തിരുവനന്തപുരം: മാതാപിതാക്കളുടെ ആവശ്യത്തിലാണ് വാളയാര്‍ കേസ് കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് സിബി ഐ ഏറ്റെടുക്കുന്നത്. അതേ സിബി ഐ ഇപ്പോള്‍ അവരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ആത്മഹത്യാ പ്രേരണ കുറ്റത്തിലാണ് കുട്ടികളുടെ അച്ഛനും അമ്മയും പ്രതികളായത്. കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ടു എന്നറിഞ്ഞിട്ടും മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചില്ലെന്നതാണ് കുറ്റം.
സംസ്ഥാന പൊലീസ് നടത്തിയ അന്വേഷണത്തിലും കുട്ടികള്‍ ശാരീരിക ചൂഷണത്തിന് ഇരയായത് മാതാപിതാക്കള്‍ക്ക് അറിവുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ അന്ന് മാതാപിതാക്കളെ സാക്ഷികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
പാലക്കാട് ജില്ലയിലെ വാളയാറില്‍ 13, 9 വയസുള്ള സഹോദരങ്ങളായ രണ്ട് ദളിത് പെണ്‍കുട്ടികളെ 2017 ജനുവരി, മാര്‍ച്ച് മാസങ്ങളിലാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ട് പേരും ലൈംഗിക അതിക്രമണങ്ങള്‍ക്ക് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണത്തിന് ശേഷമാണ് കേസ് ചര്‍ച്ചയാകുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളുയര്‍ന്നു. തുടര്‍ന്ന് നര്‍ക്കോട്ടിക്‌സ് സെല്‍ പാലക്കാട് ഡിവൈഎസ്പി എംജി സോജന് അന്വേഷണ ചുമതല നല്‍കി. ഇളയ സഹോദരി മരിച്ച ശേഷമാണ് എ.സി.പി പൂങ്കുഴലി അന്വേഷണ ചുമതല ഏറ്റെടുത്തത്.
രണ്ടാമത്തെ പെണ്‍കുട്ടി പലതവണ പീഡനത്തിന് ഇരയായെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് പോക്സോ കേസ് ചുമത്തി. ബന്ധുക്കളും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും അടക്കം ഏഴുപേരെ പ്രതികളാക്കി ബലാല്‍സംഗ കേസ് ചാര്‍ജ്ജ് ചെയ്തു. 2017 ജൂണ്‍ 22ന് സഹോദരിമാര്‍ ആത്മഹത്യ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 2019 ഒക്ടോബറില്‍ തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ കോടതി വെറുതെ വിട്ടു. തുടര്‍ന്ന്
പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യാഗ്രഹം നടത്തി. പിന്നീട് കോടതി ഇടപെടലിലാണ് കേസ് സിബിഐ ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക