Varadyam

എസ്. ജയചന്ദ്രന്‍ നായര്‍ എന്ന പത്രാധിപര്‍ ഓര്‍മയായി; ഇങ്ങനെയൊരാള്‍ ഇനിയെന്ന്

സാഹിത്യ പത്രപ്രവര്‍ത്തനത്തിന്റെ സത്യസൗന്ദര്യങ്ങള്‍ മലയാളത്തിന് സമ്മാനിച്ച എസ്. ജയചന്ദ്രന്‍ നായര്‍ എന്ന പത്രാധിപര്‍ ഓര്‍മയായി

മാഗസിന്‍ ജേര്‍ണലിസത്തിന് പുത്തന്‍ രൂപഭാവങ്ങള്‍ നല്‍കിയ പത്രാധിപരായിരുന്നു ഇക്കഴിഞ്ഞ ജനുവരി രണ്ടിന് അക്ഷര ലോകത്തുനിന്ന് വിടപറഞ്ഞ എസ്. ജയചന്ദ്രന്‍ നായര്‍. സാഹിത്യ പത്രപ്രവര്‍ത്തനത്തിന് ഇത്രയേറെ സംഭാവനകള്‍ നല്‍കിയ മറ്റൊരാള്‍ മലയാളത്തിലെന്നല്ല, ഭാരതത്തില്‍ തന്നെയുണ്ടോ എന്നത് സംശയമാണ്. പ്രതികൂല ജീവിത സാഹചര്യത്തിലും മാധ്യമപ്രവര്‍ത്തനം പ്രൊഫഷനായി തിരഞ്ഞെടുക്കുകയും, പതിറ്റാണ്ടുകള്‍ ആ രംഗത്ത് പ്രവര്‍ത്തിച്ച് വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത ആളായിരുന്നു ജയചന്ദ്രന്‍ നായര്‍. നിരവധി വാരികകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും കലാകൗമുദിയിലും സമകാലിക മലയാളത്തിലും പത്രാധിപരായിരുന്നപ്പോഴാണ് ഈ പ്രതിഭാശാലിയില്‍ നിന്ന് വായനക്കാര്‍ക്ക് വേണ്ടതെല്ലാം ലഭിച്ചത്.

പത്രാധിപര്‍ എന്ന പദവി അധികാരമായോ അലങ്കാരമായോ കൊണ്ടുനടക്കാതെ, പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാതെ എഴുത്തും പത്രപ്രവര്‍ത്തനവും നിശബ്ദവും നിരന്തരവുമായി ചെയ്തുപോന്നയാളായിരുന്നു ജയചന്ദ്രന്‍ നായര്‍. പതിറ്റാണ്ടുകള്‍ പത്രാധിപരായിരുന്നിട്ടും സ്വന്തം വാഹനത്തില്‍ ‘പ്രസ്’ എന്ന ബോര്‍ഡ് പോലും വയ്‌ക്കാതിരുന്നത് വലിയൊരു ആദര്‍ശ മാതൃകയാണ്. കാലത്തിന്റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊണ്ട് സാഹിത്യരംഗത്തെ സമ്പുഷ്ടമാക്കാനും, സാംസ്‌കാരിക ജീവിതത്തെ സജീവമാക്കാനും കഴിഞ്ഞ ഒരാളായിരുന്നു. കഥയും കവിതയും നോവലും സിനിമയും ആത്മകഥയും അനുഭവങ്ങളും ഓര്‍മ്മയും പംക്തികളും ഫീച്ചറുകളും ഒക്കെയായി പുറത്തിറങ്ങിയിരുന്ന വാരികയുടെ ഓരോ ലക്കത്തിനും വേണ്ടി വായനക്കാര്‍ കാത്തിരുന്നു. ഇതിനു കഴിഞ്ഞ അപൂര്‍വ്വം പത്രാധിപരില്‍ ഒരാള്‍ എന്നല്ല, ഒരേയൊരു പത്രാധിപര്‍ എന്നുതന്നെ ജയചന്ദ്രന്‍ നായരെക്കുറിച്ച് പറയാം. സാഹിത്യ പത്രപ്രവര്‍ത്തനത്തില്‍ പേരുകേട്ട മറ്റു പലരും ഉണ്ടെങ്കിലും പതിവ് രീതികള്‍ തെറ്റിച്ചുള്ള അക്ഷര വിഭവങ്ങള്‍ ഒരുക്കുന്നതില്‍ അദ്ദേഹത്തോളം വിജയിച്ച മറ്റൊരാള്‍ ഇല്ല.

സമകാലിക മലയാളത്തിന്റെ പത്രാധിപരായിരിക്കുമ്പോഴാണ് ഈ ലേഖകന്‍ ജയചന്ദ്രന്‍ നായരെ പരിചയപ്പെടുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ ഉടമസ്ഥതയിലുള്ള വാരിക പ്രസിദ്ധീകരണം ആരംഭിച്ച് വളരെക്കാലം കഴിഞ്ഞപ്പോഴായിരുന്നു ഇത്. രാഷ്‌ട്രീയ നിലപാടുകള്‍ വ്യക്തമാക്കിക്കൊണ്ട് ഞാന്‍ എഴുതിയ ചില ലേഖനങ്ങള്‍ സമകാലിക മലയാളം മറ്റു പേരുകളില്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ബിജെപി നേതാവായിരുന്ന പി.പി. മുകുന്ദനും ജയചന്ദ്രന്‍ നായരും തമ്മിലുള്ള ബന്ധമാണ് ഇതിന് വഴിവച്ചത്. സിപിഎമ്മിലെ വിഭാഗീയതയില്‍പ്പെട്ട് ‘ദേശാഭിമാനി’ വിട്ട് സമകാലിക മലയാളത്തിലെത്തിയ ഐ. വി. ബാബുവും, രാഷ്‌ട്രദീപികയില്‍ നിന്ന് അവിടെയെത്തിയ സുഹൃത്ത് ഗിരീഷ് ജനാര്‍ദ്ദനനുമാണ് പില്‍ക്കാലത്ത് എനിക്ക് മലയാളത്തിന്റെ പത്രാധിപരിലേക്കുള്ള പാലമായത്. ദീപികയിലെ സാഹിത്യ സമീക്ഷയിലൂടെ പരിചിതനായ എം.വി. ബെന്നി അപ്പോഴേക്കും വാരിക വിട്ടിരുന്നു.

ഒരു ദിവസം ഞാന്‍ എഴുതിയ ഒരു ലേഖനം കൊടുക്കാന്‍ ചെന്നപ്പോഴാണ് ജയചന്ദ്രന്‍ നായര്‍ ക്യാബിനിലേക്ക് വിളിപ്പിച്ചത്. ഹൃദ്യമായ സംഭാഷണം. ഇനിയും എഴുതണമെന്ന ഉപദേശം. മാധ്യമ രംഗത്തെ വലിയ ഒരാളെ പരിചയപ്പെട്ടതിന്റെ സന്തോഷത്തോടെയാണ് മടങ്ങിയത്. സാഹിത്യത്തിലെ മഹാരഥന്മാര്‍ പോലും ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഒരാള്‍ എഴുത്തുകാരോട് വലിപ്പച്ചെറുപ്പമില്ലാതെ ഇടപഴകുന്നത് പുതിയൊരു അനുഭവമായിരുന്നു.

സിനിമയെക്കുറിച്ചുള്ള എന്റെ ചില ലേഖനങ്ങള്‍ വാരിക പ്രസിദ്ധീകരിച്ചിരുന്നു. പുതുതായി ഇറങ്ങുന്ന സിനിമയെക്കുറിച്ച് ലേഖനങ്ങളും ചിലപ്പോഴൊക്കെ മുഖപ്രസംഗങ്ങള്‍ തന്നെയും പ്രസിദ്ധീകരിച്ചിരുന്നതായിരുന്നു എനിക്ക് പ്രേരണ. മലയാള സിനിമയില്‍ നര്‍മ്മത്തിന് പുതിയ വഴിവെട്ടിയ സിദ്ദിഖ്-ലാലുമാരുടെ സിനിമകളെക്കുറിച്ച് എഴുതാമോയെന്ന് ഒരിക്കല്‍ ജയചന്ദ്രന്‍ സാര്‍ തന്നെയാണ് എന്നോട് ചോദിച്ചത്. ഈ രണ്ട് സംവിധായകരെയും പലപ്പോഴായി കണ്ട് ഞാന്‍ ദീര്‍ഘമായ ഒരു ഫീച്ചര്‍ തയ്യാറാക്കി. അതിന്റെ കോപ്പി വായിച്ച് സാര്‍ എന്നെ അഭിനന്ദിച്ചു. ‘നര്‍മ്മത്തിന്റെ നനവൂറുന്ന വഴികള്‍’ എന്ന തലക്കെട്ടില്‍ വന്ന ആ ലേഖനത്തില്‍ ‘നാടോടിക്കാറ്റ്’ എന്ന സിനിമയെക്കുറിച്ചുള്ള സിദ്ദിഖിന്റെ ചില പരാമര്‍ശങ്ങളോട് ചിത്രത്തിന്റെ സംവിധായകന്‍ സത്യന്‍ അന്തിക്കാട് വിയോജിക്കുകയുണ്ടായി. വലിയൊരു കത്തായി പ്രാധാന്യത്തോടെ വാരിക അത് പ്രസിദ്ധീകരിച്ചു. ഇതിനൊരു മറുപടി എഴുതട്ടെയെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ‘പിന്നെന്താ എഴുതൂ’ എന്നായിരുന്നു പത്രാധിപരുടെ മറുപടി. എന്നാല്‍ സിദ്ദിഖുമായി സംസാരിച്ചപ്പോള്‍ അത് വേണ്ടെന്ന് പറയുകയായിരുന്നു.

അടിസ്ഥാനപരമായി ഒരു പത്രാധിപര്‍ അഭിപ്രായസ്വാതന്ത്ര്യത്തെ മാനിക്കുന്നയാള്‍ ആയിരിക്കണമെന്ന് വിശ്വസിക്കുകയും, അത് പാലിക്കുകയും ചെയ്തയാളായിരുന്നു ജയചന്ദ്രന്‍ നായര്‍. ആരെഴുതുന്നു എന്നതല്ല, എന്തെഴുതുന്നു എന്നതായിരുന്നു മാനദണ്ഡം. പിന്നീട് എന്റെ നിരവധി ലേഖനങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചു. കവി അയ്യപ്പനെക്കുറിച്ചും (ഏഴെല്ലുകളുള്ള മഴവില്ല്) ജോണ്‍സന്റെ സംഗീതത്തെക്കുറിച്ചും (പവിഴംപോല്‍ പവിഴാധരം പോല്‍) എഴുതിയപ്പോള്‍ സാര്‍ പ്രശംസിച്ചത് വലിയൊരു അംഗീകാരമായിരുന്നു.

സാര്‍ പറഞ്ഞ ഒരു കാര്യം മാത്രം എനിക്ക് ചെയ്യാന്‍ കഴിയാതെ പോയി. വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത് മലയാള സിനിമയുടെ ചരിത്രത്തില്‍ സ്ഥാനം പിടിച്ച നടി സുകുമാരിയെക്കുറിച്ച് ഒരു ഫീച്ചര്‍ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. സുകുമാരിയമ്മയുടെ നമ്പര്‍ സംഘടിപ്പിച്ച് വിളിക്കുകയും, കാണാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നെങ്കിലും പല കാരണങ്ങള്‍ കൊണ്ടും അതിന് കഴിഞ്ഞില്ല.

ഒരു മാര്‍ക്‌സിസ്റ്റ് അല്ലായിരുന്നുവെങ്കിലും ഇടതുപക്ഷ ചിന്തയെ അടുത്തറിഞ്ഞ ആളായിരുന്നു ജയചന്ദ്രന്‍ നായര്‍. മാര്‍ക്‌സിസത്തിന്റെ അപചയവും, അനുയായികളുടെ അപഥസഞ്ചാരവും തുറന്നുകാട്ടാനുള്ള ധീരതയും പ്രകടിപ്പിച്ചു. സര്‍വ്വശക്തനായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതിയായ എസ്എന്‍സി ലാവ്‌ലിന്‍ അഴിമതിക്കെതിരെ നിരന്തരം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച് മുഖ്യധാരയില്‍ ആ വിഷയം ചര്‍ച്ചയാക്കാന്‍ സമകാലിക മലയാളം മുന്നില്‍ നിന്നു. ഭീഷണികളെയും പ്രലോഭനങ്ങളെയും പത്രാധിപര്‍ ഒരുപോലെ അവഗണിച്ചു. ലോകത്തെ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തെക്കുറിച്ച് ജയചന്ദ്രന്‍ നായര്‍ വാരികയില്‍ എഴുതിയ ലേഖനങ്ങള്‍ ചാട്ടവാറടികള്‍പോലുള്ള അതിശക്തമായ വിമര്‍ശനങ്ങള്‍ ആയിരുന്നു. ഇത് പിന്നീട് ‘തേരൊലികള്‍’ എന്ന പുസ്തകമായി.

സമകാലിക മലയാളം വിട്ടശേഷം ജനശക്തി വാരികയില്‍ പ്രസിദ്ധീകരിച്ച ‘പാര്‍ട്ടി’ എന്ന നോവലില്‍ അക്രമരാഷ്‌ട്രീയത്തെ ആന്തരികവല്‍ക്കരിച്ച സിപിഎം നേതൃത്വത്തെയും പാര്‍ട്ടി ഘടനയെയുമാണ് ചിത്രീകരിക്കുന്നത്. ഈ നോവല്‍ പുസ്തകമായി പ്രസിദ്ധീകരിച്ചപ്പോള്‍ നോവലിസ്റ്റിനെ ഇരുട്ടില്‍ നിര്‍ത്തി കെട്ടിലും മട്ടിലും അതിന്റെ സ്വഭാവം മാറ്റിമറിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് ഹിംസയോട് ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിയാതിരുന്ന പത്രാധിപരായിരുന്നു ജയചന്ദ്രന്‍ നായര്‍. ഇക്കാരണത്താലാണ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തെ ന്യായീകരിച്ച പ്രഭാവര്‍മ്മയുടെ ‘ശ്യാമമാധവം’ എന്ന കവിതയുടെ പ്രസിദ്ധീകരണം ഇടയ്‌ക്കുവച്ച് നിര്‍ത്തിയത്. വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടും നിലപാട് മാറ്റാന്‍ പത്രാധിപര്‍ തയ്യാറായില്ല. എഴുത്തുകാരനെയും സൃഷ്ടിയെയും വേറിട്ട് കാണണമെന്ന അഭിപ്രായം ചില കോണുകളില്‍നിന്നും ഉയര്‍ന്നു. എന്നാല്‍ പത്രാധിപന്‍മാര്‍ക്ക് മനുഷ്യത്വത്തിന്റെ പക്ഷത്തു നിലനില്‍ക്കാനുള്ള ബാധ്യതയുണ്ടെന്ന നിലപാടാണ് ജയചന്ദ്രന്‍ നായര്‍ സ്വീകരിച്ചത്. പത്രാധിപരുടെ രോഷത്തിനിരയായത് പ്രഭാവര്‍മ്മയാണെങ്കിലും ഹിംസ പാര്‍ട്ടി പരിപാടിയായി കൊണ്ടുനടക്കുന്ന സിപിഎമ്മിനെ മഹത്വവല്‍ക്കരിക്കുന്ന എഴുത്തുകാര്‍ക്കും സാംസ്‌കാരിക നായകന്മാര്‍ക്കുമുള്ള പ്രഹരമായിരുന്നു അത്.

സാഹിത്യ പത്രപ്രവര്‍ത്തനത്തിന്റെ സത്യ സൗന്ദര്യങ്ങള്‍ കാണിച്ചുതന്ന പത്രാധിപരായിരുന്നു ജയചന്ദ്രന്‍ നായര്‍. കലാകൗമുദിയില്‍ നിന്ന് സമകാലിക മലയാളത്തിലെത്തിയപ്പോള്‍ ഇതിന്റെ സമസ്ത ഭംഗിയും വായനക്കാര്‍ കണ്ടറിഞ്ഞു. മാനവികവും പാരിസ്ഥിതികവും പ്രാപഞ്ചികവുമായ എല്ലാ വിഷയങ്ങളും പ്രതിപാദിക്കുന്ന ലേഖനങ്ങളും അഭിമുഖങ്ങളും മറ്റും ഓരോ ലക്കത്തിലും നിറഞ്ഞുനിന്നു. ആഴ്ചതോറും അലസമായി വായിച്ചു തള്ളാനുള്ളതായിരുന്നില്ല ഇവയൊക്കെ. ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ടവയാണ് വിവിധ രംഗങ്ങളില്‍ പ്രാഗല്ഭ്യം തെളിയിച്ചവരുടെ ആത്മകഥകള്‍. ടി.ജെ.എസ് ജോര്‍ജ്, ജി. ജനാര്‍ദ്ദനക്കുറുപ്പ്, വി. വിശ്വനാഥമേനോന്‍, ടി.എം.എന്‍. ചാക്യാര്‍, കലാമണ്ഡലം കൃഷ്ണന്‍ നായര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നിങ്ങനെ നിരവധി പേരുടെ ആത്മകഥകളാണ് വായനക്കാരില്‍ എത്തിയത്. ഇവയൊക്കെ പിന്നീട് പുസ്തകങ്ങളായി മലയാള സാഹിത്യത്തിന് മുതല്‍ക്കൂട്ടാവുകയും ചെയ്തു.

ജയചന്ദ്രന്‍ നായര്‍ പത്രാധിപരായിരുന്നപ്പോള്‍ സമകാലിക മലയാളം പരമ്പരയായി പ്രസിദ്ധീകരിച്ചതാണ് പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ ‘മഹാഭാരതപര്യടനം- ഭാരത ദര്‍ശനം പുനര്‍വായന’ എന്ന ഗ്രന്ഥമായത്. മഹാഭാരതത്തെക്കുറിച്ച് ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും നല്ല പഠനങ്ങളില്‍ ഒന്നാണിത്. ഭഗവദ്ഗീതയെക്കുറിച്ചും ഇങ്ങനെയൊരു പഠനം പ്രസിദ്ധീകരിക്കാന്‍ പദ്ധതിയിട്ടിരുന്നു. കുറെയൊക്കെ വിശ്വംഭരന്‍ മാഷ് എഴുതിയതായും അറിയാം. പക്ഷേ പിന്നെ അതിന് എന്തു സംഭവിച്ചുവെന്നത് വ്യക്തമല്ല.

മകളോടൊപ്പം ബെംഗളൂരുവില്‍ താമസമാക്കിയതിനുശേഷം ഇടയ്‌ക്ക് ജയചന്ദ്രന്‍ സാറുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ‘ഹിന്ദുവിശ്വ’ മാസികയുടെ എഡിറ്റര്‍ കെ. സുനീഷില്‍ നിന്ന് സാറിന്റെ വിവരങ്ങള്‍ അറിഞ്ഞുകൊണ്ടുമിരുന്നു. സാറിന്റെ ചില പുസ്തകങ്ങള്‍ അയച്ചുതരികയും ചെയ്തു. ഞാന്‍ എഴുതിയ ‘മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍’ എന്ന പുസ്തകത്തിന് സാര്‍ അവതാരിക എഴുതണമെന്ന് ആഗ്രഹിച്ചിരുന്നു. ഇക്കാര്യം അറിയിച്ചപ്പോള്‍ കോപ്പി അയച്ചു തരാന്‍ പറഞ്ഞു. അയച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍ പെട്ടെന്ന് അസുഖബാധിതനായതിനാല്‍ എന്റെ ആഗ്രഹം നടന്നില്ല. പിന്നീടൊരിക്കല്‍ സാര്‍ കഥ എഴുതിയ ‘സ്വം’ എന്ന സിനിമയുടെ കാസറ്റ് എവിടെയെങ്കിലും കിട്ടുമോയെന്ന് ചോദിച്ച് വിളിച്ചിരുന്നു. അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതായിരുന്നു ഞങ്ങള്‍ തമ്മിലെ അവസാന ഫോണ്‍ സംഭാഷണം.

സ്വതന്ത്രമായി ചിന്തിക്കുകയും, വ്യത്യസ്തമായ കാഴ്ചപ്പാടുകളെ ഉള്‍ക്കൊള്ളുകയും ചെയ്ത പത്രാധിപരായിരുന്നു ജയചന്ദ്രന്‍ നായര്‍. ഒന്നിനെയും കമ്പാര്‍ട്ടുമെന്റലൈസ് ചെയ്തില്ല. മാഗസിന്‍ ജേര്‍ണലിസത്തിന്റെ രംഗത്ത് ഇങ്ങനെയൊരാള്‍ ഇനിയുണ്ടാവുമോ?

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക