Kerala

തിരുവൈരാണിക്കുളത്ത് ശ്രീപാര്‍വതീ ദേവിയുടെ നടതുറപ്പ് മഹോത്സവം 12 മുതല്‍

Published by

കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ശ്രീ പാര്‍വതീദേവിയുടെ നടതുറപ്പ് മഹോത്സവം 12 മുതല്‍ 23 വരെ ആഘോഷിക്കും. ഭക്തജനങ്ങള്‍ക്ക് സൗകര്യപൂര്‍വം ദര്‍ശനം നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് പി.യു. രാധാകൃഷ്ണന്‍ സെക്രട്ടറി എ.എന്‍ മോഹനന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

തിരുവാഭരണഘോഷയാത്ര ഞായറാഴ്ച വൈകിട്ട് 4.30ന് അകവൂര്‍മനയില്‍ നിന്ന് ആരംഭിക്കും. മനയിലെ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണഘോഷയാത്ര രാത്രി എട്ടിന് ക്ഷേത്രത്തില്‍ പ്രവേശിച്ച് ആചാരപൂര്‍വം നടതുറക്കും. ഭക്തര്‍ ദര്‍ശനം നടത്തിയശേഷം രാത്രി 10 ന് നട അടക്കും. തുടര്‍ന്ന് പൂത്തിരുവാതിര ചടങ്ങുകള്‍ നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ 4 മുതല്‍ ഉച്ചക്ക് 1.30വരെയും വൈകിട്ട് 4 മുതല്‍ രാത്രി 9വരെയും ക്ഷേത്ര ദര്‍ശനം സാധ്യമാകും.

ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിന് ക്യൂ നില്‍ക്കുന്നതിനായി അന്‍പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പന്തലുകളാണ് ഒരുക്കിയിട്ടുള്ളത്. ദേവിയുടെ പ്രധാന വഴിപാടുകളായ പട്ട്, പുടവ, ഇണപ്പുടവ, താലി, തൊട്ടില്‍, വാല്‍ക്കണ്ണാടി തുടങ്ങിയ വഴിപാടുകള്‍ വാങ്ങുന്നതിനും പുഷ്പാഞ്ജലികള്‍, ധാര എന്നീ വഴിപാടുകളുടെ രസീതുകള്‍ ലഭിക്കുന്നതിനും ക്യൂവില്‍ തന്നെ കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഓണ്‍ലൈനായി വഴിപാടുകള്‍ ബുക്ക് ചെയ്യുവാനും സൗകര്യമുണ്ട്.
സാധാരണ ക്യൂ കൂടാതെ ദര്‍ശന ദിവസവും സമയവും മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനായി വെര്‍ച്വല്‍ ക്യു സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. www.thiruvairanikkulamtemple.org എന്ന വെബ്‌സെറ്റ് സന്ദര്‍ശിച്ച് ലളിതമായ നടപടി ക്രമങ്ങളിലൂടെ വെര്‍ച്വല്‍ ക്യു ബുക്ക് ചെയ്യാം. സംസ്ഥാന ടൂറിസം വകുപ്പ് പണികഴിപ്പിച്ച് നല്‍കിയ അന്നദാന മണ്ഡപത്തില്‍ ഉത്സവദിവസങ്ങളില്‍ രാവിലെ 9 മുതല്‍ അന്നദാനം ഉണ്ടാകും.

ക്ഷേത്ര ഊരാണ്‍മ പ്രതിനിധി അകവൂര്‍ കുഞ്ഞനിയന്‍ നമ്പൂതിരിപ്പാട്, ട്രസ്റ്റ് വൈസ് പ്രസിഡന്റ് പി.കെ. നന്ദകുമാര്‍, പബ്ലിസിറ്റി കണ്‍വീനര്‍ എം.എസ.് അശോകന്‍, മാനേജര്‍ എം.കെ. കലാധരന്‍, ട്രസ്റ്റ് അംഗങ്ങളായ പി.ആര്‍. ഷാജികുമാര്‍, പി.കെ. വേണുഗോപാല്‍, എന്‍. ഷാജന്‍, പി.വി. ദിലീപ്, എ.പി. സാജു, കെ.ജി. ശ്രീകുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by