ജയേട്ടന്റെ പാട്ടിനെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല. നമുക്കൊക്കെ പാട്ട് എങ്ങനെ പാടണം, സാഹിത്യ ശുദ്ധി എങ്ങനെ കാത്തുസൂക്ഷിക്കാം, കൃത്രിമമായിട്ടല്ലാതെ എങ്ങനെ ഭാവം കൊണ്ടുവരാം എന്നൊക്കെ കാണിച്ചു തന്ന സംഗീതജ്ഞനാണ് അദ്ദേഹം. ഭാവ ഗായകന്‍ എന്ന് നാം അദ്ദേഹത്തെ വിളിക്കുന്നു. അദ്ദേഹത്തിന്റെ പാട്ടുകളിലെ ഭാവം… അത് അദ്ദേഹത്തിന് ജന്മനാ ലഭിച്ച ദൈവികമായ ഒരു വരം തന്നെയാണ്. ഭാവം സൃഷ്ടിക്കാന്‍ വേണ്ടി ചിലര്‍ ഹസ്‌കിയായി പാടും. പക്ഷെ, അദ്ദേഹം വെറുതേ ഒരു വരി മൂളിയാല്‍ മതി, അതില്‍ പോലും ഭാവത്തെ സന്നിവേശിപ്പിച്ചാണ് അദ്ദേഹം പാടുന്നത്. അത്രയ്‌ക്ക് വരദാനം ലഭിച്ച കലാകാരനാണ്. മറ്റു സംഗീത ശാഖകളെയും അവയിലെ കലാകാരന്മാരെയും അംഗീകരിക്കുന്ന, ആദരിക്കുന്ന അവ നിത്യം കേള്‍ക്കുന്ന ഒരു വലിയ കലാകാരനായിരുന്നു ജയേട്ടന്‍. മറ്റുള്ളവരെ അങ്ങനെ കാണാനും അംഗീകരിക്കാനും പലര്‍ക്കും ബുദ്ധിമുട്ടുള്ളപ്പോഴാണിതെന്ന് നാം കാണണം.
ഒരു യഥാര്‍ഥ സംഗീതജ്ഞനായിരുന്നു അദ്ദേഹം. സ്വന്തം പരിശ്രമവും ജന്മനാ ലഭിച്ച കഴിവും അദ്ദേഹത്തെ അതുല്യനായ ഗായകനാക്കി. അങ്ങേയറ്റം സഹൃദയനാണ്. അതിനാലാണ് അദ്ദേഹത്തിന് മറ്റു ഗായകരെക്കുറിച്ചും മറ്റുള്ള ശൈലികളെക്കുറിച്ചും വിശദമായി സംസാരിക്കാനും അവയെ മനസുതുറന്ന് അംഗീകരിക്കാനും സാധിച്ചിരുന്നത്. ഇഷ്ടങ്ങളും അനിഷ്ടങ്ങളും തുറന്നു പറയുന്ന ശുദ്ധഹൃദയനായ പച്ചയായ മനുഷ്യന്‍. തികച്ചും ശുദ്ധാത്മാവ്. അതിലൊരു സത്യസന്ധതയുണ്ട്. അത്തരമൊരാളെ വേറെ കണ്ടെത്താന്‍ കഴിയുമോയെന്ന് തന്നെ സംശയമാണ്.
എന്റെ ഒരു അനുഭവമാണിത്. ‘കുമാരനാശാ’ന്റെ ഷൂട്ടിങ്ങ് സമയത്ത് ഡബ്ബിങ്ങിനുവേണ്ടി കലാഭവനില്‍ പോയപ്പോള്‍ തൊട്ടടുത്ത ഫ്‌ളോറില്‍, ഒരു റിയാലിറ്റി ഷോയുടെയാണെന്ന് തോന്നുന്നു, ജയേട്ടനുണ്ട്. ഇതറിഞ്ഞ് ഞാന്‍ അവിടെ ചെന്നു. അപ്പോള്‍ അവിടെ ഒരു സോഫയില്‍ അദ്ദേഹം കിടക്കുകയാണ്. എന്നെ കണ്ടപാടെ അദ്ദേഹം ചാടിയെഴുന്നേറ്റു. എന്നെ കണ്ട് എഴുന്നേല്‍ക്കുകയോ,, ഞാന്‍ ആകെ അത്ഭുതപ്പെട്ടുപോയി. ഞാന്‍ പകച്ചു നില്‍ക്കുന്നതു കണ്ട് ജയേട്ടന്‍ പറഞ്ഞു എടോ തന്നെ കണ്ടിട്ടല്ല, തന്റെ ഗുരുനാഥനെ ഓര്‍ത്താണ് ഞാന്‍ എഴുന്നേറ്റത് എന്നു പറഞ്ഞു. തമാശയായിട്ടല്ല, വളരെ കാര്യമായി തന്നെയാണ് അദ്ദേഹം അതു പറഞ്ഞത്.
തുടര്‍ന്ന് എന്നെ അവിടെ പിടിച്ചിരുത്തി എന്റെ ഗുരുനാഥന്‍ നെയ്യാറ്റിന്‍കര വാസുദേവന്‍ സാറിനെക്കുറിച്ച് ഏറെ നേരം സംസാരിച്ചു. അദ്ദേഹത്തിന്റെ സാഹിത്യ ശുദ്ധി, പാട്ടുകളിലെ ഭാവം എന്നിവയെല്ലാം അദ്ദേഹം വിവരിച്ചു. ഞാന്‍ ശ്രീവല്‍സന്റെ പാട്ടുകളൊക്കെ കേള്‍ക്കാറുണ്ടെന്നും പറഞ്ഞു. എത്രയോ വലിയ ഗുരുവിന്റെ ആ പരമ്പരയ്‌ക്കാണ് എന്റെ ആദരം എന്നാണ് അദ്ദേഹം പറഞ്ഞുവച്ചത്. ഇങ്ങനെയൊക്കെ പറയാന്‍ അദ്ദേഹത്തിനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക.
അദ്ദേഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ എത്ര മനോഹരമായിട്ടാണ് തുറന്ന് അദ്ദേഹം പറയുന്നതെന്ന് ഞാന്‍ അപ്പോള്‍ ആലോചിച്ചു. മറ്റൊരു ദിവസം സാഹിത്യ അക്കാദമി ഹാളില്‍ ഒരു കൃഷ്ണ ഭക്തിഗാനത്തിന്റെ ആല്‍ബം റിലീസായിരുന്നു, രാജീവ് നായരായിരുന്നു പ്രൊഡ്യൂസര്‍. ലാല്‍ ജോസും സത്യന്‍ അന്തിക്കാടും അടക്കം നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ അവിടെയുണ്ടായിരുന്നു. പ്രകാശനം ജയേട്ടനായിരുന്നു. പലരും അതില്‍ പാടിയിട്ടുണ്ട്. ഞാനും ഒന്നു രണ്ട് ഗാനങ്ങള്‍ പാടിയിട്ടുണ്ട്. സംഗീതം നല്‍കിയത് ഞാനാണ്. റിലീസ് കഴിഞ്ഞ് ഓരോ ഗാനത്തിന്റെയും ഏതാനും വരികള്‍ ജയേട്ടന്‍ കേട്ടു. അതു കഴിഞ്ഞു ജയേട്ടന്‍ പ്രസംഗിച്ചു. ആല്‍ബം നന്നായി എന്നു പറഞ്ഞ അദ്ദേഹം ശ്രീവല്‍സന്‍ പാടിയ ഒരു പാട്ടില്‍ രഥവും ധനുവും തമ്മിലുള്ള വ്യത്യാസം ഒന്നു ശരിയാക്കണമെന്ന് ചൂണ്ടിക്കാട്ടി. അങ്ങനെ അദ്ദേഹം തുറന്നു പറയുമ്പാള്‍ നമുക്ക് വിഷമമോ ഒന്നും തോന്നുകയില്ല. അനുഗ്രഹം കിട്ടിയ പോലെയാണ് അപ്പോള്‍ തോന്നിയത്. വിമര്‍ശനാത്മകമായി പറയുമ്പോഴും സന്തോഷത്തോടെ പറയുമ്പോഴും എല്ലാം ഒരേ തരത്തിലാണ്. അതിന്റെ ഊഷ്മളത എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്.
യഥാര്‍ഥ ഭക്തനായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഗുരുവായൂരപ്പനില്‍ ലയിച്ചാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുമായിരുന്നു. അങ്ങനെയൊരു ഭക്തനായിരുന്നു.ജയേട്ടന്റെ വിയോഗം ഭാരതത്തിന്റെ നഷ്ടമാണ്. ഭാവ സംഗീതത്തിന്റെ നഷ്ടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക