India

മഹാകുംഭമേളയ്‌ക്ക് കണ്ണെത്താ ദൂരത്തോളം ടെന്‍റുകള്‍; 40 കോടി ഭക്തരെ വരവേല്‍ക്കാന്‍ അവസാന വട്ട ഒരുക്കവുമായി യോഗിയുടെ പ്രയാഗ് രാജ്

മഹാകുംഭമേളയുടെ ഭാഗമായി പ്രയാഗ് രാജിലെങ്ങും കണ്ണെത്താ ദൂരത്തോളമാണ് ടെന്‍റുകള്‍ ഉയര്‍ന്നിരിക്കുന്നത്. 40 കോടി ഭക്തരെ പ്രതീക്ഷിച്ചുകൊണ്ടുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് പ്രയാഗ് രാജ്.

Published by

പ്രയാഗ് രാജ്: മഹാകുംഭമേളയുടെ ഭാഗമായി പ്രയാഗ് രാജിലെങ്ങും കണ്ണെത്താ ദൂരത്തോളമാണ് ടെന്‍റുകള്‍ ഉയര്‍ന്നിരിക്കുന്നത്. മഞ്ഞ, ചുകപ്പ്, നീല, വെള്ള…എല്ലാ നിറങ്ങളിലും ടെന്‍റുകളുണ്ട്. അവരെ തുടര്‍ച്ചയായ ഒരു ഒഴുക്കുപോലെ ടെന്‍റുകളുടെ നിറങ്ങള്‍ തൊട്ടുരുമ്മി നില്‍ക്കുന്നത് ദൂരക്കാഴ്ചയില്‍ കാണാനാകും. 40 കോടി ഭക്തരെ പ്രതീക്ഷിച്ചുകൊണ്ടുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് പ്രയാഗ് രാജ്.

ഗംഗ, യമുന, സരസ്വതീ നദികള്‍ സംഗമിക്കുന്ന വിശുദ്ധസ്നാനച്ചടങ്ങിലുള്ള ത്രിവേണിസംഗമം ഒരുങ്ങിക്കഴിഞ്ഞു. ഭക്തര്‍ക്ക് കുളിക്കാനുള്ള ഘട്ടുകളും ഒരുങ്ങി. ടെന്‍റുകള്‍ക്ക് പുറമെ താല്‍ക്കാലിക പൊന്‍ടൂണ്‍ പാലങ്ങള്‍, പുത്തന്‍ റോഡുകള്‍, പൊതുകക്കൂസുകള്‍ എന്നിവയും ഭൂമിയിലെ ഏറ്റവും വലിയ മനുഷ്യസംഗമത്തിന് ഒരുങ്ങുന്ന 12 വര്‍ഷത്തില്‍ ഒരിയ്‌ക്കല്‍ വരാറുള്ള മഹാകുംഭമേളയ്‌ക്ക് പ്രയാഗ് രാജിന് ഇനി അവസാനവട്ട മിനുക്കുപണികളേ ബാക്കിയുള്ളൂ. അത്രത്തോളം എണ്ണയിട്ട യന്ത്രം പോലെ യോഗി സര്‍ക്കാരിലെ ഉദ്യോഗസ്ഥരും ഹിന്ദു സംഘടനകളും കഴിഞ്ഞ എത്രയോ മാസങ്ങളായി, വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ്.

ഒന്നോ രണ്ടോ ദിവസം നീളുന്നതല്ല മഹാകുംഭമേള ഉത്സവം. ജനവരി 13 ആരംഭിക്കുന്ന ഈ മേള അവസാനിക്കുന്നത് മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26നാണ്. ഏകദേശം 43 ദിവസത്തോളം നീളുന്ന മനുഷ്യമഹാസംഗമം. സാധാരണഭക്തര്‍ക്കൊപ്പം വിവിഐപികളും ഇടകലരുമ്പോള്‍ സുരക്ഷാ ദൗത്യവും സര്‍ക്കാരിന്റെ തലവേദന മൂന്നിരട്ടിയാക്കുന്നു. ഡ്രോണുകള്‍ നിരന്തരം ആകാശത്ത് നിന്നും വട്ടം ചുറ്റുന്നു.

1400 പൊലീസുകാര്‍ വാഹനനിയന്ത്രണത്തിന് മാത്രം പ്രയാഗ് രാജില്‍ തമ്പടിക്കും. 200 യുവ പൊലീസുകാര്‍ ചേര്‍ന്നുള്ള സംഗം 20 ടീം ആണ് സ്നാനത്തിനായി ആളുകള്‍ കൂട്ടംകൂടുന്ന സംഗം ഘട്ടില്‍ തിരക്ക് നിയന്ത്രിക്കുക. എസ് പി അനിത് കുമാറാണ് സംഗം 20 ടീമിനെ നയിക്കുന്നത്. ഒരിയ്‌ക്കലും സംഗം ഘട്ടില്‍ തിക്കും തിരക്കും ഉണ്ടാകാതിരിക്കാനാണ് പ്രത്യേക ശ്രദ്ധയുണ്ടാവുക. സംഗം ഘട്ടിനോട് ചേര്‍ന്നുള്ള പ്രദേശം ഞായറാഴ്ച മുതല്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത പ്രദേശമായി മാറും.

ഏകദേശം 7000 കോടി രൂപയാണ് ഒരുക്കങ്ങള്‍ക്കായി യുപി സര്‍ക്കാര്‍ ചെലവഴിച്ചിരിക്കുന്നത്. ജനവരി 14ന് മകര്‍ സംക്രാന്തി, ജനവരി 29ന് മൗനി അമാവാസ്യ, ഫെബ്രുവരി 3ന് ബസന്ത് പഞ്ചമി, ഫെബ്രുവരി 12ന് മാഘി പൂര്‍ണ്ണിമ, ഫെബ്രുവരി 26ന് മഹാശിവരാത്രി എന്നീ ദിവസങ്ങള്‍ കൂടുതല്‍ ആഘോഷപൂര്‍ണ്ണമായിരിക്കും.

ചുറ്റിലും പല രീതിയില്‍ ശത്രൂക്കള്‍ രാജ്യത്തിനകത്തും പുറത്തും അണി നിരക്കുമ്പോള്‍ തന്നെ 40 കോടി ജനങ്ങളെ സംഗമിപ്പിക്കുന്ന ഭാവനയില്‍ മാത്രം കാണാന്‍ സാധിക്കാവുന്ന മനുഷ്യസംഗമം സംഘടിപ്പിക്കുക എന്നത് സാഹസികത തന്നെയാണ്. ട്രെയിന്‍ ജിഹാദ്, സാമൂഹിക അട്ടിമറിപ്രവര്‍ത്തനങ്ങള്‍ തുടങ്ങി ശത്രുക്കള്‍ പലതരം കുതന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുമ്പോള്‍ തന്നെയാണ് തന്‍റേടത്തോടെ യോഗി സര്‍ക്കാര്‍ ഈ മഹാമനുഷ്യസംഗമോത്സവം സംഘടിപ്പിക്കുന്നത് എന്നത് ധീരതയുടെ പ്രതീകം തന്നെ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by