India

മഹാകുംഭമേളയില്‍ അദാനിയുടെ ആത്മീയ സംരംഭം; ഹിന്ദു ദൈവങ്ങളുടെ മന്ത്രോച്ചാരണങ്ങളടങ്ങിയ ഒരു പുസ്തകങ്ങള്‍ വിതരണം ചെയ്യും

ഹിന്ദു ദൈവങ്ങളെ സ്തുതിക്കുന്ന മന്ത്രോച്ചാരങ്ങള്‍ ഉള്‍പ്പെടുത്തിയ ആരതി സംഗ്രഹം ഒരു കോടി പുസ്തകങ്ങള്‍ അച്ചടിച്ച് മഹാകുംഭമേളയില്‍ വിതരണം ചെയ്യാന്‍ അദാനി മുന്‍കയ്യെടുക്കുന്നു. ആത്മീയഗ്രന്ഥങ്ങളുടെ അച്ചടിക്ക് പേര് കേട്ട ഗീതാ പ്രസ്സാണ് ആരതി സംഗ്രഹത്തിന്‍റെ ഒരു കോടി പുസ്തകങ്ങള്‍ അച്ചടിക്കുക.

Published by

ന്യൂദല്‍ഹി: മഹാകുംഭമേളയില്‍ ആത്മീയ സംരംഭവുമായി അദാനിയും. ഹിന്ദു ദൈവങ്ങളുടെ മന്ത്രോച്ചാരണങ്ങളടങ്ങിയ ഒരു കോടി പുസ്തകങ്ങള്‍ സൗജന്യമായി ഭക്തര്‍ക്ക് വിതരണം ചെയ്യും. മഹാകുംഭമേളയുടെ മുഖ്യച്ചടങ്ങായ വിശുദ്ധസ്നാന സമയത്ത് ഭക്തര്‍ വിവിധ ദൈവങ്ങളെ സ്തുതിക്കുന്ന മന്ത്രങ്ങള്‍ ഉച്ചരിക്കുക പതിവാണ്.

ആത്മീയഗ്രന്ഥങ്ങളുടെ അച്ചടിക്ക് പേര് കേട്ട ഗീതാ പ്രസ്സാണ് ആരതി സംഗ്രഹത്തിന്റെ ഒരു കോടി പുസ്തകങ്ങള്‍ അദാനിയ്‌ക്ക് വേണ്ടി അച്ചടിച്ച് വിതരണം ചെയ്യുക. മഹാകുംഭമേളയിലെ സുപ്രധാനമായ വിശുദ്ധസ്നാനച്ചടങ്ങില്‍ ഗംഗാ, യമുനാ, സരസ്വതി നദികളുടെ സംഗമസ്ഥാനത്ത് മുങ്ങിക്കുളിക്കുമ്പോഴാണ് വിവിധ ദൈവങ്ങളുടെ മന്ത്രങ്ങള്‍ ഉച്ചരിക്കുക. അതിന് സാധാരണഭക്തരെ സഹായിക്കാനാണ് ആരതി സംഗ്രഹം പുസ്തകരൂപത്തില്‍ അച്ചടിച്ച് വിതരണം ചെയ്യുന്നത്.

മഹാകുംഭമേളയില്‍ പങ്കെടുക്കുന്ന ഭക്തരില്‍ ആത്മീയ അന്തരീക്ഷം ഉണര്‍ത്താന്‍ ഈ പുസ്തകം സഹായകരമാകും. ശിവന്‍, വിഷ്ണു, ദുര്‍ഗ്ഗ, ലക്ഷ്മി, ഗണേശഭഗവാന്‍ തുടങ്ങി വിവിധ ദൈവങ്ങളെ പ്രകീര്‍ത്തിക്കുന്ന മന്ത്രങ്ങളാണ് ആരതി സംഗ്രഹില്‍ ഉണ്ടാവുക. ഹിന്ദു ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ മന്ത്രങ്ങള്‍ അച്ചടിക്കും. ഇതുമായി ബന്ധപ്പെട്ട് ഗീതാപ്രസ്സ് ഉദ്യോഗസ്ഥരുമായി നടത്തുന്ന കൂടിക്കാഴ്ചയുടെ ഫോട്ടോ സഹിതം ഈ വാര്‍ത്ത അദാനി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ‘സേവ തന്നെയാണ് സാധന’ എന്ന സനാതന ധര്‍മ്മത്തിന്റെ ആപ്തവാക്യമാണ് അദാനി ഈ കര്‍മ്മത്തിലൂടെ നിര്‍വ്വഹിക്കുന്നത്.

മഹാകുംഭമേളയ്‌ക്ക് ഇസ്കോണുമായി സഹകരിച്ച് ഭക്തര്‍ക്ക് സൗജന്യമായി ഭക്ഷണവും അദാനി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ആരതി സംഗ്രഹം പുസ്തകരൂപത്തില്‍ അച്ചടിച്ച് വിതരണം ചെയ്യുമെന്ന പ്രഖ്യാപനം പുറത്തുവന്നത്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക