Kerala

കേന്ദ്രം നല്‍കിയ പണം സംസ്ഥാനം ചെലവഴിച്ചതിന്റെ ഫലമെവിടെ? സുരേഷ്‌ഗോപി

Published by

തിരുവനന്തപുരം: വനവാസികള്‍ക്ക് തുല്യഅവകാശങ്ങള്‍ ലഭിക്കണമെങ്കില്‍ ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.

വനവാസികള്‍ക്ക് തുല്യഅവകാശം കൂടി ലഭിക്കാനുള്ളതാണ് ഏകീകൃത സിവില്‍കോഡ്. അല്ലാതെ ഒരുവിഭാഗത്തെ മാത്രം ലക്ഷ്യം വച്ചുള്ളതല്ല. ഏകീകൃത സിവില്‍കോഡിന്റെ പേരില്‍ ഒരു വിഭാഗത്തെ പ്രകോപിപ്പിക്കുന്നത് കുതന്ത്രമാണെന്നും സുരേഷ് ഗോപി പറഞ്ഞു. വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് വെള്ളയമ്പലം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനിയേഴ്‌സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പാലക്കാട് അട്ടപ്പാടി സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ 20- ാം വാര്‍ഷികാഘോഷം ‘ഉത്കര്‍ഷ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാര്‍ വര്‍ഷങ്ങളായി വനവാസി വിഭാഗങ്ങളുടെ ഉന്നമനത്തിന് 37,000 കോടിരൂപ നല്‍കിയിട്ടുണ്ട്. കേരളത്തിലെ ഊരുകളില്‍ അത് ചെലവഴിച്ചതിന്റെ ഫലം എവിടെ? സുരേഷ്‌ഗോപി ചോദിച്ചു. വനവാസി വിഭാഗം ഗണ്യമായ വോട്ട് ബാങ്ക് അല്ലാത്തതിനാല്‍ അതില്‍ ചര്‍ച്ചയില്ല. അട്ടപ്പാടിക്കാരുടെ ജീവന്‍ നിലനിര്‍ത്താന്‍ മില്ലറ്റ്‌സ് ആണ് വേണ്ടത്. അത് കൃഷി ചെയ്യാനുള്ള സ്ഥലത്ത് നിന്നും അവരെ കുടിയിറക്കി. അരയടി കുഴിച്ചാല്‍ പാറ കാണുന്ന സ്ഥലത്തേക്കാണ് ഇറക്കിവിട്ടത്. അതൊരു സമൂഹത്തിന്റെ ജീവിതത്തെ തകര്‍ത്തു. അതിനെതിരെ അവര്‍ നടത്തിയ സമരത്തെ അടിച്ചമര്‍ത്തി.

മില്ലറ്റ്‌സിന്റെ ഉത്പാദനം തകര്‍ത്ത് കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി നല്‍കി. 40 വര്‍ഷം കൊണ്ട് മില്ലറ്റ് ഉത്പാദനം ഗോത്രവിഭാഗങ്ങള്‍ക്ക് മാത്രമായി നല്‍കിയിരുന്നെങ്കില്‍ ഇന്നത്തെ അന്താരാഷ്‌ട്ര കുത്തകളെ താങ്ങിനിര്‍ത്തുന്ന ശക്തിയായി വനവാസിവിഭാഗം മാറുമായിരുന്നു. കാട് പിടിച്ചെടുക്കാനും പതിപ്പിച്ച് നല്‍കാനും ആര്‍ക്കും അവകാശമില്ല. ആനുകൂല്യമല്ല, യോഗ്യമായ അവകാശങ്ങളുടെ നേടിയെടുക്കലിന് വേണ്ടിയുള്ള വ്യവസ്ഥയാണ് വേണ്ടത്. അതിനാണ് ഏകീകൃത സിവില്‍ കോഡെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ പിന്‍ഗാമികള്‍ രാജ്യത്താകമാനം ട്രൈബല്‍ റവല്യൂഷന്‍ സൃഷ്ടിക്കട്ടെയെന്നും സുരേഷ്‌ഗോപി ആശംസിച്ചു. മിഷന്റെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള വീഡിയോയും സുരേഷ്‌ഗോപി പ്രകാശനം ചെയ്തു.

പാലിയം ഇന്ത്യ ചെയര്‍മാന്‍ ഡോ. എം. ആര്‍. രാജഗോപാല്‍ മുഖ്യാഥിതിയായി. സംഘാടക സമിതി ചെയര്‍മാനും കേരള സര്‍വകലാശാല വൈസ് ചാന്‍സിലറുമായ ഡോ. മോഹനന്‍ കുന്നുമ്മല്‍ അധ്യക്ഷനായി. ക്‌സാര്‍പി ലാബ് സിഇഒ ശ്രീകാന്ത്.കെ.അരിമണിത്തായാ മുഖ്യപ്രഭാഷണം നടത്തി. നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ബൈജു. എന്‍. കുറുപ്പ്, ടാറ്റാ എല്‍ എക്‌സി സംസ്ഥാന മോധാവി, ജിടെക് സ്‌റ്റേറ്റ് ഹെഡ് ശ്രീകുമാര്‍. വി, യങ് ഇന്ത്യന്‍സ് തിരുവനന്തപുരം ചാപ്ടര്‍ പ്രസിഡന്റ് ശങ്കരി ഉണ്ണിത്താന്‍, ദേശീയ സേവാഭാരതി കേരള ഘടകം പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയ് ഹരി, സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. നാരായണന്‍, ഉത്കര്‍ഷ് ജനറല്‍ കണ്‍വീനര്‍ ടി. അബിനു സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക