ശബരിമല സീസണില്‍ പതിനായിരത്തോളം വാഹനങ്ങള്‍ ദിനംപ്രതി വന്നു പോകുന്ന പമ്പയിലേക്ക് നാലുവരി പാതയും അനുബന്ധ റോഡും അനിവാര്യമാകുന്നു.
മണ്ണാറക്കുളഞ്ഞിയില്‍ നിന്നും എരുമേലിയില്‍ നിന്നുമുള്ള നിലവിലെ റോഡുകള്‍ ദേശീയ നിലവാരത്തില്‍ നാലുവരി പാതകളാക്കുകയും ഈ രണ്ടു റോഡുകള്‍ സംഗമിക്കുന്ന ഇലവുങ്കല്‍ മുതല്‍ പമ്പ വരെ സമാന്തര പാതയുമാണ് അടിയന്തര പ്രാധാന്യത്തില്‍ നടപ്പാക്കേണ്ടത്.
ശബരിമല റോഡുകളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത് 17 റോഡുകളെയാണ്. ശബരിമല റോഡുകളുടെ അറ്റകുറ്റ പ്പണികള്‍ക്ക് ഒരു രൂപ പോലും അനുവദിക്കാത്ത ചരിത്രത്തിലെ ആദ്യ തീര്‍ത്ഥാടനകാലം എന്ന പ്രത്യേകത ഈ സീസണിനുണ്ട്. വനമേഖലകളിലെ റോഡുകളുടെ വശങ്ങളിലുള്ള കാട് വെട്ടാനും ഇത്തവണ അധികൃതര്‍ തയാറായിട്ടില്ല. അപകടകരമാംവിധം സംരക്ഷണ ഭിത്തികള്‍ വരെ കാടുകയറി കിടക്കുന്നു.
കെഎസ്ഇബി റോഡുംവി.വി. ഗിരിയുടെ ദര്‍ശനവും
ശബരിമല റോഡുകളുടെ ആവിര്‍ഭാവം മൂഴിയാര്‍ ജല വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് 1958ലാണ്. പമ്പാ ത്രിവേണിക്കുമുകളില്‍ പദ്ധതി നടപ്പാക്കാനായിരുന്നു ആദ്യ തീരുമാനം. പദ്ധതിക്കായുള്ള ജിടിഎസ് സര്‍വേക്കായി പമ്പാ ത്രിവേണി വരെ കെഎസ്ഇബി സഞ്ചാരയോഗ്യമായ റോഡുണ്ടാക്കി. അതുവരെ ശബരിമലയിലെത്താന്‍ ഏക ആശ്രയം എരുമേലി കരിമല വഴിയുള്ള കാനന പാതയായിരുന്നു.
ജിടിഎസ് സര്‍വേ പുരോഗമിക്കുന്നതിനിടെ തമിഴ്‌നാട്ടുകാരനായ രാമനാഥ അയ്യര്‍ ചുമതല ഏറ്റതോടെ ഈ ജലവൈദ്യുത പദ്ധതിക്കായി കൂടുതല്‍ പഠനം നടത്തുകയും മൂഴിയാറിലേക്ക് പദ്ധതി റീ റൂട്ട് ചെയ്യുകയുമായിരുന്നു. പദ്ധതി കൂടുതല്‍ ഫലപ്രദമാക്കുകയും ചെയ്തു.
മൂഴിയാറിലേക്ക് പദ്ധതി മാറിയപ്പോള്‍ കെഎസ്ഇബി പ്ലാപ്പള്ളി ആങ്ങമൂഴി വഴി കൊടുംവനത്തിലൂടെ മൂഴിയാറിന് പുതിയ റോഡുണ്ടാക്കി. 1967 ആഗസ്ത് 27 ന് ഗവര്‍ണര്‍ ആയിരുന്ന വി.വി. ഗിരിയാണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്.
വി.വി. ഗിരി അന്ന് ശബരിമലയിലും ദര്‍ശനം നടത്തിയിരുന്നു. ശബരിമലയേയും വി.വി ഗിരിയേയും സ്മരിച്ചാണ് അതുവരെ പമ്പാ കക്കി ഹൈഡല്‍ പ്രൊജക്ട് പേരുമാറ്റി ശബരിഗിരി പ്രൊജക്ട് എന്നാക്കിയതെന്ന് അന്നത്തെ കെഎസ്ഇബി സീനിയര്‍ ഓവര്‍സിയര്‍ റാന്നി പെരുനാട് പുന്നമൂട്ടില്‍ രാമചന്ദ്രകുറുപ്പ് പറയുന്നു.
സമാന്തര പാതആയിക്കൂടേ?
അറുപതുകളുടെ തുടക്കത്തില്‍ കെഎസ്ഇബിക്ക് കൊടും വനത്തില്‍ 60 കിലോമീറ്റര്‍ പുതിയ റോഡുണ്ടാക്കാമെങ്കില്‍ ശാസ്ത്ര സാങ്കേതിക വിദ്യകള്‍ കുതിച്ചു ചാട്ടമുണ്ടാക്കിയ ഇക്കാലത്ത് ശബരിമലക്കൊരു സമാന്തര റോഡുണ്ടാക്കാന്‍ എന്തുകൊണ്ട് സാധിക്കുന്നില്ല.
കഴിഞ്ഞ സീസണില്‍ 18 മണിക്കൂര്‍ വരെ ശബരിമല റോഡില്‍ ഗതാഗത തടസമുണ്ടായി. കുടിവെള്ളവും ആഹാരവും കിട്ടാതെ കുട്ടികളടക്കമുള്ള തീര്‍ത്ഥാടകര്‍ കൊടുംവനത്തില്‍ കിടന്നു. ഇത്തവണയും മണിക്കൂറുകള്‍ ഗതാഗതക്കുരുക്ക് പല പ്രാവശ്യം ഉണ്ടായി.
ഇലവുങ്കല്‍ നിന്ന് പമ്പ വരെ 21 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യാന്‍ ലക്ഷക്കണക്കിനു തീര്‍ത്ഥാടകര്‍ക്കായുള്ളത് എട്ടു മീറ്റര്‍ വീതിയുള്ള ഒരു റോഡു മാത്രം. നട തുറക്കുന്ന സമയത്തെല്ലാം ഈ റോഡില്‍ തലങ്ങും വിലങ്ങും വാഹനങ്ങളുടെ നീണ്ട നിര കാണാം.
നിലവിലുള്ള റോഡ് ഉന്നത നിലവാരത്തില്‍ നാലുവരിപ്പാതയാക്കുകയും ഇലവുങ്കല്‍ മുതല്‍ സമാന്തര റോഡ് നിര്‍മിക്കുകയുമാണ് ശബരിമലയുടെ യാത്രാ ദുരിതം തീരാനുള്ള പ്രായോഗിക മാര്‍ഗം.
ഇതത്ര ക്ലേശകരമല്ല. പമ്പയുടെ തീരത്തുകൂടി തുലാപ്പള്ളി കിസുമം മുതല്‍ അട്ടത്തോടുവരെ ഇപ്പോള്‍ ജീപ്പ് റോഡുണ്ട്. അട്ടത്തോട്ടില്‍ നിന്ന് ഇപ്പോഴുള്ള റോഡില്‍ കൂടി പമ്പയിലെത്താന്‍ 16 കിലോമീറ്റര്‍ ദൂരം വരും. പമ്പയുടെ തീരത്തു കൂടിയുള്ള തിരുവാഭരണ പാത വികസിപ്പിച്ചെടുത്താല്‍ ആറു കിലോമീറ്റര്‍ കൊണ്ട് പമ്പയിലെത്താം. അട്ടത്തോട് കൊല്ലമൂഴി വെള്ളാച്ചിമല ഒളിയന്‍പുഴ വഴി പമ്പാ ഹില്‍ ടോപ്പിലും അവിടെ നിന്ന് പമ്പയിലുമെത്താം. നടപ്പാതയായി പലരും ഉപയോഗിക്കുന്ന ഈ വഴി വികസിപ്പിച്ചാല്‍ വാഹനങ്ങളെക്കൊണ്ട് വീര്‍പ്പു മുട്ടുന്ന പമ്പക്ക് ശാപമോക്ഷമാകും. ഒരു റിങ് റോഡുപോലെ പ്രയോജനപ്പെടുത്താന്നും വാഹനങ്ങള്‍ക്ക് വണ്‍വേ ഏര്‍പ്പെടുത്താനും ഇതിലൂടെ സാധ്യമാകും.
പമ്പാ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു പിന്നിലൂടെ ബാലികേറാമലയുടെ വശത്തുകൂടി ഹില്‍ ടോപ്പിലെത്താനും നിലവില്‍ കൂപ്പു റോഡുണ്ട്. ഇതു വികസിപ്പിച്ചാല്‍ പമ്പയിലുള്ള വാഹനങ്ങളെ ഈ വഴി തിരിച്ചു വിടാം.
റോഡ് പദ്ധതികളൊന്നും സര്‍ക്കാരും ബോര്‍ഡും ആലോചിക്കുന്നില്ല
തീര്‍ത്ഥാടകരുടെ ദുരിതം അകറ്റാന്‍ ഇത്തരത്തിലൊരു പദ്ധതിയും സര്‍ക്കാര്‍ ആലോചിക്കുന്നതു പോലുമില്ല. സമ്മര്‍ദ്ദം ചെലുത്തേണ്ട തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവട്ടെ സര്‍ക്കാര്‍ അടിമകളായി കാലാവധി തീര്‍ക്കുന്നു.
ദിനംപ്രതി 45 കിലോമീറ്റര്‍ ദേശീയപാത നിര്‍മ്മിക്കുന്ന രാജ്യമാണിത്. കടല്‍ പാലങ്ങളും തുരങ്ക പാതകളും നിര്‍മ്മിച്ച് ലോക പ്രശസ്തരാകുന്നവരുടെ നാടാണിത്.
വനമാണ്, കടുവാ സംരക്ഷണ മേഖലയാണ് എന്നാവും തടസ്സവാദങ്ങള്‍. കടുവാ സംരക്ഷണ മേഖലയിലൂടെയല്ല ഇപ്പറഞ്ഞ കൂപ്പുറോഡുകളൊന്നും പോകുന്നത്.
ഇനി കടുവാ സംരക്ഷണ മേഖലയിലാണെങ്കില്‍ തന്നെ വേണമെങ്കില്‍ റോഡ് നിര്‍മ്മിക്കരുതോ. ദേശീയപാത 44 കടന്നു പോകുന്നത് പെഞ്ച് ടൈഗര്‍ റിസര്‍വിലൂടെയാണ്. സിയോനി (മധ്യപ്രദേശ്) മുതല്‍ നാഗ്പൂര്‍ (മഹാരാഷ്‌ട്ര) വരെ ടൈഗര്‍ റിസര്‍വ്വ് ഏരിയ ആണ്. ഇവിടെ അഞ്ച് അടിപ്പാതകളും നാല് പാലങ്ങളും, സംരക്ഷണ ഭിത്തികളുമായി വന്യമൃഗ സഞ്ചാരം തടസപ്പെടുത്താതെയുള്ള രൂപകല്പനയാണ് നടപ്പാക്കിയിട്ടുള്ളത്. ശബരിമലയുടെ കാര്യത്തില്‍ സര്‍ക്കാരിനോ ബോര്‍ഡിനോ താത്പര്യമില്ല എന്നതു തന്നെ കാരണം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക