ന്യൂദെൽഹി:നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തലസ്ഥാന നഗരിയിലെ കോൺഗ്രസിനിടയിൽ കടുത്ത ഭിന്നത. ദെൽഹി സംസ്ഥാനത്ത് ഭരണം കയ്യാളുന്ന ഇന്ത്യ സഖ്യത്തിലെ കക്ഷിയായ എഎപിയോടുള്ള സമീപനം സംബന്ധിച്ചാണ് കോൺഗ്രസ് ദെൽഹി ഘടകത്തിലെ ഒരു വലിയ വിഭാഗവും ഹൈക്കമാൻഡും തമ്മിലുള്ള ഭിന്നത ശക്തമായത്. ദെൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ എഎപിയും കോൺഗ്രസും തനിച്ച് പോരാടുമ്പോൾ അജയ് മാക്കന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് എഎപിക്കെതിരെ ഒട്ടും മയമില്ലാത്ത ആക്രമണമാണ് അഴിച്ചു വിടുന്നത്. ഒപ്പം സന്ദീപ് ദീക്ഷിത്, പിസിസി അധ്യക്ഷൻ ദേവേന്ദ്ര യാദവ് എന്നിവരും ചേർന്ന നേതൃത്രയമാണ് എഎപിക്കെതിരെ പോർമുഖം തുറന്നത്. അരവിന്ദ് കെജ്‌രിവാളിനെ ദേശവിരുദ്ധൻ എന്ന് അജയ് മാക്കൻ വിശേഷിപ്പിച്ചപ്പോൾ രാഹുൽ ഗാന്ധി അജയ് മാക്കനെ ശാസ്ധിച്ചതായാണ് വിവരം. കോൺഗ്രസിന്റെ പ്രചരണ യാത്രാ പരിപാടികളിലൊന്നും രാഹുലും പ്രിയങ്കയും ഖാർഗെയും ഇരുവരെ പങ്കെടുത്തിട്ടില്ല. എന്നാൽ ഹൈക്കമാൻഡിന്റെ ഈ നീക്കമൊന്നും ഈ ത്രിമൂർത്തികൾ മുഖവിലക്കെടുക്കുന്നില്ല. ഇന്ത്യ സഖ്യത്തിൽ നിന്ന് കോൺഗ്രസിനെ ഒഴിവാക്കാൻ മുന്നിട്ടിറങ്ങുമെന്ന എഎപി ഭീഷണിക്ക് വഴങ്ങാനൊന്നും ഈ നേതാക്കൾ തയ്യാറായില്ല.
പഞ്ചാബ് നേതൃത്വത്തെ കൂട്ട് പിടിച്ചു ആക്രമണം
എഎപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന കോൺഗ്രസ് പഞ്ചാബ് ഘടകത്തെ ഒപ്പം ചേർത്താണ് ദെൽഹിയിൽ കോൺഗ്രസ് പോരിനിറങ്ങുന്നത്. ഈ നീക്കത്തിൽ രാഹുൽ ഗാന്ധി ഏറെ അസ്വസ്ഥനാണെന്നാണ് വാർത്ത. ഇന്ത്യ സഖ്യത്തിന്റെ ഗിഥിലീകരണം സംഭവിക്കുന്ന തരത്തിൽ പാർട്ടി ദെൽഹി ഘടകം മുന്നോട്ട് പോകരുതെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. എന്നാൽ രാഹുൽ ഗാന്ധിയുടെ ഈ നിലപാടിനോട് അജയ് മാക്കൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് കടുത്ത വിയോജിപ്പാണുള്ളത്. ദെൽഹിയിൽ ഇത്തവണ വളരെ നേരത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങിയ കോൺഗ്രസ് സംസ്ഥാനത്ത് പ്രചരണ യാത്ര സംഘടിപ്പിച്ചിരുന്നു. ദെൽഹി സംസ്ഥാന സർക്കരിന്റെ ഭരണത്തിനെതിരെ സംഘടിപ്പിച്ച യാത്രയുടെ ഭാഗമായുള്ള കോൺഗ്രസ് റാലിയിൽ പങ്കെടുക്കാനുള്ള ദെൽഹി ഘടകത്തിന്റെ ക്ഷണം രാഹുൽ ഗാന്ധി തള്ളിക്കളയുകയായിരുന്നു. ഇന്ത്യ സഖ്യത്തിലെ ഒരു ഘടകകക്ഷിക്കെതിരായി നിലപാട് സ്വീകരിക്കാൻ കഴിയില്ലെന്നായിരുന്നു ഇതിനുള്ള കാരണം. കോൺഗ്രസ് ദെൽഹി ഘടകത്തിന്റെ നീക്കത്തിനെതിരെ ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും രംഗത്തെത്തിയിരുന്നു. എഎപിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ശിവസേന ഉദ്ധവ് വിഭാഗം നേതാക്കൾ ദെൽഹിയിലെത്തും. ഇത് കോൺഗ്രസിന് ഇന്ത്യ സഖ്യത്തിൽ ക്ഷീണമുണ്ടാക്കുമെന്ന നിലപാടാണ് രാഹുൽ ഗാന്ധിക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: