തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള കേസുകളില്‍ എഡിജിപി എം.ആര്. അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയുള്ള വിജിലന്‍സിന്റെ റിപ്പോര്‍ട്ട് മടക്കി ഡയറക്ടര്‍ യോഗേഷ് ഗുപ്ത. റിപ്പോര്‍ട്ടില്‍ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വേണമെന്നും കൂടുതല്‍ അന്വേഷണം നടത്തി ഫയലുമായി വരാനും അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചു. തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എസ്പിയാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചത്.
കുറ്റവിമുക്തനാക്കി വിജിലന്‍സ് നല്കിയ റിപ്പോര്‍ട്ട് ഡയറക്ടര്‍ മടക്കി കൂടുതല്‍ അന്വേഷണത്തിന് നിര്‍ദ്ദേശിച്ചതോടെ പുതിയ അന്വേഷണം അജിത്കുമാറിന് തിരിച്ചടിയായേക്കുമെന്നാണ് സൂചന. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഡിജിപിയായുള്ള സ്ഥാനക്കയറ്റത്തെയും ബാധിച്ചേക്കാം. ആരോപണങ്ങള്‍ക്കും അന്വേഷണത്തിനും ഇടയിലും അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സ്ഥാനക്കയറ്റത്തിന് തടസമാകുന്ന രീതിയിലുള്ള ഒരന്വേഷണവും എഡിജിപി അജിത്കുമാറിനെതിരേ നടക്കുന്നില്ല എന്നായിരുന്നു ചീഫ് സെക്രട്ടറി, ഡിജിപി, ആഭ്യന്തര സെക്രട്ടറി എന്നിവരടങ്ങുന്ന സ്ക്രീനിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് അംഗീകരിച്ചായിരുന്നു സര്‍ക്കാറിന്റെ തീരുമാനം. നിലവിലെ പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബ് ജൂലൈ ഒന്നിന് വിരമിക്കുന്ന ഒഴിവിലേക്ക് ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കുന്ന അജിത്കുമാറിന് വിജിലന്‍സ് ഡയറക്ടറുടെ പുതിയ നീക്കം വെല്ലുവിളിയായേക്കും.
പി.വി. അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളിലാണ് അജിത്കുമാറിനെതിരെ അന്വേഷണം നടന്നത്. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് മലപ്പുറം എസ്പി സുജിത് ദാസ് ഒത്താശ ചെയ്തെന്നും ഇതിന്റെ വിഹിതം അജിത്കുമാറിനു ലഭിച്ചു എന്നും അന്‍വര്‍ ആരോപിച്ചിരുന്നു. ഇതില്‍ കഴമ്പില്ലെന്നും അക്കാലത്താണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടിച്ചതെന്നുമാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. കവടിയാറിലെ ആഡംബരവീട് നിര്‍മാണത്തില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും വീട് നിര്‍മിക്കാനായി എസ്ബിഐയില്‍ നിന്ന് ഒന്നരക്കോടി രൂപ വായ്പ എടുത്തിട്ടുണ്ടെന്നുമായിരുന്നു വിജിലന്‍സ് നല്കിയ റിപ്പോര്‍ട്ട്. സര്‍ക്കാറിനെ അറിയിച്ചാണ് വീട് നിര്‍മിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ചൂണ്ടിക്കാട്ടി. കുറവന്‍കോണത്ത് ഫഌറ്റ് വാങ്ങി 10 ദിവസത്തിനുള്ളില്‍ ഇരട്ടി വിലക്ക് മറിച്ചുവിറ്റുവെന്നുമുള്ള പി.വി. അന്‍വറിന്റെ ആരോപണവും വിജിലന്‍സ് അന്വേഷണ സംഘം നിഷേധിക്കുന്നു. കരാര്‍ ആയി എട്ടുവര്‍ഷത്തിന് ശേഷമാണ് ഫഌറ്റ് വിറ്റതെന്നും സ്വാഭാവികമായുണ്ടാകുന്ന വിലവര്‍ധനവാണ് ഉണ്ടായതെന്നുമായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍. മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറിയില്‍ അജിത്കുമാറിന് പങ്കുണ്ടെന്നായിരുന്നു മറ്റൊരാരോപണം. ഇതില്‍ അടിസ്ഥാനമില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: