India

നിമിഷപ്രിയയെ രക്ഷിക്കാന്‍ അവസാനശ്രമം; പക്ഷെ ഹൂതികളില്‍ നിന്നും വിട്ടുകിട്ടുമോ എന്ന് ആശങ്കയുണ്ട്

Published by

ന്യൂദല്‍ഹി: പുറംരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധമെല്ലാം വിച്ഛേദിച്ച യെമനിലെ ഹൂതി തീവ്രവാദികളുടെ കൈകളിലാണ് ഇപ്പോള്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനിയായ നിമിഷപ്രിയ ഉള്ളതെന്നതിനാല്‍ മോചനത്തെക്കുറിച്ച് പരക്കെ ആശങ്ക. ഇറാന്‍ സര്‍ക്കാരിനെ ഉപയോഗിച്ചാണ് കേന്ദ്രസര്‍ക്കാര്‍ അവസാനനിമിഷത്തില്‍ നിമിഷപ്രിയയെ രക്ഷിച്ചെടുക്കാന്‍ ശ്രമിക്കുന്നത്.

വിദേശകാര്യമന്ത്രാലയത്തിന്റെ ഏറ്റവും വിഷമകരമായ ദൗത്യം

ഷിയ റിബലുകളായ ഹൂതികളുടെ നിയന്ത്രണമുള്ള ഇടത്തിലാണ് നിമിഷപ്രിയയുടെ ജയില്‍ ഉള്ളത്. നിമിഷപ്രിയയെ ന്യായീകരിക്കുകയും യെമനെ കുറ്റപ്പെടുത്തുന്നതും അവിടുത്തെ ഹൂതികളെ നിമിഷപ്രിയയുടെ ശത്രുക്കളാക്കുന്നു. വാസ്തവത്തില്‍ യെമനിലെ ഓരോ കുഞ്ഞിനും നിമിഷപ്രിയയുടെ കേസിനെക്കുറിച്ചറിയാം. യെമൻ പൗരനായ തലാൽ അബ്ദുൾ മഹ്ദിയെ വധിച്ചതിന്റെ പേരില്‍ നിമിഷപ്രിയയ്‌ക്ക് മാപ്പ് നല്‍കാമെങ്കിലും തലാലിന്റെ ശരീരം കഷണം കഷണമായി മുറിച്ചതും പിന്നീട് വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ചതും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ഹൂതികള്‍ പറയുന്നു. അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന രക്ഷാശ്രമങ്ങള്‍ പാളിപ്പോയാലും കുറ്റപ്പെടുത്താനാവില്ല എന്നതാണ് സ്ഥിതി.

ഹൂതികള്‍ക്ക് മറ്റ് വിദേശരാജ്യങ്ങളുമായി നയതന്ത്രബന്ധം ഇല്ല. അല്‍പമെങ്കിലും ഹൂതികളുമായി സൗഹൃദം സൂക്ഷിക്കുന്ന ഇറാനെയാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം കൂട്ടുപിടിച്ചിരിക്കുന്നത്. പക്ഷെ ഇറാന് എത്രത്തോളം ഹൂതികളുമായി ഈ കേസില്‍ മഞ്ഞുരുക്കാന്‍ കഴിയും എന്ന് സംശയമുണ്ട്. ഹൂതികള്‍ പ്രവചിക്കാന്‍ കഴിയാത്ത വിചിത്രസ്വഭാവമുള്ള സമുദായമാണ്.

മാത്രമല്ല, യെമനില്‍ തുടരുന്ന ആഭ്യന്തരകലാപം കേസില്‍ ഹൂതികളില്‍ നിന്നും നിമിഷപ്രിയയോട് അനുഭാവപൂര്‍വ്വമായ പരിഗണന കിട്ടുന്നതിനെ തടയുന്നു. യെമന്‍ സുപ്രീംകോടതി വധശിക്ഷ വിധിച്ചകേസില്‍ നയതന്ത്ര സമ്മര്‍ദ്ദങ്ങളിലൂടെ ശിക്ഷയെ ഇല്ലാതാക്കുക എളുപ്പമല്ലെന്നും ചിലര്‍ വാദിക്കുന്നു.

ഹൂതി ഗോത്രവര്‍ഗ്ഗനേതാക്കളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുക എളുപ്പമല്ല
ഹുതി ഗോത്രവര്‍ഗ്ഗനേതാക്കളാണ് ഓരോ പ്രദേശത്തേയും കാര്യങ്ങള്‍ യെമനില്‍ തീരുമാനിക്കുന്നത്. ഈ ഗോത്രവര്‍ഗ്ഗനേതാക്കള്‍ തമ്മില്‍ കടുത്ത ശത്രുതയുമാണ്. അവരോട് സമാധാനചര്‍ച്ചകള്‍ നടത്താന്‍ തന്നെ കനത്ത തുക വേണ്ടിവരുമെന്ന് പറയുന്നു. ഇനി തുക കൊടുത്താല്‍ തന്നെ തന്ന വാക്ക് പാലിക്കപ്പെടണമെന്നും ഇല്ല.

ബ്ലഡ് മണി പാഴായോ?
നിമിഷപ്രിയയെ രക്ഷിക്കാനായി ജനങ്ങളില്‍ നിന്നും 40000 ഡോളര്‍ പിരിച്ചിരുന്നു. ഇത് എംബസിക്ക് നല്‍കി എന്നാണ് നിമിഷപ്രിയയെ രക്ഷിക്കാനായി രൂപീകരിച്ച ‘നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍’ പറയുന്നത്. എന്നാല്‍ എംബസിയില്‍ ആര്‍ക്ക് പണം നല്‍കി, അത് എന്ത് ഉറപ്പിന്മേലാണ് നല്‍കിയത് എന്ന ചോദ്യത്തിന് ഉത്തരമില്ല. നിമിഷപ്രിയ കൊലപ്പെടുത്തിയ തലാലിന്റെ ബന്ധുക്കള്‍ക്ക് ബ്ലഡ് മണി നല്‍കിയാല്‍ നിമിഷപ്രിയയെ മോചിപ്പിക്കാനാകുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വിശദീകരണം. എന്നാല്‍ പണം പിരിച്ചിട്ടും ആ പണം കൈമാറിയിട്ടും നിമിഷപ്രിയയുടെ കാര്യത്തില്‍ തീരുമാനമായില്ല. ഇത് നിമിഷപ്രിയ ആക്ഷന്‍ കമ്മിറ്റിയില്‍ ഭിന്നത സൃഷ്ടിച്ചിരിക്കുകയാണ്. തലാലിന്റെ കുടുംബത്തിന് ഈ 40000 ഡോളര്‍ കൈമാറിയിട്ടുണ്ടോ എന്ന സംശയവും ഒരു വിഭാഗം പ്രകടിപ്പിക്കുന്നു. ആദ്യം 20000 ഡോളര്‍ നല്‍കിയതിന്റെ കണക്കുകള്‍ ലഭിക്കും മുന്‍പ് കമ്മിറ്റി വീണ്ടും ഒരു 20000 ഡോളര്‍ കൂടി നല്‍കുകയായിരുന്നു.

എന്തിനാണ് നിമിഷ പ്രിയ തലാലിനെ കൊന്നത് ?

നാട്ടിലെ ദാരിദ്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ 2019-ൽ നാട് വിട്ട പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയാണ് നിമിഷ പ്രിയ. കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശിയായ ടോമിയാണ് ഭര്‍ത്താവ്. 2012ലാണ് നിമിഷപ്രിയ യെമനിൽ നഴ്‌സായി ജോലിക്ക് പോയത്. ഭർത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലിനേടി. അതിനിടെയാണ് യെമൻ പൗരനായ തലാൽ അബ്ദുൾ മഹ്ദിയെ പരിചയപ്പെടുന്നത് .

യെമൻ പൗരന്റെ ഉത്തരവാദിത്തത്തോടെയല്ലാതെ ക്ലിനിക്ക് ആരംഭിക്കാനാവില്ല എന്നതുകൊണ്ടാണ് മഹ്ദിയുടെ സഹായം തേടിയത്. ബിസിനസ് തുടങ്ങാൻ നിമിഷയും ഭർത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറിയിരുന്നു. ബിസിനസിന് കൂടുതൽ പണം ആവശ്യമുള്ളതിനാൽ നിമിഷയും ഭർത്താവും മിഷേൽ എന്ന മകളുമൊത്ത് നാട്ടിലേക്ക് വന്നു. പിന്നീട് നാട്ടിൽ നിന്ന് യെമനിലേക്ക് തിരിച്ചുപോയത് നിമിഷ മാത്രമായിരുന്നു. നിമിഷപ്രിയ പോയതിന് ശേഷം യെമനിലേക്ക് തിരിച്ചുപോവാനായിരുന്നു ടോമി ഉദ്ദേശിച്ചതെങ്കിലും യെമൻ-സൗദി യുദ്ധത്തെ തുടർന്ന് ആ യാത്ര മുടങ്ങി.

2017 ജൂലൈ 25 ൽ ആയിരുന്നു സംഭവം. ബിസിനസ് പങ്കാളിയെന്ന നിലയിൽ ആദ്യമൊക്കെ മാന്യമായി പെരുമാറിയിരുന്നെങ്കിലും പതുക്കെ നിമിഷയോടുള്ള പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിത്തുടങ്ങി. മഹ്ദിയുമായി ചേർന്ന് ക്ലിനിക്ക് തുടങ്ങിയശേഷം താൻ ഭാര്യയാണെന്ന് പലരേയും വിശ്വസിപ്പിക്കുകയും വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയും പിന്നീട് ഭീക്ഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തി. പാസ്പോർട്ട്‌ കൈക്കലാക്കുകയും, ഇരുവരും ചേർന്ന് ആരംഭിച്ച ക്ലിനിക്കിലെ വരുമാനം മുഴുവനും സ്വന്തമാക്കുകയും ചെയ്തു. അതുകൂടാതെ നിമിഷപ്രിയയെ ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു. ഇയാള്‍ നിമിഷപ്രിയയുടെ പാസ്പോര്‍ട്ടും സര്‍ട്ടിഫിക്കറ്റുകളും ഉള്‍പ്പെടെയുള്ള രേഖകളെല്ലാം കൈക്കലാക്കിയിരുന്നു.

വേറെ വഴിയില്ല, തന്റെ ജീവൻ തന്നെ അപകടത്തിലാകും എന്ന ഘട്ടത്തിലാണ് നിമിഷ തലാല്‍ മഹ്ദിയെ അപായപ്പെടുത്താൻ ശ്രമിച്ചത്. ഒരു ദിവസം മയക്കിക്കിടത്തുക എന്ന ഉദ്ദേശത്തോടെ അനസ്തേഷ്യക്കുള്ള കെറ്റാമൈൻ മരുന്നു നൽകി. സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളും തലാല്‍ മഹ്ദിയില്‍ നിന്നും നിമിഷപ്രിയ കണ്ടെടുത്തു. പക്ഷെ ഉറക്കാന്‍ നല്‍കിയ മരുന്നിന്റെ ഡോസ് കൂടിപ്പോയതുകൊണ്ട് ഉണര്‍ന്നില്ല. ഇതോടെ ഒപ്പം ജോലി ചെയ്തിരുന്ന യെമൻ സ്വദേശിയായ നഴ്സ് ഹനാനുമായി ചേർന്നു തലാല്‍ മെഹ്ദിയെ കൊലപ്പെടുത്തി. മൃതദേഹം നശിപ്പിക്കാൻ മാർഗങ്ങളില്ലാതെ വന്നപ്പോൾ കഷ്ണങ്ങളാക്കി മുറിച്ച പ്ലാസ്റ്റിക് കവറുകളിൽ ആക്കിയ ശേഷം വാട്ടർ ടാങ്കിൽ ഒളിപ്പിക്കുകയായിരുന്നു. ശേഷം അവിടെ നിന്നും സ്ഥലം വിട്ട് നിമിഷപ്രിയ 200 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ ജോലിക്ക് ചേർന്നു.തലാലിന്റെ കുടുംബം സമ്പന്നകുടുംബമാണെന്ന് പറയുന്നു.

ഇതിനിടെ തലാലിനെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു അന്വേഷണം ആരംഭിച്ചിത്. സംഭവത്തിനുശേഷം നിമിഷയുടെ ചിത്രം പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു, അത് തിരിച്ചറിഞ്ഞ് ആശുപത്രി അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് യെമനിലെ പ്രാദേശിക കോടതി നിമിഷപ്രിയയുടെ കേസില്‍ വാദം കേള്‍ക്കാന്‍ തുടങ്ങി. 2020ല്‍ യെമനിലെ പ്രാദേശിക കോടതിയാണ് നിമിഷപ്രിയയ്‌ക്ക് ആദ്യമായി വധശിക്ഷ വിധിച്ചത്. ഇതിനെതിരെ കുടുംബം യെമനിലെ സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ 2023ല്‍ സുപ്രീംകോടതിയും വധശിക്ഷ ശരിവെച്ചു.

നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയുടെ യെമനിലെ താമസവും തലവേദന
നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയെ യെമനില്‍ പോകാന്‍ അനുവദിച്ചത് ദല്‍ഹി ഹൈക്കോടതിയാണ്. 2024 ഏപ്രില്‍ 24ന് അമ്മ പ്രേമകുമാരി മകള്‍ നിമിഷപ്രിയയെ ജയിലില്‍വെച്ച് കണ്ടു. 11 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് അമ്മയും മകളും തമ്മില്‍ കണ്ടത്. സാമുവല്‍ ജെറോം എന്ന നിമിഷപ്രിയ ആക്ഷന്‍ കമ്മിറ്റിയിലെ അംഗമായ സാമുവല്‍ ജെറോമിനൊപ്പമാണ് പ്രേമകുമാരി‍ യെമനില്‍ താമസിക്കുന്നത്. പിന്നീടും ഇവര്‍ യെമനില്‍ സാമുവല്‍ ജെറോമിനൊപ്പം തങ്ങുകയാണ്. മകളുടെ കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കിയ ശേഷമേ താന്‍ നാട്ടിലേക്ക് മടങ്ങുകയുള്ളൂ എന്ന അഭിപ്രായക്കാരിയാണ് പ്രേമകുമാരി. പക്ഷെ യെമനില്‍ ഹൂതിസേനയും സൗദിയുടെ പിന്തുണയുള്ള വിഭാഗവും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നതിനാല്‍ ഇവര്‍ യെമനില്‍ തുടരുന്ന കാര്യത്തില്‍ പലര്‍ക്കും ആശങ്കയുണ്ട്. മാത്രമല്ല, പ്രേമകുമാരിയുടെ വിസ കാലാവധി അവസാനിച്ചു എന്ന ആശങ്കയും ചിലര്‍ പങ്കുവെയ്‌ക്കുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക