൂജിച്ച ഉടവാള്‍ പന്തളം വലിയതമ്പുരാന്‍, രാജപ്രതിനിധി തൃക്കേട്ടനാള്‍ രാജരാജ വര്‍മ്മയ്‌ക്ക് കൈമാറിയതോടെ ഘോഷയാത്രയുടെ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് തിരുവാഭരണ വാഹകസംഘം പേടകങ്ങള്‍ ശിരസിലേറ്റി. ഈസമയം ഭഗവത് സാന്നിധ്യം അറിയിച്ച് കൃഷ്ണപ്പരുന്ത് ആകാശത്ത് വട്ടമിട്ടു പറന്നു.
പല്ലക്കിലേറിയ രാജപ്രതിനിധിക്ക് പിന്നിലായി തിരുവാഭരണങ്ങളും ശിരസിലേറ്റി പേടക വാഹകസംഘവും നീങ്ങി. ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം വ്രതനിഷ്ഠയോടെ എത്തിയ നൂറുകണക്കിന് അയ്യപ്പന്‍മാരും പിന്തുടര്‍ന്നു.
സായുധ പോലീസിന്റെയും ദേവസ്വം- റവന്യു ഉദ്യോഗസ്ഥരുടെയും വിവിധ ഹൈന്ദവ സംഘടനാ നേതാക്കളുടെയും അകമ്പടിയോടെ ഘോഷയാത്ര മുന്നോട്ട് നീങ്ങി. കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ആദ്യസ്വീകരണം ഏറ്റുവാങ്ങി.
കുളനട ഭഗവതി ക്ഷേത്രത്തിലെത്തി ഭക്തര്‍ക്ക് തിരുവാഭരണ ദര്‍ശന സായുജ്യമേകി യാത്രതുടര്‍ന്ന ഘോഷയാത്ര കോഴഞ്ചേരി പിന്നിട്ട് അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തിലെത്തി രാത്രി വിശ്രമിച്ചു. ഇന്ന് പുലര്‍ച്ചെ യാത്ര തുടര്‍ന്ന് പെരുന്നാട് വഴി രാത്രിയോടെ ളാഹയിലെ വനം വകുപ്പിന്റെ സത്രത്തില്‍ വിശ്രമിക്കും.
നാളെ പുലര്‍ച്ചെ യാത്ര തുടരും. ഉച്ചയോടെ പമ്പഗണപതി കോവിലില്‍ എത്തും. രാജപ്രതിനിധി ഇവിടെ വിശ്രമിക്കും. തിരുവാഭരണ പേടക സംഘവും ഭക്തരും വൈകുന്നേരത്തോടെ സന്നിധാനത്തെത്തും.
തുടര്‍ന്ന് അയ്യപ്പ വിഗ്രഹത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന. ഈ സമയം പൊന്നമ്പല മേട്ടില്‍ മകരജ്യോതിയും ആകാശത്ത് മകര നക്ഷത്രവും തെളിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക