ന്യൂദൽഹി:അഫ്ഗാനിസ്ഥാനിൽ നിന്നുമുള്ള രോഗികൾക്കും വിദ്യാർത്ഥികൾക്കും കച്ചവടക്കാർക്കും വിസ അനുവദിക്കണമെന്ന് താലിബാൻ ഭരണകൂടം ഇന്ത്യയോട് അഭ്യർത്ഥിച്ചു. ഇന്ത്യയിലെ സുരക്ഷ സംവിധാനങ്ങളെ കുറിച്ച് അറിയാവുന്ന താലിബാൻ വിസയ്‌ക്ക് അപേക്ഷിക്കുന്നവരെ കർശന പരിശോധനയ്‌ക്ക് വിധേയരാക്കുമെന്ന് ഇന്ത്യയ്‌ക്ക് ഉറപ്പു നൽക്കുന്നു.
കഴിഞ്ഞ ബുധനാഴ്‌ച്ച താലിബാൻ ഭരണകൂടത്തിന്റെ ആക്ടിംഗ് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി ദുബൈയിൽ വെച്ച് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ് രിയുമായി കൂടിക്കാഴ്‌ച്ച നടത്തിയപ്പോൾ വിസ അനുവദിക്കുന്നതിനുള്ള അഭ്യർത്ഥന നടത്തിയതായി അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഡെപ്യൂട്ടി വക്താവ് ഹാഫിസ് സിയ അഹമ്മദ് അറിയിച്ചു. വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സങ്കീർണ്ണമായ മൂന്ന് പ്രശ്നങ്ങളുണ്ട്. ഇന്ത്യൻ സർക്കാർ താലിബാൻ സർക്കാരിനെ ഔദ്യോഗികമായി അംഗീകരിക്കുന്നില്ല, അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവർക്ക് വിസ അനുവദിക്കുന്നത് വലിയ സുരക്ഷ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്, കാബൂളിലെ ഇന്ത്യൻ എംബസിയിലോ കോൺസുലേറ്റുകളിലോ ഇന്ത്യയ്‌ക്ക് ഫംഗ്ഷണൽ വിസ വിഭാഗമില്ല.
2021 ആഗസ്റ്റിൽ അഫ്ഗാനിസ്ഥാൻ ഭരണം താലിബാൻ ഏറ്റെടുത്ത ശേഷം അഫ്ഗാൻ പൗരന്മാർക്ക് വിസ നൽകുന്നതിൽ ഇന്ത്യ കർശനമായ നിലപാടാണ് സ്വീകരിക്കുന്നത്. അഷ്റഫ് ഘാനിയുടെ നേതൃത്വത്തിലുള്ള അഫ്ഗാൻ സർക്കാർ ആഗസ്റ്റ് 15 ന് തകർന്നതിനെ തുടർന്ന് നേരത്തെ ഇന്ത്യ നൽകിയ എല്ലാ ഫിസിക്കൽ വിസകളും ഇന്ത്യ റദ്ദാക്കി. ഇന്ത്യയിലേക്ക് യാത്ര ചെയ്യാനുള്ള അഫ്ഗാനികൾക്കായി ഇ – എമർജൻസി എക്സ് – മിസ്ക് വിസയുടെ പുതിയ വിഭാഗം ഇന്ത്യ അവതരിപ്പിച്ചു. ഇ – വിസ പോർട്ടലിലാണ് അഫ്ഗാൻ പൗരന്മാർ വിസയ്‌ക്ക് അപേക്ഷിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: