ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന പീഡനങ്ങൾക്കിടെ മറ്റൊരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. ജനുവരി ആറിന് സദർ ഉപസിലയിലെ ബെറ്റോറ ഗ്രാമത്തിലെ 28 കാരനായ സുദേബ് ഹാൽദറിനെ നബഗ്രാം യൂണിയനിലെ റാംപൂർ ജോറാപോൾ പ്രദേശത്ത് വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നാട്ടിലെ ബൗക്കാത്തി മാർക്കറ്റിൽ മൊബൈൽ ഫോൺ കട നടത്തി വരികയായിരുന്നു സുദേബ് .
കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സുദേബിനെ അവിടെ വെച്ച് തീവ്ര ഇസ്ലാമിസ്റ്റുകൾ കൊടുവാളിന് വെട്ടുകയായിരുന്നു. ജനുവരി ഏഴിന് വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള പറമ്പിൽ വെട്ടേറ്റ നിലയിൽ മൃതദേഹം കണ്ട നാട്ടുകാരും വീട്ടുകാരും പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
തലയ്‌ക്ക് അടിയേറ്റതായും ജാലകത്തി പോലീസ് സൂപ്രണ്ട് ഉജ്വൽ കുമാർ റോയ് പറഞ്ഞു. സുദേബിന് ഒന്നിലധികം തവണ കുത്തേറ്റതായും തലയിലും കഴുത്തിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നതായും പോലീസ് പറഞ്ഞു. സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.
അതേ സമയം തന്റെ മകന് ശത്രുക്കളില്ലെന്നും മകനെ ആരാണ് കൊന്നതെന്നും എന്തിനാണെന്നും മനസ്സിലാകുന്നില്ലെന്നും സുദേബിന്റെ പിതാവ് സുബോധ് ഹാൽദർ പറഞ്ഞു. പോലീസ് സത്യം പുറത്തുകൊണ്ടുവരണമെന്നും കൊലയാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഉറപ്പാക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു.
ഇതിനിടെ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന പീഡനങ്ങൾക്കിടയിൽ സുദേബിന്റെ കൊലപാതകം വീണ്ടും കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ബംഗബന്ധു പ്രകാശോലി പരിഷത്ത് സെക്രട്ടറി സുശാന്ത ദാസ് ഗുപ്ത സംഭവത്തിൽ പ്രതികരിച്ചു.
എല്ലാ ദിവസവും ബംഗ്ലാദേശിൽ കൊലപാതകങ്ങൾ നടക്കുന്നു. കൊല്ലപ്പെട്ട സുദേബ് ഹൽദറിന് ആരുമായും വ്യക്തിപരമായ ശത്രുത ഉണ്ടായിരുന്നില്ലെന്ന് ഞങ്ങൾ അന്വേഷിച്ച് കണ്ടെത്തി. അദ്ദേഹം ഹിന്ദുവായതു കൊണ്ട് മാത്രമാണ് കൊല്ലപ്പെട്ടതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇങ്ങനെ ഹിന്ദുക്കളെ കൊല്ലുന്നതിലൂടെ ഈ ബംഗ്ലാദേശ് ഹിന്ദുക്കളുടേതല്ല എന്ന സന്ദേശമാണ് നൽകുന്നത്. ഹിന്ദുക്കളെ ഭയപ്പെടുത്തി ബംഗ്ലാദേശ് വിട്ടുപോകാനാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് സുശാന്ത ദാസ് ഗുപ്ത പറഞ്ഞു.
ധാക്കയുടെ പതനത്തിനു ശേഷം ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ ആക്രമണം വർധിച്ചിരിക്കുകയാണ്. 2024 ഓഗസ്റ്റ് 5 ന് ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് ശേഷം ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങളുടെ കേസുകൾ വർധിച്ചിട്ടുണ്ട്. ധാക്ക തകർന്ന് മൂന്ന് ദിവസത്തിനുള്ളിൽ ഹിന്ദു ക്ഷേത്രങ്ങൾക്കും കടകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നേരെ 205 ആക്രമണങ്ങളെങ്കിലും ഉണ്ടായതായാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: