തിരുവല്ല: താനെഴുതിയ വരികള്‍ ഇനിയുള്ള പ്രവാസി സംഗമങ്ങളിലെല്ലാം സ്വാഗതഗാനമായി ആലപിക്കപ്പെടുമെന്നതിന്റെ സന്തോഷത്തിലാണ് പന്തളം എന്‍എസ്എസ് കോളജിലെ സംസ്കൃത വിഭാഗം അധ്യാപകന് ഡോ. ആനന്ദരാജ്. ഭുവനേശ്വറില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പ്രവാസി ഭാരതീയ ദിവസ് പരിപാടിയിലായിരുന്നു രാഷ്ട്രഭക്തി വിളിച്ചോതുന്ന സ്വാഗതഗാനം ആദ്യം ആലപിച്ചത്. ഗാനം കേട്ട പ്രധാനമന്ത്രി നരേന്ദ്രമോദി വേദിയില്‍ വച്ച് തന്നെ ഗാനത്തെ പ്രശംസിക്കുകയും ഇനിയുള്ള പ്രവാസി സംഗമങ്ങളിലെല്ലാം സ്വാഗതഗാനമായി ഇത് ആലപിക്കണമെന്നും നിര്‍ദ്ദേശിക്കുകയുമായിരുന്നു.
രാഷ്ട്രഭക്തി വിളിച്ചോതി ഡോ. ആനന്ദരാജ് ജി. സംസ്കൃതത്തില്‍ എഴുതിയ വരികളാണ് പ്രധാനമന്ത്രിയുടെ ഹൃദയം തൊട്ടത്. ഇടയ്ക്ക് ഹിന്ദിയും ഉപയോഗിച്ചിട്ടുണ്ട്. വസുധൈവകുടുംബകം എന്ന ആശയമാണ് ഗാനത്തിന്റെ കാതല്‍. ഭാരതം വിശ്വഗുരുവായി മാറണം, ഭാരതാംബയുടെ ആലിംഗനത്തിലെത്തി ഏവരും ഐകമത്യം അനുഭവിക്കണം, ഭാരതീയതയും ലോകനന്മയും രണ്ടല്ല, ലോകത്ത് എവിടെയായാലും ഭാരതീയര്‍ ഒന്ന് എന്നിങ്ങനെ പ്രവാസി ഭാരതീയരെ ഒന്നിപ്പിക്കുന്ന പ്രബോധനമാണ് ഗാനത്തിലെ വരികള്‍.
‘വികസിത് ഭാരത്-2047’ എന്ന രാഷ്ട്രനയത്തെ പ്രഖ്യാപിക്കുന്ന ഡോ. ആനന്ദരാജിന്റെ വരികള്‍ക്ക് ഗ്രാമിപുരസ്കാര ജേതാവായ റിക്കികേജാണ് സംഗീതം നല്‍കിയത്. റിക്കി കേജ് ടീമില്‍ ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന മ്യൂസിക് കമ്പോസര്‍ ഗോപീകൃഷ്ണനും സഹോദരി ഡോ. ലക്ഷ്മിദാസുമാണ് ഇതിന് നിമിത്തമായത്. പ്രവാസി ഭാരതീയര്‍ക്കായി ഗ്രാമി 3-എക്സ് റിക്കി ടീം ഏറ്റെടുത്ത ആല്‍ബത്തിന്റെ ബേസ് തീം ഡോ. ലക്ഷ്മിദാസാണ് ആനന്ദരാജിനു കൈമാറിയത്. വരികള്‍ ഒരു മണിക്കൂറിനുള്ളില്‍ ചിട്ടപ്പെടുത്തുകയായിരുന്നു. തന്റെ വരികളെ പ്രധാനമന്ത്രി അംഗീകരിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഡോ. ആനന്ദരാജ് ജന്മഭൂമിയോടു പറഞ്ഞു. സംഗീതം നല്കിയവര് അത് ഭംഗിയാക്കി. മറ്റ് വേദികളിലും പാടാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ അഭിമാനമുണ്ട്. സംസ്കൃതത്തിന് ലഭിക്കുന്ന അംഗീകാരമായാണ് ഇതിനെ കാണുന്നത്. സംസ്കൃതത്തില്‍ മാത്രമുള്ള ഇത്തരം വിശിഷ്ടവിഭവങ്ങള്‍ ലോകവേദിയില്‍ എത്താന്‍ താന്‍ ഒരു മാധ്യമമായി എന്നതില്‍ സന്തോഷമുണ്ടെന്നും ഡോ. ആനന്ദരാജ് പറഞ്ഞു.
ചെങ്ങന്നൂര്‍ പെണ്ണുക്കര സ്വദേശിയായ ഡോ. ആനന്ദരാജ് ജി. ചേരിയില്‍ വീട്ടില്‍ വി.ആര്. ഗോപാലകൃഷ്ണന് നായരുടെയും ചങ്ങനാശ്ശേരി അമ്മാഞ്ചിയില് സേതുക്കുട്ടിയമ്മയുടെയും രണ്ടാമത്തെ മകനാണ്. ജ്യേഷ്ഠന് അമൃതരാജ് ജി. കുരുക്ഷേത്ര പ്രകാശന് ചീഫ് എഡിറ്ററാണ്. കുറിച്ചിമുട്ടം കുട്ടമത്ത് കാര്‍ത്തിക വീട്ടില്‍ ആശ എന്‍. കൃഷ്ണ ഭാര്യയും ഹരിഗോവിന്ദ്, രാമകൃഷ്ണന്, അദിതി ദീക്ഷിത് എന്നിവര്‍ മക്കളുമാണ്.
ഡോ. ആനന്ദരാജ് ജി. എംജി സര്‍വകലാശാലയില്‍ നിന്ന് മീമാംസ, ന്യായ ദര്‍ശനങ്ങളുടെ കേരളത്തിലെ പരമ്പര എന്ന വിഷയത്തില്‍ ഡോ. പി.വി. വിശ്വനാഥന് നമ്പൂതിരിയുടെ മേല്‍നോട്ടത്തിലാണ് ഡോക്ടറേറ്റ് നേടിയത്.
കേരള സര്‍വകലാശാലയില്‍ നിന്ന് ഒന്നാം റാങ്കോടെ സംസ്കൃതത്തില്‍ എംഎ ബിരുദം കരസ്ഥമാക്കി. അധ്യാപനത്തിന് പുറമേ മീമാംസ, ഭാരതീയ ജ്ഞാനവ്യവസ്ഥ, വേദപഠനങ്ങള്‍ തുടങ്ങിയവയില്‍ ഡോ. ആനന്ദരാജ് ഉപരിഗവേഷണം ചെയ്യുന്നുണ്ട്. സംസ്കൃതം, ഇംഗ്ലീഷ്, മലയാളം തുടങ്ങി വിവിധ ഭാഷകളില്‍ ഒട്ടേറെ പുസ്തകങ്ങളും ഗവേഷണ ലേഖനങ്ങളും രചിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: