തിരൂര്‍: പുതിയങ്ങാടി വലിയനേര്‍ച്ചയുടെ സമാപനദിവസത്തില്‍ ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ ഗുരുതര പരിക്കുകളൊടെ ചികിത്സയിലിരുന്നയാൾ മരിച്ചു. തിരൂര്‍ ഏഴൂര്‍ സ്വദേശി പൊട്ടച്ചോലെപടി കൃഷ്ണന്‍കുട്ടി (55) ആണ് മരിച്ചത്.
കൃഷ്ണന്‍കുട്ടി കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ 11.29 നാണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിരൂര്‍ തെക്കുംമുറിയില്‍ പൊതുദര്‍ശനത്തിന് വെക്കും. ശേഷം സംസ്‌കാരം. നേര്‍ച്ചയ്‌ക്കിടെ ജാറത്തിന് മുന്‍പില്‍ വെച്ച് പോത്തന്നൂര്‍ പൗരസമിതിയുടെ പെട്ടിവരവില്‍ അണിനിരന്ന പാക്കത്ത് ശ്രീകുട്ടന്‍ എന്ന ആന വിരണ്ട് കൃഷ്ണൻ കുട്ടിയെ തുമ്പിക്കൈയില്‍ ചുഴറ്റിയെറിയുകയായിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് ജാറത്തിനു മുന്‍പില്‍ അണിനിരന്ന അഞ്ച് ആനകളിലൊന്നായ പാക്കത്ത് ശ്രീക്കുട്ടന്‍ ഇടഞ്ഞത്. 28 പേര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്.ഇതില്‍ പൂഴിങ്കുന്ന് കാളിയൂടെ വീട്ടില്‍ രാഹുല്‍ (33) എന്നയാളുടെ പരിക്ക് ഗുരുതരമാണ്. ഇയാള്‍ ആലത്തിയൂര്‍ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ളവരുടെ പരിക്ക് ഗുരതരമല്ല.
ബുധനാഴ്ച പുലര്‍ച്ചെ 2.15-ഓടെ ആനയെ തളച്ചു. സംഭവത്തില്‍ പാപ്പാനെതിരേ തിരൂര്‍ പോലീസ് കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: