അദ്ധ്യാപക നിയമനം, അവരുടെ പ്രമോഷന്‍, വൈസ് ചാന്‍സലര്‍ നിയമനം തുടങ്ങിയ കാര്യങ്ങളില്‍ കാതലായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന മാര്‍ഗനിര്‍ദേശങ്ങളാണ് യുജിസി പുറത്തുവിട്ടിരിക്കുന്നത്. യുജിസി ചെയര്‍മാന്റെ സാന്നിധ്യത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് പൊതു ചര്‍ച്ചയ്‌ക്കുവേണ്ടി ഇത് ചെയ്തത്. രണ്ടാം മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മാതൃകയില്‍ ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ ഗുണനിലവാരവും സാമൂഹ്യ പങ്കാളിത്തവും ഉറപ്പുവരുത്തുകയെന്നതാണ് ഇതിലൂടെ ലക്ഷ്യംവയ്‌ക്കുന്നത്. 2018ല്‍ നിലവില്‍ വന്ന യുജിസി ചട്ടങ്ങളിലും മാര്‍ഗനിര്‍ദേശങ്ങളിലും അടുത്തവര്‍ഷം ചെറിയ ഭേദഗതികള്‍ വരുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍. ഉന്നത വിദ്യാഭ്യാസരംഗത്തെ നിയമനങ്ങള്‍ കൂടുതല്‍ അയവുള്ളതാക്കുന്നതും ഈ രംഗത്തെ പ്രതിഭകളെ പരിഗണിക്കുന്നതുമാണ് പുതിയ മാറ്റങ്ങള്‍. ഉന്നത വിദ്യാഭ്യാസ രംഗം കൂടുതല്‍ ചലനാത്മകമാക്കി മാതൃകാ വ്യതിയാനം സൃഷ്ടിക്കുകയെന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പ്രധാനമായും അഞ്ച് മേഖലകളെ സ്പര്‍ശിക്കുന്ന മാറ്റങ്ങളില്‍ ഭാരതീയ ഭാഷകള്‍ക്കുള്ള പ്രാധാന്യം വര്‍ധിപ്പിക്കാനും, ഈ രംഗത്ത് സാമൂഹ്യനീതി ഉറപ്പുവരുത്താനും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വഴി യുജിസി ലക്ഷ്യമിടുന്നു. ബിരുദ-ബിരുദാനന്തര ഗവേഷണരംഗത്ത് ഒരേ വിഷയംതന്നെ പഠിക്കുന്നതും അതിന്റെ അടിസ്ഥാനത്തിലുള്ള യോഗ്യതാ പരീക്ഷയിലെ റാങ്കുമാണ് അദ്ധ്യാപക നിയമനത്തിനുള്ള പ്രധാന യോഗ്യതയായി ഇപ്പോള്‍ പരിഗണിക്കുന്നത്. ഇതിനു പകരം ഏറ്റവും ഉയര്‍ന്ന തലത്തിലെ പഠന-ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ അദ്ധ്യാപക നിയമനം നടത്താമെന്നുള്ളതാണ് ശ്രദ്ധേയ മാറ്റം.
തീര്‍ത്തും അക്കാദമിക് സ്വഭാവമുള്ള ഇക്കാര്യങ്ങളൊക്കെ മറച്ചുപിടിച്ച് യുജിസിയുടെ നടപടിയെ രാഷ്‌ട്രീയവല്‍ക്കരിക്കാനുള്ള ശ്രമത്തിലാണ് ചില സംസ്ഥാനങ്ങളിലെ പ്രതിപക്ഷ സര്‍ക്കാരുകളും, അവരെ പിന്തുണയ്‌ക്കുന്ന മാധ്യമങ്ങളും. യുജിസി മാര്‍ഗരേഖ ചോദ്യം ചെയ്തു കോടതിയെ സമീപിക്കാനാണത്രേ കേരള സര്‍ക്കാരും തമിഴ്‌നാട് സര്‍ക്കാരും നീക്കം നടത്തുന്നത്. യുജിസിയുടെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അധികാര കേന്ദ്രീകരണത്തിന് വഴിയൊരുക്കുമെന്നും, സംസ്ഥാനങ്ങളുടെ അധികാരം കവരുമെന്നുമൊക്കെയാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. അക്കാദമിക് ഗുണനിലവാരം തകര്‍ക്കുമെന്നും ചിലര്‍ കണ്ടുപിടിച്ചിരിക്കുന്നു. അദ്ധ്യാപക നിയമനങ്ങള്‍ക്ക് അക്കാദമിക യോഗ്യതകളെക്കാള്‍ മറ്റ് ഘടകങ്ങള്‍ക്കാണ് യുജിസിയുടെ കരട് നിര്‍ദ്ദേശങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും ഇവര്‍ പ്രചരിപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ അക്കാദമിക് ബാഹ്യമായ യാതൊന്നും യുജിസിയുടെ നിര്‍ദ്ദേശങ്ങളിലില്ല. ഇതൊരു കരട് നിര്‍ദ്ദേശമാണെന്നതും ഓര്‍മിക്കണം. കൂടുതല്‍ ചര്‍ച്ച നടത്തിയാണ് അന്തിമ തീരുമാനത്തിലെത്തുക. വിയോജിപ്പുകളോ ഭേദഗതികളോ ഉണ്ടെങ്കില്‍ അത് ഉന്നയിക്കാവുന്നതാണ്. അതിനുപകരം ഉന്നത വിദ്യാഭ്യാസരംഗത്തെ സംഘടനാ ബലം ഉപയോഗിച്ച് യുജിസിയെയും കേന്ദ്ര സര്‍ക്കാരിനെയും പിന്‍മാറ്റാമെന്നാണ് തല്‍പ്പരകക്ഷികള്‍ വ്യാമോഹിക്കുന്നത്. സര്‍വകലാശാലയുടെ തലപ്പത്തേക്ക് സംഘപരിവാര്‍ ആജ്ഞാനുവര്‍ത്തികളെ എത്തിക്കാനുള്ള കുറുക്കുവഴിയാണ് യുജിസി തേടുന്നതെന്നും മറ്റുമൊക്കെ പറയുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല. യോഗ്യതയുടെ അടിസ്ഥാനത്തിലല്ലാതെ ആരെയും ഒരിടത്തും നിയമിക്കുന്നതിന്റെ വിദൂര സൂചന പോലും യുജിസി മാര്‍ഗനിര്‍ദേശത്തിലില്ല. സത്യം മറച്ചുപിടിച്ചുള്ള കുപ്രചാരണം അല്‍പ്പായുസ്സായിരിക്കും.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗം ദശകങ്ങളായി കയ്യടക്കിയിരിക്കുന്നത് ഇടതുപക്ഷമാണ്. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്തുതന്നെ തുടക്കമിട്ട ഈ നുഴഞ്ഞുകയറ്റത്തിന് ഇന്ദിരാഗാന്ധിയുടെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന നൂറുള്‍ഹസന്‍ വലിയ പിന്തുണ നല്‍കി. അക്കാദമിക യോഗ്യതകളെക്കാള്‍ രാഷ്‌ട്രീയമായ കൂറ് മുന്‍നിര്‍ത്തിയാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് നിയമനങ്ങള്‍ നടത്തിയിരുന്നതും പ്രമോഷന്‍ നല്‍കിയിരുന്നതും. ഇര്‍ഫാന്‍ ഹബീബിന്റെയും കെ.എന്‍. പണിക്കരുടെയും മറ്റും പാര്‍ട്ടിക്കൂറാണ് മാനദണ്ഡമാക്കിയത്. ഹബീബിന് സിപിഎമ്മില്‍ അംഗത്വം പോലുമുണ്ടായിരുന്നു. ഇവരെയൊക്കെ വിവിധ സര്‍വകലാശാലകളില്‍ വകുപ്പു തലവന്മാരും വൈസ് ചാന്‍സലര്‍മാരുമാക്കിയവരാണ് ഇപ്പോള്‍ സംഘപരിവാറിന്റെ പേരു പറഞ്ഞ് അക്കാദമിക് മേഖലയില്‍ തുടര്‍ന്നും അള്ളിപ്പിടിച്ചിരിക്കാന്‍ ശ്രമിക്കുന്നത്. വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ ചാന്‍സലറായ ഗവര്‍ണര്‍ക്ക് വിപുലമായ അധികാരം നല്‍കുന്നു എന്നതാണ് യുജിസിയുടെ പുതിയ മാര്‍ഗനിര്‍ദേശങ്ങളെ കണ്ണുമടച്ച് എതിര്‍ക്കാന്‍ കേരള സര്‍ക്കാരിനെയും മറ്റും പ്രേരിപ്പിക്കുന്നത്. പാര്‍ട്ടി നോമിനികളെ വൈസ്ചാന്‍സലര്‍മാരാക്കിയ പിണറായി സര്‍ക്കാരിന്റെ നയങ്ങളെ നിയമപരമായി ചെറുത്തുതോല്‍പ്പിക്കുകയും, ചാന്‍സലറുടെ വിവേചനാധികാരം ഉപയോഗിച്ച് പുതിയ വിസിമാരെ നിയമിക്കുകയും ചെയ്ത മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അക്രമാസക്തമായ സമരമുറകളിലൂടെ ആട്ടിപ്പായിക്കാനാണ് സിപിഎമ്മും ഇടതു സര്‍ക്കാരും ശ്രമിച്ചത്. യുജിസിയുടെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ചാന്‍സലര്‍മാര്‍ എന്ന നിലയില്‍ ഗവര്‍ണര്‍മാരുടെ വിവേചനാധികാരത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നും, ഉന്നത വിദ്യാഭ്യാസ രംഗം അക്കാദമിക് നിലവാരം വീണ്ടെടുക്കുമെന്നും പ്രത്യാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: