തിരുവല്ല: ഗുരുവായൂരപ്പന്റെ നാദോപാസകന്‍, മലയാളത്തിന്റെ ഭാവഗായകന്‍ പാട്ടുതീര്‍ത്തു മടങ്ങിയത് സ്വര്‍ഗവാതില്‍ തുറന്ന പുണ്യസമയം. തന്റെ നാദസൗഭഗവും ജീവിതസൗഭാഗ്യങ്ങളത്രയും ഗുരുവായൂരപ്പന്റെ കൃപയാണെന്നും ഗുരുവായൂരപ്പന്‍ നിശ്ചയിക്കുന്നതുവരെ താന്‍ പാടുമെന്നും പല അഭിമുഖങ്ങളിലും ജയച്ചന്ദ്രന്‍ ആവര്‍ത്തിച്ചിരുന്നു. അവസാനം ആ നാദം നിലച്ചത് വൈകുണ്ഠ ഏകാദശീപുണ്യം നിറഞ്ഞ സമയത്തായത് ഭക്തനായ ഭാവഗായകനെ ഭഗവാന്‍ പുനര്‍ജ്ജന്മരഹിതമായ മോക്ഷപഥത്തില്‍ എത്തിച്ചു എന്നതിനു തെളിവാകുന്നു.
ഇന്നാണ് ഗുരുവായൂരിലും മറ്റ് വിഷ്ണുക്ഷേത്രങ്ങളിലും വൈകുണ്ഠഏകാദശി ആചരിക്കുന്നതെങ്കിലും ഇന്നലെ 14 നാഴിക 11 വിനാഴിക കഴിഞ്ഞപ്പോഴേക്കും(ഉച്ചയ്‌ക്ക് 12.28ന്) ഏകാദശി തിഥി തുടങ്ങിയിരുന്നു. ഇന്ന് ഒന്‍പതുനാഴിക എട്ടു വിനാഴികയ്‌ക്കേ ഏകാദശി തിഥിയുള്ളൂ(രാവിലെ 10.27 വരെ).
രോഗമുക്തനായി വീണ്ടും റിക്കാര്‍ഡിങ് സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ ജയച്ചന്ദ്രന്‍ ആലപിച്ചതും ഗുരുവായൂരപ്പ ഭക്തിഗാനമായിരുന്നു.
ഗുരുവായ നാഥനാം
ഗുരുവായൂരപ്പനെ
ഗുരുവായൂരെത്തി ഞാന്‍
തൊഴുതുനില്‍ക്കേ
അവിടുന്ന് അരുളുന്നു
നാരായണമന്ത്രം
നരനായ എന്നുടെ
മോക്ഷത്തിനായ്…
കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ ഗാനം റിക്കാര്‍ഡ് ചെയ്തത്. ആ ഗാനത്തിലെ വരികള്‍പോലെ സാക്ഷാല്‍ ഗുരുവായൂരപ്പന്‍ ആ നാദശരീരത്തിനു സായുജ്യവും നല്‍കി. പുണ്യജന്മം… ധന്യജന്മം…പ്രണാമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: