തിരുവനന്തപുരം: 73-ാമത് നാഷണല്‍ ടൗണ്‍ ആന്‍ഡ് കണ്ട്രി പ്ലാനേഴ്സ് സമ്മേളനം ജനുവരി 10 മുതല്‍ 12 വരെ തിരുവനന്തപുരത്ത് നടക്കും. രാജ്യത്തെ നഗരപ്രദേശങ്ങളുടെ സുസ്ഥിരവും സമഗ്രവുമായ വികസനത്തിനായി നവീന സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പരിഹാരങ്ങള്‍ സാധ്യമാക്കുന്നത് സംബന്ധിച്ച് നഗരവികസന വിദഗ്ധരും നയരൂപകര്‍ത്താക്കളും ആശയങ്ങള്‍ പങ്കുവയ്ക്കും.
ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൗണ്‍ പ്ലാനേഴ്സ് ഇന്ത്യ (ഐടിപിഐ) തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ‘ഇന്റലിജന്റ്, ഡിജിറ്റല്‍ സ്പേഷ്യല്‍ പ്ലാനിംഗ് ആന്‍ഡ് ഗവേണന്‍സ്’ എന്നതാണ് പ്രമേയം. ഹോട്ടല്‍ ഒ ബൈ താമരയിലെ കണ്വെന്ഷന് സെന്ററാണ് സമ്മേളന വേദി.
സാങ്കേതിക മുന്നേറ്റം, സ്മാര്‍ട് സിറ്റികളുടെ ഫലപ്രാപ്തി, തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്വയംഭരണം, കാലാവസ്ഥാ വെല്ലുവിളികളുടെ ആഘാതം കുറയ്ക്കല്‍ തുടങ്ങി നഗര-പ്രാദേശിക വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് ഐടിപിഐ പ്രസിഡന്റ് എന്‍ കെ പട്ടേല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ജനുവരി 10 രാവിലെ 10.30 ന് സമ്മേളനം ഉദ്ഘാടനം ചെയ്യും.
1951 ല്‍ നിലവില്‍ വന്ന രാജ്യത്തെ നഗരാസൂത്രണ വിദഗ്ധരുടെ പ്രധാനപ്പെട്ട സംഘടനയാണ് ഐടിപിഐ. പട്ടണങ്ങളുടെയും നഗരങ്ങളുടെയും മറ്റ് പ്രദേശങ്ങളുടെയും സമഗ്രവും സുസ്ഥിരവുമായ വികസനത്തിന് വേണ്ട ഗവേഷണം, പരിശീലനം, വിദ്യാഭ്യാസം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ഐടിപിഐയുടെ ലക്ഷ്യം.
18 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ എന്‍ടിസിപി സമ്മേളനം നടക്കുന്നത്. വികസിത് ഭാരതത്തിന്റെ കാഴ്ച്ചപ്പാടിനും 5 ട്രില്യണ്‍ ഡോളറിലേയ്ക്ക് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഉയര്‍ത്തുക എന്ന ലക്ഷ്യത്തിനും കരുത്തു പകരുന്നതായിരിക്കും ഈ സമ്മേളനമെന്നും ഐടിപിഐ സെക്രട്ടറി വി പി കുല്‍ശ്രേഷ്ഠ പറഞ്ഞു.
നഗരാസൂത്രണത്തില്‍ സാങ്കേതികവിദ്യയുടെ മികവാര്‍ന്ന സംയോജനം സാധ്യമാക്കിയതിലൂടെ കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് നഗരവത്കരണം വലിയ മാറ്റങ്ങള്‍ക്ക് വിധേയമായി. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ജിഐഎസ് അടിസ്ഥാനമാക്കിയുള്ള ആസൂത്രണം നടപ്പാക്കാനായത് മികച്ച മുന്നേറ്റമായിരുന്നെന്നും സമ്മേളനത്തിന്റെ മുഖ്യ വിഷയം പ്രതിപാദിച്ച് അദ്ദേഹം പറഞ്ഞു.
വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, കൊടുങ്കാറ്റ് തുടങ്ങി കാലാവസ്ഥാ വ്യതിയാനം മൂലം കനത്ത വെല്ലുവിളികള്‍ ഉയരുന്ന സമയത്താണ് രാജ്യത്താകമാനമുള്ള നഗര ആസൂത്രകര്‍ തലസ്ഥാനത്ത് ഒത്തുകൂടുന്നത് എന്നത് ശ്രദ്ധേയമാണ്. വിശാലമായ തീരപ്രദേശവും നദീതടങ്ങളുമുള്ള ഇന്ത്യ ഇക്കാര്യത്തില്‍ കാര്യമായ അപകട ഭീഷണി നേരിടുന്നുണ്ട്. ഈ വിഷയം സമ്മേളനം പ്രാധാന്യത്തോടെ പരിഗണിക്കുകയും കര്‍മ്മ പദ്ധതി അവതരിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഐടിപിഐ കോര്‍ഡിനേറ്റര്‍ (ടെക്നോ അഡ്മിന്) പ്രദീപ് കപൂര്‍, ഐടിപിഐ-കേരള റീജിയണല്‍ ചാപ്റ്റര്‍ ചെയര്മാന് രാജേഷ് പി എന്‍; ഐടിപിഐ കേരള റീജണല്‍ ചാപ്റ്റര്‍ സെക്രട്ടറി രാജി എസ് എസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങള്‍ നേരിടുന്നതിന് സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ആശയങ്ങള്‍ പ്രയോജനപ്പെടുത്തി ഭാവിയിലെ നഗരവികസനം ആസൂത്രണം ചെയ്യേണ്ടതിനെ സംബന്ധിച്ച് സമ്മേളനം ചര്‍ച്ച ചെയ്യും. കാര്യക്ഷമവും ജനകേന്ദ്രീകൃതവുമായ സാങ്കേതിക പരിഹാരങ്ങള്‍ നഗരവികസനത്തില്‍ സ്വീകരിക്കുന്നതിനെ സംബന്ധിച്ച് വിവിധ സെഷനുകളില്‍ ചര്‍ച്ച നടക്കും.
ജിയോസ്പേഷ്യല്‍ സാങ്കേതികവിദ്യകള്‍, ഡാറ്റാ അനലിറ്റിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ് ഫോമുകള്‍, വെര്‍ച്വല്‍ ഓഗ്മെന്റഡ് റിയാലിറ്റി, രാജ്യത്തിന്റെ പുരോഗതിയില്‍ നിര്‍ണായകമാകുന്ന ഫ്ളെക്സിബിള്‍ അഡാപ്റ്റീവ് പ്ലാനിംഗ് എന്നിവയാണ് സമ്മേളനത്തില്‍ ചര്‍ച്ചയാകുന്ന പ്രധാന വിഷയങ്ങള്‍.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുക, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം, ജലസംരക്ഷണം, മാലിന്യ സംസ്കരണം തുടങ്ങിയ വിഷയങ്ങളില്‍ സുസ്ഥിരത ഉറപ്പാക്കുന്നത് സംബന്ധിച്ച അവതരണങ്ങള്‍ സമ്മേളനത്തില്‍ നടക്കും.
പ്രധാന വിഷയങ്ങളിലെ പ്ലീനറി സെഷനൊപ്പം ടെക്നോ-അര്‍ബനിസം, മുനിസിപ്പല്‍ ഫിസ്കല്‍ ഹെല്‍ത്ത്, ബ്ലു-ഗ്രീന്‍ എക്കണോമി, റെസിലിയന്റ് ഫ്യൂച്ചര്‍ തുടങ്ങിയ സാങ്കേതിക വിഷയങ്ങളിലും ചര്‍ച്ചകള്‍ ഉണ്ടാകും.
ഭരണഘടനയുടെ 73-ാം ഭേദഗതി നടപ്പാക്കിയ ആദ്യ സംസ്ഥാനമെന്ന നിലയില്‍ പ്രാദേശിക ജനാധിപത്യത്തെ ശാക്തീകരിക്കുന്നതില്‍ കേരളത്തിനുള്ള അനുഭവം സമ്മേളനത്തില്‍ അനാവരണം ചെയ്യും. ദുരന്തനിവാരണം, കാലാവസ്ഥാ വ്യതിയാനം, പ്രാദേശിക സാമ്പത്തിക വികസനം, സ്ത്രീ ശാക്തീകരണം തുടങ്ങിയ ധാരാളം വിഷയങ്ങള്‍ പരിഹരിക്കുന്നതിന് വികേന്ദ്രീകൃതമായ ആസൂത്രണ പ്രക്രിയയ്ക്ക് സാധിക്കും.
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, എച്ച്സിപി ഡിസൈന്‍ ചെയര്‍മാനും അഹമ്മദാബാദിലെ സിഇപിടി യൂണിവേഴ്സിറ്റി മുന്‍ പ്രസിഡന്റുമായ ഡോ. ബിമല്‍ പട്ടേല്‍, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും സബര്‍മതി റിവര്‍ ഫ്രണ്ട് കോര്പ്പറേഷന് ലിമിറ്റഡ് (എസ്ആര്എഫ്ഡിസിഎല്) ചെയര്‍മാനുമായ കേശവ് വര്‍മ്മ എന്നിവര്‍ സമ്മേളനത്തില്‍ വിശിഷ്ടാതിഥികളായിരിക്കും.
ജനുവരി 11 ന് സംസ്ഥാന ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് സമാപന പ്രഭാഷണം നടത്തും. ഐടിപിഐ വൈസ് പ്രസിഡന്റ് അനൂപ് കുമാര്‍ ശ്രീവാസ്തവ സമ്മേളനത്തിലെ ശുപാര്‍ശകള്‍ അവതരിപ്പിക്കും.
സമ്മേളനത്തിന്റെ ഭാഗമായി മുഖ്യ വിഷയത്തിലൂന്നി പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. സംരംഭകര്‍ക്ക് തങ്ങളുടെ ബിസിനസ് ശക്തിപ്പെടുത്തുന്നതിനും ഇന്റലിജന്റ്, ഡിജിറ്റല്‍ സ്പേഷ്യല്‍ പ്ലാനിംഗ് ആന്‍ഡ് ഗവേണന്‍സിന്റെ വികസനത്തിന് സംഭാവനകള്‍ നല്‍കുന്നതിനും ഇതിലൂടെ സാധിക്കും.
വിമന്‍ പ്ലാനേഴ്സ് ഫോറം സംഘടിപ്പിക്കുന്ന പ്രത്യേക അവതരണവും ഒരുക്കിയിട്ടുണ്ട്. പോസ്റ്റര്‍ മത്സരത്തിന്റെ ഫലപ്രഖ്യാപനവും ആസൂത്രകര്‍ രചിച്ച പുസ്തകങ്ങളുടെ പ്രകാശനവും നടക്കും.
ദേശീയ തലത്തില്‍ ബിരുദ, ബിരുദാനന്തരബിരുദ, വനിതാ വിദ്യാര്‍ത്ഥി വിഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മികച്ച തിസീസുകള്ക്ക് ജനുവരി 11 ന് നടക്കുന്ന ചടങ്ങില്‍ നാഷണല്‍ ബെസ്റ്റ് തിസീസ് അവാര്‍ഡ് നല്‍കും. ഓരോ വിഭാഗത്തില്‍ നിന്നും ഏറ്റവും മികച്ച മൂന്ന് തിസീസുകള്ക്ക് വീതമാണ് പുരസ്കാരം നല്‍കുക.
എന്‍ഐസി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ വി. ഉദയ് കുമാര്‍, ഹഡ്കോ മുന്‍ ചെയര്മാന് വി. സുരേഷ്, മുന്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്, തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് ടൗണ്‍ പ്ലാനര്‍ (പ്ലാനിംഗ്) ഷിജി ഇ ചന്ദ്രന്, സ്കൂള്‍ ഓഫ് പ്ലാനിംഗ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ ഡയറക്ടര്‍ വി കെ പോള്‍, സിഇപിടി യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഡോ. ശാശ്വത് ബന്ദ്യോപാധ്യായ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പ്രഭാഷകരായിരിക്കും.
ജനുവരി 12 ന് പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സമ്മേളനം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: